തൊഴിലാളികളുടെ കുറവ് മറികടക്കാന്‍ യു കെയില്‍ ജോലി സമയം വര്‍ധിപ്പിക്കുന്നു


JANUARY 28, 2023, 10:08 PM IST

ലണ്ടന്‍: തൊഴില്‍ സമയം ആഴ്ചയില്‍ 20 മണിക്കൂറില്‍ നിന്നും വര്‍ധിപ്പിക്കാന്‍ യു കെ. ആഴ്ചയില്‍ 30 മണിക്കൂറിലേക്ക് വര്‍ധിപ്പിക്കാനോ അല്ലെങ്കില്‍ പരിധി പൂര്‍ണമായും ഒഴിവാക്കാനോ ആണ് സര്‍ക്കാര്‍ ചര്‍ച്ച ചെയ്യുന്നത്. 

ആസ്‌ത്രേലിയ, കാനഡ എന്നീ രാജ്യങ്ങളിലെ നയങ്ങളുമായി അടുത്തു നില്‍ക്കുന്നതാണ് യു കെ നടത്താനുദ്ദേശിക്കുന്ന പരിഷ്‌ക്കാരം. 

വിദേശ വിദ്യാര്‍ഥികളുടെ എണ്ണം കുറയ്ക്കാന്‍ ആഭ്യന്തര സെക്രട്ടറി സുല്ല ബ്രാവര്‍മാന്റെ പദ്ധതികള്‍ തയ്യാറാക്കുന്നതിനിടയിലാണ് പുതിയ പരിഷ്‌ക്കാരവും അധികൃതര്‍ ആലോചിക്കുന്നത്. കഴിഞ്ഞ വര്‍ഷം യു കെയിലെ എമിഗ്രേഷന്‍ സംഖ്യ 504,000 ആയി ഉയര്‍ന്നിരുന്നു. വിദേശ വിദ്യാര്‍ഥികള്‍ക്ക് അവരുടെ കോഴ്‌സിന് ശേഷം യു കെയില്‍ തുടരാനുള്ള കാലദൈര്‍ഘ്യം കുറയ്ക്കുന്നതുള്‍പ്പെടെ നിര്‍ദ്ദേശങ്ങള്‍ ബ്രാവര്‍മാന്‍ തയ്യാറാക്കിയിട്ടുണ്ട്. യു കെയിലെ ആശ്രിതരുടെ എണ്ണവും കോഴ്‌സുകളില്‍ പങ്കെടുക്കുന്ന വിദേശ വിദ്യാര്‍ഥികള്‍ക്കുള്ള നിയന്ത്രണങ്ങളും പരിഗണിക്കുന്നുണ്ട്. ഗ്രാജ്വേറ്റ് റൂട്ട് വിസ നിലവിലെ രണ്ടു വര്‍ഷത്തില്‍ നിന്നും ആറു മാസത്തെ പോസ്റ്റ് സ്റ്റഡി വര്‍ക്കിലേക്ക് കുറക്കാന്‍ പദ്ധതിയിട്ട അതേ ആഴ്ചയില്‍ തന്നെയാണ് സമയം കൂട്ടാനുള്ള വാര്‍ത്തയും പുറത്തുവരുന്നത്. 

ബ്രെക്‌സിറ്റ്, കോവിഡ് വ്യാപനം എന്നിവയ്ക്ക് ശേഷം ഉയര്‍ന്ന സാമ്പത്തിക നിഷ്‌ക്രിയത്വമാണ് യു കെയില്‍ തൊഴിലാളി ക്ഷാമം രൂക്ഷമാക്കിയത്. കൂടുതല്‍ ഒഴിവുണ്ടാകുന്നത് വേതനത്തില്‍ വര്‍ധനവ് വരുത്തുമെന്നതിനാല്‍ പണപ്പെരുപ്പത്തെ നേരിടാന്‍ സഹായിക്കുന്നതിന് തൊഴിലാളികളെ വര്‍ധിപ്പിക്കാനുള്ള ശ്രമമാണ് ചാന്‍സലര്‍ ജെറമി ഹണ്ട് ലക്ഷ്യമാക്കുന്നത്. 

നിഷ്‌ക്രിയത്വം പരിഹരിക്കുന്നതിന് നിരവധി ഘടകങ്ങള്‍ പരിഗണിക്കുന്നതായി ഇതുമായി ബന്ധപ്പെട്ട ഒരു ഉദ്യോഗസ്ഥന്‍ അറിയിച്ചു. കൂടുതല്‍ വിശദാംശങ്ങള്‍ പിന്നീട് അറിിയക്കുമെന്നും തൊഴിലാളി അവലോകനം പൂര്‍ത്തിയാകുന്നതിന് മുമ്പ് കൂടുതല്‍ അഭിപ്രായം പറയാനാവില്ലെന്നും അദ്ദേഹം അറിയിച്ചു. 

