ഫാഷൻ വേദിയിൽ  ഇനി ബാഗി  ജീൻസ്  


SEPTEMBER 19, 2022, 4:36 PM IST

ഒരാൾക്കു കൂടി കയറാൻ പാകത്തിലുള്ള ജീൻസ് ധരിച്ചു നടക്കുന്ന പെൺകുട്ടികളെ കാണുമ്പോൾ ചിലരെങ്കിലും അമ്പരപ്പിലാണ്. സ്കിന്നി ഫിറ്റ്, സൂപ്പർ സ്കിന്നി എന്നിങ്ങനെ മെലിയിച്ചു സ്‌ലിം ആക്കിക്കൊണ്ടു നടന്ന ജീൻസിനെ എങ്ങിനെ കൈവിടാൻ സാധിച്ചു എന്നാണ് ചോദ്യം? അതേ, സ്കിന്നി ഫിറ്റ് ജീൻസിനെ പുറത്താക്കി ബാഗി ജീൻസും ടോപും ഇടംപിടിച്ചു കഴിഞ്ഞു ഫാഷൻ അരങ്ങിലും ഫാഷനിസ്റ്റകളുടെ മനസ്സിലും. റോഡിലായാലും ഫാഷൻ വേദിയിലായാലും ബാഗി ഫിറ്റ് വസ്ത്രങ്ങളാണിപ്പോൾ താരം. 

പെട്ടെന്നുണ്ടായ മാറ്റമല്ല ഇതെന്നു മാത്രം. അൽപകാലമായി രാജ്യാന്തര ഫാഷൻ രംഗത്തുൾപ്പെടെ ബാഗി ഫിറ്റ് വസ്ത്രങ്ങൾ കളംനിറഞ്ഞിരിക്കുകയാണ്. 

സൂപ്പർമോഡൽ ജിജി ഹാഡിഡ് അയഞ്ഞുതൂങ്ങിയ ജീൻസ് ധരിച്ചും ഗ്രാമി വേദിയിൽ ജസ്റ്റിൻ ബീബർ ബാഗി ഫോർമൽ സ്യൂട്ടിലെത്തിയും ബോളിവുഡ് താരം ദീപിക പദുക്കോൺ ബാഗി ജീൻസും ഓവർസൈസ്ഡ് ഷർട്ടും ധരിച്ചും ഈ ട്രെൻഡിന് കൂടുതൽ പ്രചാരം നൽകി.  

ശരീരത്തിന്റെ വലുപ്പച്ചെറുപ്പത്തിന്റെ പേരിലുള്ള കളിയാക്കലുകൾക്ക് (ബോഡി ഷെയിമിങ്) എതിരായ സാമൂഹിക ഇടപെടലുകൾ ഫാഷൻരംഗത്തും പ്രതിഫലിച്ചിട്ടുണ്ട്. 

പ്ലസ് സൈസ് വസ്ത്രങ്ങൾക്കായി ബ്രാൻഡുകൾ രംഗത്തെത്തിയപ്പോൾ മെലിയാത്ത മോഡലുകളും റാംപിലെത്തി. ഇതിന്റെ തുടർച്ചയായി ഫ്രീ–സൈസ് വസ്ത്ര ഡിസൈനുകളും പ്രചാരം നേടി.  

വലുപ്പ വ്യത്യാസമില്ലാതെ എല്ലാവർക്കും ഒരേ സൈസിൽ ധരിക്കാവുന്ന വസ്ത്രങ്ങൾ നൽകുന്ന സ്വാതന്ത്ര്യവും സൗകര്യവും ഇഷ്ടപ്പെടുന്നവരാണേറെയും. ഇപ്പോഴത്തെ ബാഗി സ്റ്റൈൽ ട്രെൻഡിനു പിന്നിൽ ഇതിന്റെ സ്വാധീനവുമുണ്ട്. ഇതിനൊപ്പം വൈഡ് ലെഗ് പാന്റും ലൂസ് ഫിറ്റ് ടീഷർട്ടും ഉൾപ്പെടെ തൊണ്ണൂറുകളിലെ ഫാഷനും തിരിച്ചെത്തിക്കഴിഞ്ഞു.  

ഈ വർഷം സ്പ്രിങ് സമ്മർ കലക്ഷനിലുൾപ്പെടെ കൂടുതൽ വലുപ്പമുള്ള വസ്ത്രങ്ങളാണ് രാജ്യാന്തര ഫാഷൻ റാംപിലെത്തിയത്. റിലാക്സ്ഡ് ഫിറ്റ് പാന്റുകൾ, കാർഗോസ്, പാരഷ്യൂട്ട് പാന്റ്സ് എന്നിവയെല്ലാം ബാഗി ട്രെ‍ൻഡിനു ചുവടു പിടിച്ചു രംഗത്തെത്തി. സ്‌ലിം ഫിറ്റ് വസ്ത്രങ്ങൾ മടക്കിവച്ചു ബാഗിയാകാൻ ഒരുങ്ങുന്നവർക്ക് തിരഞ്ഞെടുക്കാനും പരീക്ഷിക്കാനും പുതുമകളേറെ.