ലോകത്തെ ആദ്യ കോവിഡ് വാക്‌സിന്‍ റഷ്യയുടേതാകുമോ 


JULY 30, 2020, 3:50 AM IST

ലോകത്തിലെ ആദ്യ കോവിഡ് വാക്‌സിന്‍ റഷ്യയുടേതാകുമോ? പുതിയ റിപ്പോര്‍ട്ടുകള്‍ അങ്ങനെയാണ് സൂചിപ്പിക്കുന്നത്. ആഗസ്റ്റ് പത്തിന് റഷ്യ കോവിഡ് വാക്‌സിന്‍ പുറത്തിറക്കിയേക്കുമെന്നാണ് റിപ്പോര്‍ട്ട്. റഷ്യ തങ്ങളുടെ വാക്‌സിന്‍ ഗവേഷണ വിവരങ്ങള്‍ ഹാക്കര്‍മാരെ ഉപയോഗിച്ച് ചോര്‍ത്തുന്നതായി യു.കെ, യു.എസ്, കാനഡ എന്നീ രാജ്യങ്ങള്‍ ആരോപിച്ചിരുന്നു. അതിനു പിന്നാലെയാണ് റഷ്യന്‍ വാക്‌സിന്‍ ഉടന്‍ വിപണിയിലെത്തുന്നതായുള്ള വാര്‍ത്തകള്‍ വന്നത്. മോസ്‌കോയിലെ ജമാലേയ ഇന്‍സ്റ്റിറ്റ്യൂട്ടും റഷ്യന്‍ ഡയറക്ട് ഇന്‍വെസ്റ്റ്‌മെന്റ് ഫണ്ടും ചേര്‍ന്നു വികസിപ്പിച്ച വാക്‌സിന്‍ പൊതുജനങ്ങളില്‍ ഉപയോഗിക്കുന്നതിനുള്ള അനുമതി 3-7 ദിവസത്തിനുള്ളില്‍ ലഭിച്ചേക്കുമെന്നാണ് ബ്ലൂംബര്‍ഗ് റിപ്പോര്‍ട്ട് ചെയ്യുന്നത്. അതേസമയം, ഇക്കാര്യത്തില്‍ ഔദ്യോഗിക സ്ഥിരീകരണമില്ല. 

വാക്‌സിന്‍ ഗവേഷണവുമായി ബന്ധമുള്ളയാളെ ഉദ്ധരിച്ചാണ് ബ്ലൂംബര്‍ഗിന്റെ റിപ്പോര്‍ട്ട്. ആഗസ്റ്റ് 15, 16 തീയതകളിലെപ്പോഴെങ്കിലും വാക്‌സിന്‍ പുറത്തിറങ്ങുമെന്നായിരുന്നു ഔദ്യോഗിക വാര്‍ത്താ ഏജന്‍സിയായ ആര്‍.ഐ.എ നോവോസ്തി റിപ്പോര്‍ട്ട് ചെയ്തിരുന്നത്. എന്നാല്‍ നേരത്തെ നിശ്ചയിച്ചതിനേക്കാള്‍ അഞ്ച് ദിവസമെങ്കിലും മുമ്പ് വാക്‌സിന്‍ വിപണിയിലെത്തുമെന്നാണ് പുതിയ റിപ്പോര്‍ട്ട് വ്യക്തമാക്കുന്നത്. ജൂലൈ 27ന് മറ്റൊരു വാക്‌സിന്റെ പരീക്ഷണം തുടങ്ങിയതായും റിപ്പോര്‍ട്ടില്‍ പറയുന്നു. 

വിവിധ രാജ്യങ്ങളില്‍ വാക്‌സിന്‍ ഗവേഷണം നടക്കുന്നതിനിടെ, ആഗസ്റ്റ് 15ന് മുമ്പ് കൊവാക്‌സിന്‍ പുറത്തിറക്കണമെന്ന് ഇന്ത്യ ഗവേഷണ സ്ഥാപനങ്ങള്‍ക്ക് ഉത്തരവ് നല്‍കിയിരുന്നു. എന്നാല്‍ പറഞ്ഞ സമയത്തിനുള്ളില്‍ അത് സാധ്യമായേക്കില്ലെന്നാണ് പുതിയ റിപ്പോര്‍ട്ടുകള്‍. 

Other News