എലിസബത്ത് രാജ്ഞിയുടെ മൃതദേഹം കാണാനെത്തിയവര്‍ക്കു നേരെ ലൈംഗികാതിക്രമം നടത്തിയ യുവാവ് അറസ്റ്റില്‍


SEPTEMBER 18, 2022, 9:28 AM IST

ലണ്ടന്‍: എലിസബത്ത് രാജ്ഞിയുടെ മൃതദേഹം കാണനെത്തിയവര്‍ക്ക് നേരെ ലൈംഗികാതിക്രമം. മൃതദേഹം കാണാന്‍ ശവപ്പെട്ടിക്കരികില്‍ ക്യൂ നിന്ന സ്ത്രീകള്‍ക്ക് നേരെയാണ് ലൈംഗികാതിക്രമം നടന്നത്. 

പരാതി ഉയര്‍ന്നതിന് പിന്നാലെ അഡ്യോ അഡെഷിന്‍ എന്ന പത്തൊന്‍പതുകാരനെതിരെ കേസെടുത്തതായി ക്രൗണ്‍ പ്രോസിക്യൂഷന്‍ സര്‍വീസ് വ്യക്തമാക്കിയതായി സി എന്‍ എന്‍ റിപ്പോര്‍ട്ട് ചെയ്തു. ഇയാളെ ലണ്ടന്‍ പൊലീസ് അറസ്റ്റ് ചെയ്തു. 

വെസ്റ്റ്മിനിസ്റ്റര്‍ ഹാളില്‍ പൊതുദര്‍ശനത്തിന് വെച്ച എലിസബത്ത് രാജ്ഞിയുടെ മൃതശരീരം കാണാന്‍ ക്യൂവില്‍ നില്‍ക്കുന്നതിനിടെ യുവാവ് ലൈംഗികാവയവം പ്രദര്‍ശിപ്പിക്കുകയും രണ്ട് സ്ത്രീകള്‍ക്കിടയിലേക്ക് തള്ളിക്കയറുകയും ചെയ്തുവെന്നാണ് പരാതിയില്‍ പറയുന്നത്. 

ക്യുവില്‍ ഉണ്ടായിരുന്നവരുടെ സാന്നിധ്യത്തില്‍ തന്നെ ഉദ്യോഗസ്ഥര്‍ ഇടപെടുകയും ഉടന്‍ അറസ്റ്റ് ചെയ്യുകയും ചെയ്തു. രാജ്ഞിക്ക് ആദരാഞ്ജലികള്‍ അര്‍പ്പിക്കാന്‍ ക്യു നില്‍ക്കുന്നവരെ സഹായിക്കാനും പിന്തുണക്കാനും ലണ്ടനിലെ പൊലീസ് ഓഫിസര്‍മാര്‍ വഴിയിലുടനീളമുണ്ട്. ഉദ്യോഗസ്ഥര്‍ക്ക് ഇടപെടേണ്ടി വന്ന കുറ്റകൃത്യങ്ങളുടെയോ മറ്റു സംഭവങ്ങളുടെയോ എണ്ണം വളരെ കുറവാണെന്ന് ഡപ്യൂട്ടി അസിസ്റ്റന്റ് കമ്മീഷണര്‍ കണ്ടി പ്രസ്താവനയില്‍ പറഞ്ഞു. 

എലിസബത്ത് രാജ്ഞിയുടെ ശവസംസ്‌ക്കാരം തിങ്കളാഴ്ച രാവിലെ 11 മണിക്ക് ലണ്ടനിലെ വെസ്റ്റ്്മിനിസ്റ്റര്‍ അബെയിലാണ് നടക്കുന്നത്. വിവിധ ലോകനേതാക്കള്‍ ചടങ്ങിനെത്തും.

Other News