ബ്രിട്ടീഷ് പ്രധാനമന്ത്രിക്കായുള്ള മത്സരം: ലിസ് ക്യാമ്പിനെ ഞെട്ടിച്ച് വീണ്ടും റിഷി സുനകിന് മുന്നേറ്റം


AUGUST 4, 2022, 9:12 AM IST

ലണ്ടന്‍: ബ്രിട്ടന്റെ പ്രധാനമന്ത്രി പദത്തിലേക്കുള്ള പാര്‍ട്ടി സ്ഥാനാര്‍ത്ഥിയെ തെരഞ്ഞെടുക്കുന്ന അഭിപ്രായ വോട്ടെടുപ്പില്‍ ആദ്യം മുന്നിലായതിനുശേഷം പിന്നീട് പിന്തള്ളപ്പെട്ട ഇന്ത്യന്‍ വംശജന്‍ ഋഷി സുനക് വീണ്ടും മുന്നേറ്റം നടത്തുന്നു.  

അഭിപ്രായ വോട്ടെടുപ്പുകളില്‍ ഏറെ പുറകില്‍ നിന്ന ഋഷി സുനക് തികച്ചും അപ്രതീക്ഷിതമായാണ് മുന്നേറ്റം നടത്തിയത്. ഇത് പാര്‍ട്ടിയിലെ എതിരാളിയായ ലിസ് ട്രസ്സ് ക്യാമ്പിനെ ഞെട്ടിച്ചിരിക്കുകയാണ്. കഴിഞ്ഞയാഴ്ച്ച 38 ശതമാനം പേര്‍ ഋഷിയെ പിന്താങ്ങിയപ്പോള്‍ 62 ശതമാനം പേരായിരുന്നു ലിസ് ട്രസ്സിനൊപ്പം ഉണ്ടായിരുന്നത്. ഇതിനുപുറമെ മുന്‍ പ്രധാനമന്ത്രി ബോറിസ് ജോണ്‍സനെ പോലുള്ള പ്രബല നേതാക്കളുടെ പിന്തുണയും ട്രസ്സിന്റെ മുന്നേറ്റത്തെ സഹായിച്ചു. ഞൊടിയിടയിലാണ് കാര്യങ്ങള്‍ മാറിമറിഞ്ഞത്. ഈയാഴ്ച്ച നടന്ന അഭിപ്രായ സര്‍വ്വേയില്‍ 48 പേര്‍ ലിസ് ട്രസ്സിനെ അനുകൂലിച്ചപ്പോള്‍ 43 ശതമാനം പേരാണ് ഋഷിക്കൊപ്പം നിന്നത്.

തീരെ പുറകില്‍ കിടന്ന ഋഷിക്ക് ഈ കുതിപ്പ് സാധ്യമാക്കിയത് നികുതിയിളവുകള്‍ നല്‍കും എന്ന പ്രഖ്യാപനം തന്നെയാണെന്നാണ് വിലയിരുത്തുന്നത്. ഇതോടെ പ്രധാനമന്ത്രി പദത്തിലേക്കുള്ള ഋഷിയുടെ സാധ്യതകള്‍ വര്‍ദ്ധിച്ചതായും രാഷ്ട്രീയ നിരീക്ഷകര്‍ കണക്കുകൂട്ടുന്നു. അതിനിടയില്‍ ഋഷിക്ക് അനുഗ്രഹമായി ലിസ് ട്രസ്സിന്റെ മലക്കം മറിച്ചിലുമെത്തി. സിവില്‍ സര്‍വ്വീസ് ചെലവുകള്‍ പരമാവധി കുറക്കും എന്ന വാഗ്ദാനത്തില്‍ നിന്നാണ് കഴിഞ്ഞദിവസം ലിസ് ട്രസ്സ് പിന്‍വാങ്ങിയത്.

സിവില്‍ സര്‍വ്വീസ് ചെലവുകള്‍ നിയന്ത്രിക്കുന്നത് അധ്യാപകരുടെയും നഴ്സുമാരുടെയും പൊതു സേവകരുടെയുമെല്ലാം വേതനത്തെ പ്രതികൂലമായി ബാധിക്കും എന്ന ആശങ്ക ഉയര്‍ന്നതിനിടയിലായിരുന്നു ലിസ് ട്രസ്സ് തന്റെ ആ വാഗ്ദാനം പിന്‍വലിച്ചത്. അതുപോലെ, പലയിടങ്ങളിലും ഋഷിയുടെ ആശയങ്ങള്‍ക്കും പദ്ധതികള്‍ക്കും വിദ്യാസമ്പന്നര്‍ക്കിടയില്‍ സ്വീകാര്യത കൈവരിക്കുന്നതും ഋഷിക്ക് അനുകൂലമായ കാര്യങ്ങളായി നിരീക്ഷകര്‍ വിലയിരുത്തുന്നു. നികുതി ഇളവിനേക്കാള്‍, സാമ്പത്തിക സ്ഥിരത കൈവരിക്കാനുള്ള ഋഷിയുടെ ആശങ്ങള്‍ക്കായിരുന്നു യൂണിവേഴ്സിറ്റി ഓഫ് എക്സെറ്ററിലെ സദസ്യരില്‍ നിന്നും കൈയ്യടി നേടിയത്.

