നോവാ വാക്‌സിന്‍ 60 ദശലക്ഷം ഡോസുകള്‍ യുകെയില്‍ നിര്‍മ്മിക്കാന്‍ നീക്കം


MARCH 30, 2021, 11:47 AM IST

ലണ്ടന്‍: നോവാവാക്സിന്റെ കൊറോണാവൈറസ് വാക്സിന്‍ യുകെയില്‍ തന്നെ നിര്‍മ്മിക്കാന്‍ ഗ്ലാക്സോസ്മിത്ത് ക്ലൈനുമായി ബ്രിട്ടന്‍ കരാര്‍ ഒപ്പുവച്ചു. 60 മില്ല്യണ്‍ ഡോസുകള്‍ യുകെയില്‍ തയാറാക്കാനാണ് ജിഎസ്‌കെ സഹായിക്കുക. അമേരിക്കന്‍ വാക്സിന്‍ ഡുര്‍ഹാമിലെ ഫാക്ടറിയില്‍ മെയ് മുതല്‍ നിര്‍മ്മിക്കാനാണ് ബ്രിട്ടീഷ് ഡ്രഗ്സ് വമ്പനായ ജിഎസ്‌കെയും വാക്സിന്‍ ടാസ്‌ക് ഫോഴ്സുമായുള്ള കരാര്‍.

വാക്‌സിന്‍ വികസിപ്പിച്ചെങ്കിലും അത് ആവശ്യത്തിന് നിര്‍മിക്കാനുള്ള സംവിധാനമില്ലാത്തതാണ് യുകെയിലെ വാക്‌സിനേഷന്‍ പ്രോഗ്രാമിന് തിരിച്ചടിയായി മാറിയത്. ഇന്ത്യയെയോ യൂറോപ്യന്‍ യൂണിയനെയോ ആശ്രയിക്കേണ്ട സ്ഥിതിയാണ് നിലവില്‍. യൂറോപ്പില്‍ നിര്‍മ്മിച്ച അസ്ട്രാസെനെക, ഫൈസര്‍ വാക്സിനുകള്‍ ബ്രിട്ടനിലേക്ക് ഷിപ്പ് ചെയ്യുന്നത് തടയുമെന്നാണ് യൂണിയന്റെ ഭീഷണി. ഇന്ത്യയില്‍ കേസുകള്‍ കൂടുന്നതാണ് അവിടെനിന്നുള്ള വാക്‌സിന്‍ വരവിനു തിരിച്ചടിയായത്.

അസ്ട്രാസെനെക വാക്സിന്റെ അഞ്ച് മില്ല്യണ്‍ ഡോസുകള്‍ ഇന്ത്യയില്‍ നിന്നും ലഭിക്കാന്‍ വൈകുന്നത് മൂലം മെല്ലെപ്പോക്കിലായ വാക്സിന്‍ ഡോസുകളുടെ ലഭ്യതയ്ക്ക് ഊര്‍ജ്ജമേകുന്നതാണ് പദ്ധതിയെന്ന് ബോറിസ് ജോണ്‍സണ്‍ വ്യക്തമാക്കി. ഇതിന് പുറമെ യുകെയും, ഇയുവും തമ്മില്‍ വാക്സിന്‍ യുദ്ധം അരങ്ങേറുന്നതുമാണ് പുതിയ കരാറിലേക്ക് സര്‍ക്കാരിനെ എത്തിച്ചത്.

ജിഎസ്‌കെയുമായി കരാര്‍ വരുന്നതോടെ നോവാവാക്സ് വാക്സിന്‍ ഡോസുകള്‍ ബ്രിട്ടനില്‍ നിന്ന് പുറത്തേക്ക് അയയ്ക്കേണ്ട ബാധ്യത ഒഴിവാകും. സ്റ്റോക്ടണ്‍-ഓണ്‍-ടീസില്‍ അനുബന്ധ കെമിക്കലുകള്‍ നിര്‍മ്മിച്ച് യൂറോപ്പിലേക്ക് അയച്ച് വയലുകളില്‍ നിറയ്ക്കാനായിരുന്നു മുന്‍പ് തീരുമാനിച്ചത്. നോവാവാക്സിന്റെ രണ്ട് ഡോസ് വാക്സിനുകളുടെ 60 മില്ല്യണ്‍ ഡോസുകള്‍ക്കാണ് ബ്രിട്ടന്‍ കരാര്‍ ഒപ്പുവെച്ചിട്ടുള്ളത്. 30 മില്ല്യണ്‍ ജനങ്ങള്‍ക്ക് വാക്സിന്‍ നല്‍കാന്‍ ഇതുവഴി സാധിക്കും. ലക്ഷണങ്ങളുള്ള രോഗം തടയാന്‍ 89 ശതമാനം ഫലപ്രദമാണ് നോവാവാക്സ്.

നോവാവാക്സിന്റെ അന്തിമഘട്ട ട്രയല്‍ ഡാറ്റ ബ്രിട്ടീഷ് മെഡിക്കല്‍ റെഗുലേറ്ററിന് ഏതാനും ആഴ്ചയ്ക്കുള്ളില്‍ സമര്‍പ്പിക്കും. മേയ് മാസത്തോടെ ഇതിന് അംഗീകാരം ലഭിക്കുമെന്നാണ് പ്രതീക്ഷ. ഇതുവരെ മൂന്ന് വാക്സിനുകള്‍ക്കാണ് എംഎച്ച്ആര്‍എ അംഗീകാരം നല്‍കിയിട്ടുള്ളത്- ഫിസര്‍, അസ്ട്രാസെനെക, മോഡേണ വാക്സിനുകളാണിത്. ജോണ്‍സണ്‍ & ജോണ്‍സണ്‍ വികസിപ്പിച്ച വാക്സിന്‍ റിവ്യൂവിലാണ്.

വാക്‌സിന്‍ വിതരണത്തിലും രോഗനിയന്ത്രണത്തിനും ബ്രിട്ടന്‍ കൈവരിച്ച നേട്ടം പ്രശംസനീയമായിരുന്നു. ലക്ഷ്യം വച്ചിരുന്ന സമയത്തുതന്നെ മുന്‍ഗണനാക്രമത്തിലുള്ള വിഭാഗത്തിലുള്ള എല്ലാവര്‍ക്കും വാക്സിന്‍ നല്‍കാനായി. എന്നാല്‍ പ്രതിരോധ കുത്തിവെയ്പ്പിന്റെ മുന്നോട്ടുള്ള കുതിപ്പിനെ താളം തെറ്റിക്കുന്നതായിരുന്നു വാക്‌സിന്‍ ലഭ്യതയുടെ കുറവ്.