ലാക്‌മേ ഫാഷന്‍ വീക്കില്‍ അഭിമാനമായി ബാലരാമപുരം കൈത്തറിയും


FEBRUARY 24, 2020, 10:28 AM IST

   സാരികള്‍ എത്രയുണ്ടെങ്കിലെന്താ, ഓരോ സാരിയിലും പുതുമകളുടെ വസന്തം കണ്ടെത്തും സാരിപ്രണയികള്‍. ഇക്കുറി ലാക്‌മേ ഫാഷന്‍ വീക്ക് സ്പ്രിങ് സമ്മര്‍ റാംപില്‍ ക്യാറ്റ് വോക്ക് നടത്തിയത് സാരികളുടെ മോഹിപ്പിക്കുന്ന വ്യത്യസ്തതകള്‍. ഡിസൈനര്‍ അനിത ദ്രോഗ്രേയുടെ ഫ്‌ളോറല്‍ റൊമാന്റിക് മുതല്‍ ഷിവന്‍ & നരേഷ് ഡിസൈനര്‍ ഇരട്ടകളുടെ ഫ്രിന്‍ഡ്ജ് നമ്പര്‍ വരെ റാംപിലെത്തി ഫാഷനിസ്റ്റകളുടെ മനം കവര്‍ന്നു. വസന്തകാല പുതുമകള്‍ വസന്തകാല റാംപില്‍ പൂക്കള്‍ നിറയുന്ന സാരി അവതരിപ്പിക്കുന്നതില്‍ എന്തു പുതുമയെന്നു നെറ്റിചുളിച്ചവര്‍ക്കു മുന്നില്‍ മോട്ടിഫുകളില്‍ ഫ്രെഷ്‌നെസ് അനുഭവിപ്പിച്ചാണ് അനിത ദോഗ്രേ എത്തിയത്. ലൈറ്റ് വെയ്റ്റ് സാരികളില്‍ വൈബ്രന്റ് പ്രിന്റുകള്‍ നിറഞ്ഞ പരിസ്ഥിതി സൗഹൃദ കലക്ഷനാണ് അനിതയുടേത്. കളര്‍ പാലെറ്റില്‍ അല്‍പം കടുപ്പം, കറുപ്പില്‍ ഫ്‌ളോറല്‍ പ്രിന്റുകള്‍, ഒപ്പം റോസ് എംബ്രോയ്ഡറി ചെയ്ത കേപ്- ഇതായിരുന്നു രോഹിത് ബാലിന്റെ സാരി മേക്ക് ഓവര്‍. വരുണ്‍ ബാലിന്റെ പ്രെറ്റ് ലൈന്‍ കലക്ഷനില്‍ അഴകു വിരിയിച്ചത് അഞ്ചിതളുള്ള പൂക്കളുടെ സ്‌കെച്ച് അടിസ്ഥാനമാക്കിയ പ്രിന്റുകള്‍. വെള്ള സാരിയില്‍ നീലയും മഞ്ഞയും ഫ്‌ളോറല്‍ പ്രിന്റുകള്‍ ഏറെ ശ്രദ്ധിക്കപ്പെട്ടു. അനുശ്രീ റെഡ്ഡിയുടെ ഡാര്‍ക്ക് ബ്ലൂ സാരി ലുക്കില്‍ വ്യത്യസ്ത നല്‍കിയത് പിങ്കും ഗ്രീനും പൂക്കള്‍ അതിസൂക്ഷ്മമായി തുന്നിച്ചേര്‍ത്ത ബോര്‍ഡര്‍. കന്റംപ്രറി സ്റ്റൈലിങ് സാരികളിലെ റൊമാന്റിക് ഫെമിനിന്‍ സാന്നിധ്യമായി ഷെഹ്‌ല ഖാന്റെ കാന്‍ഡി ഫ്‌ളോസ് പിങ്ക് റഫിള്‍ഡ് സാരിയും അനുശ്രീ റെഡ്ഡിയുടെ മെല്ലോ യെല്ലോ സാരിയും റാംപില്‍ കയ്യടി നേടി. സാരികളില്‍ അലങ്കാരമായി ടാസിലുകളും പേള്‍ വര്‍ക്കുകളും നിറഞ്ഞു. ബെല്‍റ്റ് ആണ് സാരികള്‍ക്കൊപ്പം റാംപിലെത്തിയ പ്രധാന ആക്‌സസറി. ഡിസൈനര്‍മാരായ പുനീത് ബാലന, ഷന്തനു& നിഖില്‍, ഷിവന്‍ & നരേഷ്, കേരള ലേബലായ അന്‍ക എന്നിവര്‍ ബെല്‍റ്റുകളില്‍ പലതരം വ്യത്യസ്തതകള്‍ പരീക്ഷിച്ചു. പ്രിന്റഡ് ബെല്‍റ്റുകള്‍, സ്റ്റഡഡ് ബെല്‍റ്റുകള്‍ എന്നിവ ആകര്‍ഷകമായി. സാരി ബ്ലൗസുകളിലും പുതുമകള്‍ രംഗത്തെത്തി. സ്ട്രക്‌ചേര്‍ഡ് ഷര്‍ട്ട് ബ്ലൗസുകള്‍, സ്റ്റേറ്റ്‌മെന്റ് സ്‌ലീവ് ബ്ലൗസുകള്‍, ബന്ദ്ഗാല ഇന്‍സ്പയേഡ് ക്രോപ് ടോപ്‌സ്, മിലിട്ടറി ലുക്ക്‌സ്, സ്ട്രാപി എംബെലിഷ്‌മെന്റ്‌സ് എന്നിവ ശ്രദ്ധിക്കപ്പെട്ടു. നിറവോടെ ഹാന്‍ഡ് ലൂം റണ്‍വേയിലെ വെള്ളിവെളിച്ചത്തില്‍ ഹാന്‍ഡ് ലൂം സാരികളും ഒട്ടും പിന്നിലായില്ല. ഇക്കുറി കേരള ബാലരാമപുരം കൈത്തറിയും റാംപ് കീഴടക്കി. ഡിസൈനര്‍മാരായ സൈലേഷ് സിംഗാനിയ, പാര്‍വതി ദസറി, ലത തുടങ്ങിയവര്‍ക്കൊപ്പം മലയാളിയായ ഉഷാ ദേവി ബാലകൃഷ്ണന്റെ അന്‍ക എന്ന ലേബലാണ് തനതു ബാലരാമപുരം കൈത്തറിയുമായി ലാക്‌മേ റാംപില്‍ മലയാളത്തിന്റെ അഭിമാനമുയര്‍ത്തിയത്.