ഏറെക്കാലത്തിനു ശേഷം റെഡ് കാർപെറ്റിലേക്ക് തൽസമയ ഫാഷൻ തിരിച്ചെത്തിയ 93–ാം അക്കാദമി അവാർഡ് നൈറ്റിൽ ശ്രദ്ധാകേന്ദ്രമായത് ഒൻപതു വയസുകാരൻ അലൻ കിം.
മികച്ച സിനിമയ്ക്കുള്ള ഓസ്കർ നോമിനേഷൻ നേടിയ ‘മിനാരി’യിലെ അഭിനേതാവാണ് അലൻ. പ്രായത്തിൽ തീരെ ചെറുതാണെങ്കിലും അവാർഡ് നിശയിൽ ബ്ലാക്ക് സ്യൂട്ടുകളിൽ പ്രത്യക്ഷപ്പെട്ട നടന്മാരിൽ നിന്നു വേറിട്ട ഫാഷൻ തിരഞ്ഞെടുത്താണ് ഈ കുട്ടിത്താരം ശ്രദ്ധനേടിയത്. അമേരിക്കൻ ഡിസൈനർ തോം ബ്രൗണിന്റെ സിഗ്നേച്ചർ ഷോർട്സ് സ്യൂട്ടാണ് അലൻ ധരിച്ചത്. സ്കൂൾ യൂണിഫോമിനോടു സാമ്യം തോന്നാവുന്ന ക്ലാസിക് ഷോർട് ടക്സീഡോ, മുട്ടിനൊപ്പം നിൽക്കുന്ന സോക്സ്, വൈറ്റ് ഷർട്ട്, ബോ ടൈ, ബ്ലാക്ക് ബ്രോഗ് ഷൂസ് എന്നിവയായിരുന്നു അലന്റെ വേഷം. ഇതിൽ സ്റ്റൈൽ സ്റ്റേറ്റ്മെന്റ് ആയത് അലന്റെ സ്കോസ് തന്നെ.
ഓരോ കാലിലും രണ്ടു തരത്തിലുള്ള സോക്സ് ധരിച്ചാണ് അലനെത്തിയത്. സിനിമയുടെ നിർമാതാവ് ക്രിസ്റ്റീന ഓഹിനൊപ്പം റെഡ് കാർപ്പറ്റിലെത്തിയ അലൻ ക്യാമറ ക്ലിക്കുകൾക്കു മുന്നിൽ രസകരമായി പോസ് ചെയ്തു.