ലണ്ടന്‍: 10 ഡൗണിംഗ് സ്ട്രീറ്റ് എന്ന വിലാസം കണ്ടപ്പോള്‍ യു കെയിലെ ഇമിഗ്രേഷന്‍ ഓഫിസര്‍ തന്നെ അവിശ്വസനീയമായി നോക്കിയെന്നും 'നിങ്ങള്‍ തമാശ പറയുകയാണോ?' എന്ന് ചോദിച്ചുവെന്നും സുധ മൂര്‍ത്തി. എഴുത്തുകാരി കൂടിയായ സുധാമൂര്‍ത്തി ആദ്യ ഇന്ത്യന്‍ വംശജനായ പ്രധാനമന്ത്രി ഋഷി സുനക്കിന്റെ ഭാര്യാ മാതാവാണെന്ന് വിശ്വസിക്കാന്‍ പലരും തയ്യാറല്ല.
ഇന്‍ഫോസിസ് സഹസ്ഥാപകനും വ്യവസായിയുമായ നാരായണമൂര്‍ത്തിയുടെ ഭാര്യയായ സുധാ മൂര്‍ത്തി വ്യത്യസ്തമായാണ് അറിയപ്പെടുന്നത്.
''ദി കപില്‍ ശര്‍മ്മ ഷോ''യുടെ എപ്പിസോഡിലാണ് 72കാരിയായ സുധാ മൂര്‍ത്തി '10 ഡൗണിംഗ് സ്ട്രീറ്റ്' എന്ന് എഴുതിയപ്പോള്‍ തന്റെ താമസ വിലാസം വിശ്വസിക്കാന്‍ വിസമ്മതിച്ച ഇമിഗ്രേഷന്‍ ഓഫീസറെക്കുറിച്ചുള്ള കഥ പങ്കുവച്ചത്. 10 ഡൗണിംഗ് സ്ട്രീറ്റ് യുണൈറ്റഡ് കിംഗ്ഡത്തിന്റെ പ്രധാനമന്ത്രിയുടെ ഔദ്യോഗിക വസതിയും ഓഫീസുമാണ്. സുധ മൂര്‍ത്തിയുടെ മകള്‍ അക്ഷതയെ വിവാഹം കഴിച്ചത് നിലവില്‍ 10 ഡൗണിംഗ് സ്ട്രീറ്റില്‍ താമസിക്കുന്ന ഋഷി സുനക്കാണ്!
''ഒരിക്കല്‍ ഞാന്‍ പോയപ്പോള്‍ അവര്‍ എന്നോട് താമസസ്ഥലം ചോദിച്ചു. 'നിങ്ങള്‍ ലണ്ടനില്‍ എവിടെയാണ് താമസിക്കുന്നത്?' എന്റെ മൂത്ത സഹോദരി എന്റെ കൂടെയുണ്ടായിരുന്നു, '10 ഡൗണിംഗ് സ്ട്രീറ്റ്' എഴുതണമെന്ന് ഞാന്‍ കരുതി. എന്റെ മകനും അവിടെ താമസിക്കുന്നു (യു കയില്‍), പക്ഷേ അവന്റെ പൂര്‍ണ്ണമായ വിലാസം ഞാന്‍ ഓര്‍ത്തില്ല. അതുകൊണ്ട് ഞാന്‍ 10 ഡൗണിംഗ് സ്ട്രീറ്റ് എന്നെഴുതി''- സുധാമൂര്‍ത്തി ജനപ്രിയ ഷോയില്‍ അനുസ്മരിച്ചു.
ഇമിഗ്രേഷന്‍ ഓഫീസര്‍ അവിശ്വസനീയതയോടെ അവളെ നോക്കി, 'നിങ്ങള്‍ തമാശ പറയുകയാണോ?' എന്ന ചോദ്യം ഉയര്‍ത്തിയപ്പോള്‍ 'നഹി, സച്ചി ബോല്‍ത്തി ഹു' (അല്ല, ഞാന്‍ നിങ്ങളോട് സത്യമാണ് പറയുന്നത്) എന്നാണ് മറുപടി നല്കിയത്.