കാബൂള്‍: താലിബാന് തടവിലാക്കിയ അഞ്ച് ബ്രിട്ടീഷ് പൗരന്മാരെ ബ്രിട്ടീഷ് ഫോറിന് ഓഫിസിന്റെ ബാക്ക്റൂം ഡിപ്ലോമസിക്ക് ശേഷം താലിബാന് മോചിപ്പിച്ചു. ബി ബി സി മുന്‍ ക്യാമറാമാനും അഫ്ഗാനിസ്ഥാന് വിദഗ്ധനുമായ പീറ്റര്‍ ജുവനല്‍ ഉള്‍പ്പെടെയുള്ളവരാണ് മോചിപ്പിക്കപ്പെട്ടത്. കഴിഞ്ഞ ഡിസംബര്‍ മുതല്‍ തടവിലായിരുന്നു ഇവര്‍.
അഞ്ചുപേരേയും വെവ്വേറെയാണ് താലിബാന് പിടികൂടിയത്. ഇവരുടെ മോചനത്തിന് മാപ്പ് പറയുകയല്ലാതെ മറ്റൊന്നും പകരം നല്‍കിയിട്ടില്ലെന്ന് ബ്രിട്ടീഷ് വൃത്തങ്ങള്‍ അറിയിച്ചു.
മോചിപ്പിക്കപ്പെട്ട മറ്റുള്ളവരുടെ പേരുവിവരങ്ങള്‍ പുറത്തുവിടില്ലെന്ന് ബ്രിട്ടീഷ് വൃത്തങ്ങള്‍ അറിയിച്ചു. നിലവില്‍ ബ്രിട്ടീഷുകാരാരും താലിബാന്റഫെ പിടിയിലില്ലെന്നും സ്ഥിരീകരിച്ചു.
അഫ്ഗാനിസ്ഥാനില്‍ തടവിലാക്കിയ അഞ്ച് പൗരന്മാരുടെ മോചനം യു കെ ഉറപ്പാക്കിയതില്‍ സന്തോഷമുണ്ടെന്ന് വിദേശകാര്യ സെക്രട്ടറി ലിസ് ട്രസ് ട്വീറ്റ് ചെയ്തു.
പിടിക്കപ്പെട്ട ബ്രിട്ടീഷ് പൗരന്മാര്ക്ക് അഫ്ഗാനിസ്ഥാനിലെ യു കെ ഗവണ്മെന്റിന്റെ പ്രവര്‍ത്തനങ്ങളില്‍ യാതൊരു പങ്കുമില്ലെന്നും യു കെ സര്‍ക്കാറിന്റെ യാത്രാ ഉപദേശത്തിന് വിരുദ്ധമായി അഫ്ഗാനിസ്ഥാനിലേക്ക് യാത്ര ചെയ്തത് തെറ്റാണെന്നും ബന്ധപ്പെട്ടവര്‍ അറിയിച്ചു.
ബ്രിട്ടീഷ് പൗരന്മാരുടെ കുടുംബങ്ങളെ പ്രതിനിധീകരിച്ച് അഫ്ഗാന് സംസ്ക്കാരം, ആചാരങ്ങള്‍, നിയമങ്ങള്‍ എന്നിവയില്‍ ഏതെങ്കിലും ലംഘനത്തിന് ക്ഷമാപണം പ്രകടിപ്പിക്കുന്നതായും ഭാവിയില്‍ നല്ല പെരുമാറ്റത്തിന് ഉറപ്പ് നല്‍കുന്നതായും സംഭവത്തില്‍ യു കെ സര്‍ക്കാര്‍ ഖേദിക്കുന്നതായും വിശദമാക്കി.