അനധികൃതമായി യു കെയില്‍ എത്തുന്നവര്‍ക്ക് അഭയം ലഭിക്കില്ലെന്ന് ഋഷി സുനക്


MARCH 8, 2023, 9:22 PM IST

ലണ്ടന്‍: അനധികൃതമായി യു കെയിലേക്ക് കടക്കാന്‍ ശ്രമിക്കുന്നവര്‍ക്ക് അഭയം അനുവദിക്കില്ലെന്ന് ബ്രിട്ടീഷ് പ്രധാനമന്ത്രി ഋഷി സുനക്. വ്യാജ മനുഷ്യാവകാശ വാദങ്ങള്‍ ഉപയോഗിച്ച് രാജ്യത്ത് തുടരാന്‍ സാധിക്കില്ലെന്നും ഇത്തരക്കാരെ ബഹിഷ്‌ക്കരിക്കുമെന്നും അദ്ദേഹം പറഞ്ഞു. 

അനധികൃതമായി കുടിയേറുന്നവര്‍ക്ക് ആധുനിക അടിമത്ത സംരക്ഷണ നയങ്ങള്‍ ഉപയോഗപ്പെടുത്താന്‍ സാധിക്കില്ലെന്നും പ്രധാനമന്ത്രി പറഞ്ഞു. ഇത്തരത്തില്‍ പിടിക്കപ്പെടുന്നവരെ സ്വന്തം നാട്ടിലേക്ക് പറഞ്ഞയക്കുകയോ സുരക്ഷിതമായ മറ്റൊരു രാജ്യത്തേക്ക് മാറ്റുകയോ ചെയ്യുമെന്നും ഋഷി സുനക് പറഞ്ഞു. 

അനധികൃതമായി യു കെയില്‍ എത്തുന്നവര്‍ ചെയ്യുന്നത് നിയമപരമായി രാജ്യത്തേക്ക് കടന്നുവരുന്നവരോട് അനീതി കാണിക്കുകയാണെന്നും അദ്ദേഹം പറഞ്ഞു. 

ബ്രിട്ടീഷ് പാര്‍ലമെന്റ് ആഭ്യന്തര സെക്രട്ടറി സുവെല്ല ബ്രാവെര്‍മാന്‍ അവതരിപ്പിച്ച അനധികൃത കുടിയേറ്റ ബില്ലില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. അനധികൃത മാര്‍ഗ്ഗങ്ങളിലൂടെ യു കെയില്‍ എത്തുന്നവരെ തടയാനുള്ള നിര്‍ദ്ദേശങ്ങളാമ് ബില്‍ മുന്നോട്ടുവെക്കുന്നത്. 

ദി ഗാര്‍ഡിയന്റെ റിപ്പോര്‍ട്ട് പ്രകാരം കഴിഞ്ഞ വര്‍ഷം മാത്രം നാല്‍പ്പത്തി അയ്യായിരം പേരാണ് ഇംഗ്ലീഷ് ചാനല്‍ കടന്ന് യു കെയില്‍ എത്തിയത്. ഇതില്‍ ഭൂരിഭാഗം പേരും താമസസൗകര്യം ഉറപ്പിക്കുകയും ചെയ്തു. ഈ വര്‍ഷം ഇത് ഉയര്‍ന്നേക്കാമെന്നാണ് യു കെ ഭരണകൂടം വിലയിരുത്തുന്നത്. ഈ വര്‍ഷം എണ്‍പതിയനായിരത്തോളം കുടിയേറ്റക്കാര്‍ എത്തുമെന്നാണ് യു കെ ആശങ്കപ്പെടുന്നത്. 

എന്നാല്‍ ബ്രിട്ടീഷ് സര്‍ക്കാറിന്റെ കുടിയേറ്റക്കാര്‍ക്കെതിരായ പദ്ധതിയില്‍ യു എന്‍ ഹൈക്കമ്മീഷന്‍ ഫോര്‍ മൈഗ്രന്റ്‌സ് ആശങ്ക അറിയിച്ചു. നിയമം പാസായാല്‍ യു കെയില്‍ അഭയാര്‍ഥികള്‍ക്ക് സംരക്ഷണം തേടാനുള്ള അവകാശം ഇല്ലാതാകുമെന്നും അത് ഭീതിജനകമാണെന്നും കമ്മീഷന്‍ ചൂണ്ടിക്കാട്ടി.

Other News