കോവിഡാനന്തരം പുനഃരാരംഭിച്ച് സ്‌പെയിനിലെ തക്കാളിയേറ് 


SEPTEMBER 2, 2022, 9:25 PM IST

മാഡ്രിഡ്: കോവിഡിനെ തുടര്‍ന്ന് മുടങ്ങിയിരുന്ന സ്‌പെയിനിലെ തക്കാളിയേറ് മല്‍സരം വലന്‍സിയയിലെ ബനോളില്‍ നടന്നു.  മല്‍സരങ്ങളില്‍ പങ്കെടുക്കാന്‍ പതിനായിരങ്ങളാണ് തെരുവിലേക്ക് ഒഴുകിയെത്തിയത്. ഉച്ചയോടെ തന്നെ വലന്‍സിയയിലെ തെരുവുകള്‍ ജനങ്ങളെക്കൊണ്ട് നിറഞ്ഞിരുന്നു. ട്രക്കുകളില്‍ ടണ്‍ കണക്കിന് തക്കാളിയാണെത്തിയത്. 

ലാ ടൊമാറ്റിന എന്നറിയപ്പെടുന്ന മല്‍സരം എല്ലാ വര്‍ഷവും ഓഗസ്റ്റ് മാസത്തിലെ അവസാന ബുധനാഴ്ചയാണ് സംഘടിപ്പിക്കുക. ഇത്തവണയും നഗരത്തിലെ തെരുവുകള്‍ ചുവന്നു തുടുത്തു. മല്‍സരം എന്നതിലുപരി സ്‌പെയിനിലെ വലിയ ആഘോഷമാണ് തക്കാളിയേറ്.

നൃത്തവും പാട്ടും പരേഡും ഉള്‍പ്പെടെ ഒരാഴ്ച ഇത് നീണ്ടുനില്‍ക്കും. സ്‌പെയിനില്‍ കൂടുതല്‍ വിനോദസഞ്ചാരികള്‍ എത്തുന്ന സമയം കൂടിയാണിത്. തിരക്ക് നിയന്ത്രിക്കാന്‍ 2013 മുതല്‍ ടിക്കറ്റ് നിര്‍ബന്ധമാക്കിയിട്ടുണ്ട്. ടിക്കറ്റെടുത്തവര്‍ ട്രക്കുകളിലിരുന്നും മല്‍സരത്തില്‍ പങ്കെടുത്തു.

Other News