ബ്രിട്ടനില്‍ കോവിഡ് മരണങ്ങള്‍ അരലക്ഷം കടന്നു; ഇന്നലെ മരിച്ചവരിലും ഒരു മലയാളി


NOVEMBER 12, 2020, 12:13 PM IST

ലണ്ടന്‍: ബ്രിട്ടനില്‍ കോവിഡ് മരണങ്ങള്‍ അരലക്ഷം കടന്നു. ഒരു മലയാളി ഉള്‍പ്പെടെ 595 പേരാണ് കഴിഞ്ഞ 24 മണിക്കൂറിനിടെ മരിച്ചത്.  

ബര്‍മിങ്ങാമില്‍ താമസിക്കുന്ന പത്തനംതിട്ട സ്വദേശി ഹര്‍ഷന്‍ ശശിയാണ് ഇന്നലെ കോവിഡ് ബാധിച്ച് മരിച്ച മലയാളി. ഇദ്ദേഹത്തിന് 70 വയസായിരുന്നു. ബര്‍മിങ്ങാമിലെ ഒരു പെട്രോള്‍ സ്റ്റേഷനിലും ഗ്രോസറി ഷോപ്പിലും ജോലി ചെയ്തിരുന്ന ഹര്‍ഷന്‍ ഒറ്റയ്ക്കാണ് താമസിച്ചിരുന്നത്. കുടുബാംഗങ്ങള്‍ ലണ്ടനിലാണ്. ബ്രിട്ടനില്‍ രണ്ടാം രോഗവ്യാപനത്തിനിടെ ജീവന്‍ നഷ്ടമാകുന്ന മൂന്നാമത്തെ മലയാളിയാണ് ഹര്‍ഷന്‍. ഏപ്രില്‍ - മേയ് മസങ്ങളില്‍ 18 മലയാളികളുടെ ജീവനാണ് കോവിഡില്‍ പൊലിഞ്ഞത്.

കോവിഡിന്റെ രണ്ടാംവരവില്‍ ദിവസംതോറും രോഗികളുടെ എണ്ണവും മരണനിരക്കും കൂടിവരുന്ന സ്ഥിതിയാണ് ബ്രിട്ടനിലെങ്ങും. ലോക്ക്ഡൗണ്‍ രോഗവ്യാപനത്തിന്റെ തോത് കാര്യമായി കുറയ്ക്കുന്നില്ല എന്നാണ് കണക്കുകള്‍ വ്യക്തമാക്കുന്നത്.

സര്‍ക്കാരിന്റെ ഔദ്യോഗിക കണക്കനുസരിച്ച് ബ്രിട്ടനില്‍ ഇതുവരെ കോവിഡ് ബാധിച്ച് മരിച്ചത് 50,365 പേരാണ്. എന്നാല്‍ യഥാര്‍ഥ മരണസംഖ്യ ഇതിലും ഏറെയാണെന്നാണ് വിവിധ ചാരിറ്റികളുടെയും ഓഫിസ് ഓഫ് നാഷണല്‍ സ്റ്റാറ്റിസ്റ്റിക്‌സിന്റെയും മറ്റും കണക്ക്.

കോവിഡ് മരണങ്ങള്‍ 50,000 കടന്ന യൂറോപ്പിലെ ആദ്യത്തെയും ലോകത്തെ അഞ്ചാമത്തെയും രാജ്യമാണ് ബ്രിട്ടന്‍. അമേരിക്ക, ബ്രസീല്‍, ഇന്ത്യ, മെക്‌സിക്കോ എന്നീ രാജ്യങ്ങളാണ് മരണനിരക്കില്‍ ബ്രിട്ടനേക്കാള്‍ മുന്നിലുള്ളത്. രോഗബാധയുടെ ഒന്നാംഘട്ടത്തില്‍ ഏപ്രില്‍ മധ്യത്തോടെ പ്രതിദിനം ആയിരത്തിലധികം ആളുകള്‍ മരിച്ച ഭീതിതമായ സ്ഥിതിയിലേക്ക് ബ്രിട്ടനില്‍ കാര്യങ്ങള്‍ കൈവിട്ടുപോയിരുന്നു. എന്നാല്‍ പിന്നീട് ശക്തമായ നടപടികളിലൂടെ രോഗവ്യാപനവും മരണനിരക്കും കുറച്ച് പ്രതിദിനം പത്തുപേരില്‍ താഴെ മരിക്കുന്ന സ്ഥിതിയിലേക്ക് കാര്യങ്ങള്‍ എത്തിക്കാനായെങ്കിലും രണ്ടാം വരവില്‍ സ്ഥിതിഗതികള്‍ വീണ്ടും പഴയപടി ആകുകയാണ്.

Other News