ടോറി നേതൃത്വത്തിലേക്കുള്ള തിരഞ്ഞെടുപ്പില്‍ അക്ഷരാര്‍ത്ഥത്തില്‍ തന്നെ ഒരു തിരിച്ചു വരവ് നടത്തിയിരിക്കുകയാണ് ഋഷി സുനാക് എന്ന മുന്‍ ചാന്‍സലര്‍. നേരത്തേ മത്സരത്തില്‍ പ്രാമുഖ്യം പുലര്‍ത്തിയിരുന്ന ലിസ് ട്രസ്സിന് ഇന്നലെ, മറ്റൊരു മത്സരാര്‍ത്ഥിയായിരുന്ന പെന്നി മോര്‍ഡൗണ്ടിന്റെ പിന്തുണ കൂടി ലഭിച്ചതോടെ കാര്യങ്ങള്‍ കൂടുതല്‍ എളുപ്പമാകുമെന്ന ഒരു ധാരണ പരന്നിരുന്നു. എന്നാല്‍ അതിനെയെല്ലാം തകര്‍ത്തുകൊണ്ടാണ് ഋഷി ഇപ്പോള്‍ ഒരു ഫീനിക്സ് പക്ഷിയെപോലെ ഉയര്‍ത്തെഴുന്നേറ്റിരിക്കുന്നത്.

സാവധാനത്തിലാണെങ്കിലും സ്ഥിരതയോടെ ഋഷിയുടെ ജനപ്രീതി ഉയരുകയാണെന്നാണ് രാഷ്ട്രീയ നിരീക്ഷകര്‍ അഭിപ്രായപ്പെടുന്നത്. ലിസ് ട്രസ്സിന് അതിവേഗം ജന സമ്മതി നേടാനായെങ്കിലും, അതേ വേഗത്തില്‍ അത് ഇല്ലാതാകുന്നതായും അനുഭവപ്പെടുന്നു. ലിസ്സ് ട്രസ്സ് ക്യാമ്പില്‍ പൊതുവെ അനുഭവപ്പെടുന്നത് ഒരുതരം അസ്ഥിരതയാണ്. അതിനിടയാണ് 1 ബില്യണ്‍ പൗണ്ട് ലാഭിക്കാന്‍ പൊതു ചെലവുകള്‍ കുറക്കുമെന്ന ലിസ് ട്രസ്സിന്റെപ്രഖ്യാപനവും എത്തിയത്. ഇത് ബൂമറാംഗായി ലിസ്സിനുനേരെ  തന്നെ തിരിച്ചുവരികയായിരുന്നു.

അധ്യാപകരും, നഴ്സുമാരും ഉള്‍പ്പടെയുള്ള ജീവനക്കാരുടെ ശമ്പളം വെട്ടിച്ചുരുക്കാതെ ഇത് എങ്ങനെ സാധ്യമാകുമെന്ന ചോദ്യമായിരുന്നു വടക്കന്‍ മേഖലയില്‍ നിന്നുള്ള എംപിമാരും ഋഷിയുടെ ക്യാമ്പും ഉയര്‍ത്തിയത്. കഴിഞ്ഞ തെരഞ്ഞെടുപ്പില്‍ ലേബര്‍ കോട്ടയില്‍ നിന്നും വിജയിച്ചെത്തിയ കണ്‍സര്‍വേറ്റീവ് പാര്‍ട്ടിയുടെ എം പിമാര്‍ ഈ പ്രഖ്യാപനത്തിനെതിരെ ശക്തമായി രംഗത്ത് എത്തുകയും ചെയ്തു. ഇതോടെയായിരുന്നു ലിസ് ട്രസ്സ് ആ പ്രഖ്യാപനം പിന്‍വലിച്ചത്.അതോടെ നികുതി ഇളവിന്റെ കാര്യത്തില്‍ ഋഷി തകിടം മറഞ്ഞു എന്ന ആരോപണം ഉയര്‍ത്താനുള്ള ധാര്‍മ്മികമായ അധികാരം ലിസ് ട്രസ്സ് ക്യാമ്പിന് നഷ്ടപ്പെട്ടിരിക്കുകയാണ്. ഇതും ഋഷിക്ക് അനുകൂലമായ ഘടകമായി നിരീക്ഷകര്‍ ചൂണ്ടിക്കാണിക്കുന്നു. അന്തിമ വോട്ടിംഗിന് ഇനിയും ദിവസങ്ങള്‍ ബാക്കി നില്‍ക്കേ സാഹചര്യങ്ങളില്‍ ഇനിയും എന്തൊക്കെ മാറ്റങ്ങള്‍ വരുമെന്ന് കാത്തിരുന്ന് കാണേണ്ടതു തന്നെയാണ്. അഭിപ്രായ വോട്ടെടുപ്പില്‍ കുതിച്ചുയര്‍ന്നെങ്കിലും, ലിസ് ട്രസ്സിനെ മറികടക്കാന്‍ ഇനിയും ഋഷിക്ക് ആയിട്ടില്ല എന്നതും ഒരു വാസ്തവമാണ്.

Other News