കോവിഡ് ബാധിച്ച കുട്ടികളില്‍ രോഗം മാറിയാലും ലക്ഷണങ്ങള്‍ ആഴ്ചകളോളം നിലനില്‍ക്കുന്നെന്ന് പഠനം


SEPTEMBER 1, 2021, 11:08 PM IST

ലണ്ടന്‍: കുട്ടികളില്‍ കോവിഡ് പോസിറ്റീവ് കണ്ടെത്തി മാസങ്ങള്‍ക്കു ശേഷവും ഏഴിലൊരാള്‍ക്ക് കൊറോണ വൈറസുമായി ബന്ധപ്പെട്ട ലക്ഷണങ്ങള്‍ ഉണ്ടാവുമെന്ന് കൗമാരക്കാരിലെ രോഗബാധയെ കുറിച്ച് പഠനം നടത്തിയവര്‍. കുട്ടികള്‍ അപൂര്‍വ്വമായി മാത്രമേ കോവിഡ് ബാധിതരാകാറുള്ളുവെങ്കിലും നീണ്ടുനില്‍ക്കുന്ന ലക്ഷണങ്ങള്‍ അവര്‍ക്കുണ്ടാകാറുണ്ടെന്നും പഠനം പറയുന്നു. 

യൂണിവേഴ്‌സിറ്റി കോളജ് ലണ്ടന്റേയും പബ്ലിക്ക് ഹെല്‍ത്ത് ഇംഗ്ലണ്ടിന്റേയും നേതൃത്വത്തിലാണ് പഠനം നടത്തിയത്. കൊറോണ വൈറസ് ബാധിച്ച 11 മുതല്‍ 17 വയസ്സ് വരെയുള്ള കുട്ടികളിലാണ് പഠനം നടത്തിയത്. കോവിഡ് നെഗറ്റീവായതിന് 15 ആഴ്ചകള്‍ക്ക് ശേഷവും മൂന്നോ അതിലധികമോ രോഗലക്ഷണങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യാന്‍ ഇരട്ടി സാധ്യതയുണ്ടെന്നാണ് പഠനം കണ്ടെത്തിയത്. 

കോവിഡ് പോസിറ്റീവ് കണ്ടെത്തിയ 14 ശതമാനം പേരിലും അസാധാരണമായ ക്ഷീണോ തലവേദനയോ പോലുള്ള ലക്ഷണങ്ങള്‍ 15 ആഴ്ചകള്‍ക്ക് ശേഷവും ഗവേഷകര്‍ക്ക് കണ്ടെത്താനായി. എന്നാല്‍ കുട്ടികളില്‍ കോവിഡ് ബാധിക്കുമെന്ന് ഭയന്നതിലും കുറവു പേര്‍ക്ക് മാത്രമാണ് കഴിഞ്ഞ വര്‍ഷം രോഗബാധയുണ്ടായത്.

Other News