പോസ്റ്റ് സ്റ്റഡി വര്‍ക്ക് വിസയുടെ കാലാവധി കുറക്കുന്ന ആശയത്തിനെതിരാണ് വിദ്യാഭ്യാസ- അന്താരാഷ്ട്ര വ്യാപാര വകുപ്പുകള്‍. മാത്രമല്ല അന്താരാഷ്ട്ര വിദ്യാര്‍ഥികള്‍ പഠിക്കുമ്പോള്‍ റസ്‌റ്റോറന്റുകളില്‍ ജോലി ചെയ്യാന്‍ പ്രോത്സാഹിപ്പിക്കുകയും ബിരുദം നേടിയ ഉടന്‍ നാട്ടിലേക്ക് പോകാന്‍ നിര്‍ബന്ധിക്കുകയും ചെയ്യുന്നത് സമ്പദ്‌വ്യവസ്ഥയെ മോശമായി ബാധിക്കുമെന്ന് റസല്‍ ഗ്രൂപ്പിന്റെ ചീഫ് എക്‌സിക്യൂട്ടീവ് ടിം ബ്രാഡ്‌ഷോ പ്രസ്താവനയില്‍ പറഞ്ഞു. 

എന്നാല്‍ കൂടുതല്‍ സമയം ജോലി ചെയ്യാന്‍ അനുവദിക്കുന്നത് വിമര്‍ശിക്കുന്നവരുമുണ്ട്. അന്താരാഷ്ട്ര വിദ്യാര്‍ഥികള്‍ക്ക് അവരുടെ പഠനത്തോടൊപ്പം കൂടുതല്‍ സമയം ജോലി ചെയ്യാന്‍ അനുവദിക്കാനുള്ള നിര്‍ദ്ദേശത്തില്‍ ആശങ്കയുണ്ടെന്നാണ് യൂണിവേഴ്‌സിറ്റീസ് യു കെ ഇന്റര്‍നാഷണല്‍ യൂണിവേഴ്‌സിറ്റീസ് ഡയറക്ടര്‍ ജാമി ആരോസ്മിത്ത് പറഞ്ഞു. ശരിയായ രീതിയില്‍ ചിന്തിച്ചില്ലെങ്കില്‍ വിദ്യാര്‍ഥികളുടെ ക്ഷേമത്തേയും പഠനാനുഭവത്തേയും സാരമായി ബാധിക്കുമെന്നും മറ്റ് രാജ്യങ്ങളില്‍ സമാനമായ പരിധി എടുത്തുകളഞ്ഞപ്പോള്‍ വിദ്യാര്‍ഥി ഗ്രൂപ്പുകളും സര്‍വകലാശാലകളും കാര്യമായ ആശങ്കകള്‍ ഉന്നയിച്ചിട്ടുണ്ടെന്നും ആരോസ്മിത്ത് വിശദീകരിച്ചു. 

രാജ്യത്തെ വിവിധ മേഖലകളിലെ തൊഴിലാളി ക്ഷാമം നേരിടാന്‍ യു കെയിലെ ഇന്ത്യക്കാര്‍ ഉള്‍പ്പെടെയുള്ള അന്തര്‍ദ്ദേശീയ വിദ്യാര്‍ഥികള്‍ക്ക് ദീര്‍ഘനേരവും പാര്‍ട്ട് ടൈമായും ജോലി ചെയ്യാന്‍ അനുവദിച്ചേക്കുമെന്നാണ് റിപ്പോര്‍ട്ട്. നിലവില്‍ യു കെയില്‍ ഏകദേശം 680,000 വിദേശ വിദ്യാര്‍ഥികളാണുള്ളത്. പാര്‍ട്ട് ടൈം സമയത്ത് ആഴ്ചയില്‍ പരമാവധി 20 മണിക്കൂര്‍ ജോലി ചെയ്യാന്‍ അവര്‍ക്ക് അനുവാദമുണ്ട്.  

കഴിഞ്ഞ വര്‍ഷം രാജ്യത്തേക്ക് വന്ന 1.1 മില്യന്‍ കുടിയേറ്റക്കാരില്‍ 476,000 പേര്‍ അന്തര്‍ദേശീയ വിദ്യാര്‍ഥികളാണ്. ഇതില്‍ കഴിഞ്ഞ വര്‍ഷം യു കെയിലേക്ക് വന്ന 33,240 ആശ്രിതര്‍ ഉള്‍പ്പെടെ 161,000 വിദ്യാര്‍ഥികളുമായി ഇന്ത്യന്‍ വിദ്യാര്‍ഥികളാണ് കൂടുതല്‍.

യു കെയില്‍ നിലവില്‍ 1.3 ദശലക്ഷം ഒഴിവുകളുണ്ട്. പ്രധാനമന്ത്രി ഋഷി സുനക് പറയുന്നതനുസരിച്ച് യു കെയിലെ വ്യവസായികള്‍ ഈ ദിവസങ്ങളില്‍ തൊഴിലാളി ക്ഷാമം നേരിടുന്നുണ്ട്. തൊഴില്‍ സമയ പരിധി വര്‍ധിപ്പിച്ച് ഇത് മറികടക്കാനാണ് ശ്രമം.

Other News