സുനകിന്റെ നായ പട്ടയില്ലാതെ വിലസി; വീണ്ടും കുഴപ്പത്തില്‍ ചാടി ഋഷി സുനക്


MARCH 15, 2023, 8:33 PM IST

ലണ്ടന്‍: നായ്ക്കള്‍ക്ക് സ്വതന്ത്രമായി വിഹരിക്കാന്‍ അനുവാദമില്ലാത്ത ഹൈഡ് പാര്‍ക്കില്‍ തങ്ങളുടെ നായയെ പട്ടപോലുമില്ലാതെ നടത്തിച്ച യു കെ പ്രധാനമന്ത്രി ഋഷി സുനകും ഭാര്യ അക്ഷതാ മൂര്‍ത്തിയും വീണ്ടും കുഴപ്പത്തില്‍ ചാടി. പ്രധാനമന്ത്രിയേയും ഭാര്യയേയും പൊലീസ് നിയമങ്ങള്‍ ഓര്‍മിപ്പിച്ചതായി ഉദ്യോഗസ്ഥന്‍ പറഞ്ഞു. 

ടിക്ടോകില്‍ പോസ്റ്റ് ചെയ്ത ക്ലിപ്പില്‍ സുനക്കിന്റെ രണ്ട് വയസ്സുള്ള ലാബ്രഡോര്‍ റിട്രീവര്‍ നോവ സര്‍പ്പന്റൈന്‍ തടാകത്തിനരികില്‍ അലഞ്ഞുതിരിയുന്നത് കാണപ്പെടുകയായിരുന്നു. പ്രദേശവാസികള്‍ക്ക് ശല്യമാകാതിരിക്കാന്‍ നായ്ക്കളെ സൂക്ഷിക്കണമെന്ന ഇവിടെ മുന്നറിയിപ്പുകള്‍ പ്രദര്‍ശിപ്പിച്ചിട്ടുണ്ടെന്നും ടെലഗ്രാഫ് പത്രം റിപ്പോര്‍ട്ട് ചെയ്തു. 

42കാരനായ ഇന്ത്യന്‍ വംശജനായ പ്രധാനമന്ത്രിയും കുടുംബവും സെന്‍ട്രല്‍ ലണ്ടനിലെ ഹൈഡ് പാര്‍ക്കിലെ നിയമങ്ങള്‍ ലംഘിക്കുന്നതായി കണ്ടെത്തി. പ്രധാനമന്ത്രിയുടെ സുരക്ഷാ സംഘത്തിലെ പൊലീസ് ഉദ്യോഗസ്ഥനാണ് നിയമം ഓര്‍മിപ്പിച്ചതെന്ന് ബി ബി സി റിപ്പോര്‍ട്ട് ചെയ്യുന്നു. 

വീഡിയോ എപ്പോഴാണ് ചിത്രീകരിച്ചതെന്ന് വ്യക്തമല്ല. 

സുനക് മാപ്പ് പറയുമോ എന്ന ചോദ്യത്തിന് വീഡിയോയെക്കുറിച്ച് പ്രതികരിക്കാനില്ലെന്ന് ഡൗണിംഗ് സ്ട്രീറ്റ് വക്താവ് പറഞ്ഞു.

ഇതാദ്യമായല്ല ഒരു വീഡിയോ പ്രധാനമന്ത്രിയെ കുഴപ്പത്തിലാക്കുന്നത്. ഓടുന്ന കാറില്‍ സീറ്റ് ബെല്‍റ്റ് ധരിക്കാത്തതിന് സുനക്കിന് പൊലീസ് പിഴ ചുമത്തി രണ്ട് മാസത്തിനുള്ളിലാണ് പുതിയ സംഭവം അരങ്ങേറിയത്.

Other News