ആഗോള ടൂറിസ്റ്റുകളെ സ്വീകരിക്കാനൊരുങ്ങി സ്വിറ്റ്‌സര്‍ലന്‍ഡ്; ഇന്ത്യ പുറത്ത്


JULY 27, 2020, 1:14 AM IST

മുംബൈ: കോവിഡിനെ കുറിച്ചുള്ള പരിഭ്രാന്തിക്ക് യൂറോപ്പില്‍ കുറവു വന്നതോടെ ആഗോള ടൂറിസ്റ്റുകള്‍ക്കായി സ്വിറ്റ്‌സര്‍ലന്‍ഡ്  വാതില്‍ തുറന്നു. എന്നാല്‍ ഇന്ത്യക്കാരെ പ്രവേശിപ്പിക്കില്ല. 

യൂറോപ്യന്‍ യൂണിയന്റെ മാര്‍ഗ്ഗനിര്‍ദ്ദേശങ്ങള്‍ക്കനുസൃതമായി ജൂലൈ 20 മുതലാണ് സ്വിറ്റ്‌സര്‍ലന്‍ഡ് ടൂറിസ്റ്റുകള്‍ക്കുള്ള നിയന്ത്രണങ്ങള്‍ നീക്കിയത്. യൂറോപ്യന്‍ രാജ്യങ്ങള്‍ക്ക് പുറമെ 21 രാജ്യങ്ങളില്‍ നിന്നുള്ള യാത്രക്കാര്‍ക്കുള്ള നിയന്ത്രണങ്ങളാണ് നീക്കം ചെയ്തത്. നിലവില്‍ ലോകത്ത് ഏറ്റവും കോവിഡ് ബാധിതരില്‍ മൂന്നാം സ്ഥാനത്തുള്ള ഇന്ത്യയെ പട്ടികയില്‍ നിന്നും ഒഴിവാക്കിയിട്ടുണ്ട്. 

കോവിഡ് വ്യാപനത്തിന്റെ ആഘാതം കുറക്കാന്‍ സാധിച്ച ലോകത്തിലെ അപൂര്‍വ്വം രാജ്യങ്ങളിലൊന്നാണ് സ്വിറ്റ്‌സര്‍ലാന്റ്. ചില പ്രദേശങ്ങളില്‍ നിന്നുള്ള യാത്രക്കാര്‍ക്ക് സ്വിറ്റ്‌സര്‍ലാന്റിലെത്തിയാല്‍ പത്തു ദിവസം ക്വാറന്റൈനില്‍ കഴിയേണ്ടി വരും. സ്വിറ്റ്‌സര്‍ലാന്റിലെത്തുന്ന യാത്രക്കാര്‍ക്ക് സ്വന്തം ചെലവിലാണ് ക്വാറന്റൈനില്‍ കഴിയേണ്ടി വരിക. 

ഇന്ത്യക്കാര്‍ക്ക് സ്വിറ്റ്‌സര്‍ലാന്റ് സന്ദര്‍ശിക്കാനാവുന്ന തിയ്യതി തങ്ങളിതുവരെ തീര്‍ച്ചപ്പെടുത്തിയിട്ടില്ലെന്ന് മുംബൈയിലെ സ്വിറ്റ്‌സര്‍ലാന്റ് ടൂറിസം വക്താവ് അറിയിച്ചു. 

അതിര്‍ത്തികള്‍ തുറക്കുന്നതിനും നിയമങ്ങളില്‍ ഇളവ് വരുത്തുന്നതിനും പുറമേ സ്വിറ്റ്‌സര്‍ലാന്റില്‍ ക്ലീന്‍ ആന്റ് സേഫ് കാമ്പയിന്‍ ആരംഭിച്ചതായും ടൂറിസം സ്ഥാപനങ്ങള്‍ ഇതുമായി ബന്ധപ്പെട്ട കാര്യങ്ങള്‍ പിന്തുടരണമെന്നും സ്വിറ്റ്‌സര്‍ലാന്റ് ടൂറിസം ഇന്ത്യ ഡെപ്യൂട്ടി ഡയറക്ടര്‍ റിതു ശര്‍മ പറഞ്ഞു. 

ജൂണ്‍ 15ന് സ്വിറ്റ്‌സര്‍ലന്‍ഡ് ഷെംഗന്‍ മേഖലയില്‍ നിന്നും മറ്റുള്ളവയില്‍ നിന്നുമുള്ള യാത്രക്കാര്‍ക്കായി തുറന്ന സ്വിറ്റ്‌സര്‍ലാന്റ് അഞ്ച് ദിവസങ്ങള്‍ക്ക് സേഷമാണ് ലോകത്തിലെ അന്‍പതോളം വലുതും ചെറുതുമായ രാജ്യങ്ങള്‍ക്കായി തങ്ങളുടെ വാതിലുകള്‍ തുറന്നത്.

Other News