ബ്രിട്ടനില്‍ കോവിഡ് കേസുകള്‍ കുറയുന്നു


APRIL 11, 2021, 9:09 AM IST

ലണ്ടന്‍: ബ്രിട്ടനില്‍ കോവിഡ് ഭീതിയില്ലാതെ സമ്മര്‍ ആഘോഷിക്കാനാവുമെന്ന പ്രതീക്ഷ ശക്തമാക്കി പ്രതിദിന കോവിഡ് കേസുകളില്‍ കുറവ് രേഖപ്പെടുത്തി. ഇന്നലെ 3150 പുതിയ കോവിഡ് കേസുകളും 60 മരണങ്ങളും സ്ഥിരീകരിച്ചു. കഴിഞ്ഞ വെള്ളിയാഴ്ച 3402 കോവിഡ് കേസുകള്‍ രേഖപ്പെടുത്തിയതുമായി താരതമ്യപ്പെടുത്തുമ്പോള്‍ 7.4 ശതമാനം ഇടിവുണ്ടായെങ്കിലും കഴിഞ്ഞ വെള്ളിയാഴ്ച 52 കോവിഡ് മരണങ്ങളുമായി താരതമ്യപ്പെടുത്തുമ്പോള്‍ ഇന്നലെ 15.4 ശതമാനം വര്‍ധനവാണുണ്ടായിരിക്കുന്നത്.

ദൈനദിന കണക്കുകളില്‍ ഏറ്റക്കുറച്ചിലുകളുണ്ടെങ്കിലും രാജ്യത്തെ കോവിഡ് തരംഗം ചുരുങ്ങുന്നതാണ് പൊതുവെയുള്ള പ്രവണതയെന്നാണ് ഔദ്യോഗിക കണക്കുകള്‍ വെളിപ്പെടുത്തുന്നത്. രാജ്യമാകമാനം നല്ല നിലയില്‍ പുരോഗതിച്ച് വരുന്ന കോവിഡ് വാക്സിനേഷനും കര്‍ക്കശമായ ലോക്ക്ഡൗണും കാരണമാണ് രോഗത്തെ ഈ നിലയില്‍ പിടിച്ച് കെട്ടാന്‍ സാധിച്ചത് . വ്യാഴാഴ്ച രാജ്യമാകമാനം 5,50,000 കോവിഡ് വാക്സിനുകളാണ് വിതരണം ചെയ്തിരിക്കുന്നത്.

ഇതോടെ രാജ്യത്ത് 32 മില്യണോളം പേര്‍ക്കാണ് കോവിഡ് വാക്സിന്റെ ആദ്യ ഡോസ് ലഭിച്ചിരിക്കുന്നത്. വാക്സിന്റെ രണ്ട് ഡോസുകളും ലഭിച്ചിരിക്കുന്നവരുടെ എണ്ണം 6.5 മില്യണായിത്തീര്‍ന്നിട്ടുമുണ്ട്. ഇംഗ്ലണ്ടില്‍ വൈറസിന്റെ റീ പ്രൊഡക്ഷന്‍ നിരക്ക് നിലവില്‍ 0.8നും 1.0നും മധ്യേയാണെന്നാണ് നമ്പര്‍ പത്തിലെ മുതിര്‍ന്ന സയന്റിസ്റ്റുകള്‍ പറയുന്നത്.

സ്‌കൂളുകള്‍ തുറന്നതിനെ തുടര്‍ന്ന് കേസുകള്‍ വര്‍ധിച്ചത് ആര്‍ നിരക്കില്‍ നേരിയ വര്‍ധനവ് വരുന്നതിന് കാരണമായിട്ടുണ്ടെങ്കിലും അപകടാവസ്ഥയില്ലെന്നാണ് സയന്റിസ്റ്റുകള്‍ എടുത്ത് കാട്ടുന്നത്. തിങ്കളാഴ്ച മുതല്‍ ലോക് ഡൗണ്‍ ഇളവുകള്‍ പ്രാബല്യത്തില്‍ വരുകയാണ്. ഇത് കോവിഡ് വ്യാപനത്തെ ഏത് വിധത്തില്‍ ബാധിക്കുമെന്ന കാര്യത്തില്‍ ഭിന്നാഭിപ്രായമാണുള്ളത്.

Other News