വംശീയതയ്ക്കല്ല മെറിറ്റിനാണ് പ്രാധാന്യമെന്ന് റിഷി സുനക്


AUGUST 1, 2022, 6:38 PM IST

ലണ്ടന്‍: ബ്രിട്ടീഷ് പ്രധാനമന്ത്രി സ്ഥാനത്തേക്കുള്ള മത്സരത്തില്‍ വംശീയതയ്ക്കല്ല മെറിറ്റിനാണ് പ്രാധാന്യം നല്‍കുന്നതെന്ന് സ്ഥാനാര്‍ഥികളിലൊരാളായ റിഷി സുനക്.  പ്രധാനമന്ത്രിയാകാന്‍ കൂടുതല്‍ യോഗ്യന്‍ ആരാണെന്ന ചോദ്യമാണ് ഉന്നയിക്കുന്നതെന്നും വംശീയതയ്ക്ക് മാത്രമല്ല ലിംഗഭേദത്തിനും സ്ഥാനമില്ലെന്നും പറഞ്ഞു. 

ബോറിസ് ജോണ്‍സന്റെ പിന്‍ഗാമിയായി പുതിയ പ്രധാനമന്ത്രിയെ തെരഞ്ഞെടുക്കുന്നതിന് വോട്ട് ചെയ്യാനുള്ള കണ്‍സര്‍വേറ്റീവ് പാര്‍ട്ടിയുടെ തീരുമാനത്തില്‍ വംശീയത ഘടകമല്ലെന്ന അഭിപ്രായമാണ് റിഷി സുനകിനുള്ളത്.  ആരുടെയെങ്കിലും തീരുമാനത്തില്‍ വംശീയത ഒരു ഘടകമാണെന്ന് താന്‍ വിശ്വസിക്കുന്നില്ലെന്നു പറഞ്ഞ അദ്ദേഹം താന്‍ പാര്‍ലമെന്റംഗമായി തെരഞ്ഞെടുക്കപ്പെട്ട കാര്യം ഉദാഹരണമായി ചൂണ്ടിക്കാട്ടി. 

റിഷി സുനക്. വിജയിച്ചാല്‍ ബ്രിട്ടന്റെ ചരിത്രത്തിലെ ആദ്യത്തെ ഇന്ത്യന്‍ വംശജനായ പ്രധാനമന്ത്രിയാവും അദ്ദേഹം. ഇന്‍ഫോസിസ് സഹ സ്ഥാപകന്‍ നാരായണ മൂര്‍ത്തിയുടെ മരുമകനാണ് റിഷി സുനക്.

രാജി വെച്ച പ്രധാനമന്ത്രി ബോറിസ് ജോണ്‍സന്റെ കണ്‍സര്‍വേറ്റീവ് പാര്‍ട്ടിയില്‍ നിന്ന് തന്നെയുള്ള റിഷി സുനക് പ്രധാനമന്ത്രി സ്ഥാനാര്‍ഥിത്വത്തിന് പാര്‍ട്ടി എം പിമാര്‍ക്കിടയില്‍ നടത്തിയ ആദ്യ മൂന്നുഘട്ട വോട്ടെടുപ്പുകളിലും ഒന്നാമതെത്തിയിരുന്നു. ബ്രിട്ടന്റെ വിദേശകാര്യ സെക്രട്ടറി ലിസ് ട്രസും റിഷി സുനകുമാണ് പ്രധാനമന്ത്രി സ്ഥാനത്തേക്കുള്ള അവസാനഘട്ടത്തില്‍  മത്സരിക്കുന്നത്.

ജോണ്‍സണ്‍ പ്രധാനമന്ത്രി സ്ഥാനത്ത് നിന്ന് രാജി വെച്ചുവെങ്കിലും ഭരണകക്ഷിയായ കണ്‍സര്‍വേറ്റീവ് പാര്‍ട്ടിയുടെ ഭൂരിപക്ഷത്തിന് കോട്ടമില്ലാത്തതിനാല്‍  അടുത്ത പ്രധാനമന്ത്രിയും പാര്‍ട്ടിയില്‍ നിന്നുള്ള അംഗം തന്നെയായിരിക്കും എന്ന് നേരത്തെ തന്നെ ഉറപ്പിച്ചിരുന്നു. പുതിയ പ്രധാനമന്ത്രി സ്ഥാനമേല്‍ക്കുന്നതിന്റെ നടപടിക്രമങ്ങള്‍ ഒക്ടോബര്‍ വരെയാണ് നീണ്ടുനില്‍ക്കുക.

Other News