ദാവണി: ആഘോഷവേളകളിലെ പ്രിയതാരം


MARCH 9, 2020, 10:14 AM IST

ദാവണിയുടുത്ത് തലയില്‍ മുല്ലപ്പൂ ചൂടി വാലിട്ട് കണ്ണെഴുതി പുസ്തകങ്ങള്‍ മാറോടടക്കിപ്പിടിച്ച് നാണിച്ച് തലതാഴ്ത്തി നടന്നിരുന്ന പെണ്‍കുട്ടികള്‍ ഒരു കാലത്ത് സിനിമയില്‍ മാത്രമല്ല നാട്ടിന്‍പുറങ്ങളിലെയും കാഴ്ചകളില്‍ ഒന്നായിരുന്നു. പിന്നീട് റെഡിമെയ്ഡ് വസ്ത്രങ്ങള്‍ വിപണി കീഴടക്കിയതോടെ ദാവണികള്‍ ഔട്ട്ഓഫ് ഫാഷനായി. എന്നാലിന്ന് ആഘോഷവേളകളിലും വിവാഹവേദിയിലും താരമായി മാറുകയാണ് ദാവണി.തമിഴ്‌നാട്ടില്‍നിന്ന് വര്‍ഷങ്ങള്‍ക്കു മുമ്പ് മലയാളക്കരയില്‍ കുടിയേറിയ ദാവണി പിന്നീട് കൗമാരത്തിന്റെ ഹരമായി മാറി. ഏതാണ്ട് മൂന്നുപതിറ്റാണ്ട് മുമ്പുവരെ ദാവണിക്കാലത്തിലൂടെ കടന്നുപോകാത്ത പെണ്‍കുട്ടികള്‍ കുറവായിരുന്നു.എഴുപതുകളുടെ തുടക്കം മുതല്‍ക്കാണ് ദാവണി പ്രചാരത്തില്‍ വരുന്നത്. ബ്ലൗസിലും ഷാളിലും പാവാടയിലുമുള്ള വൈവിദ്ധ്യമാര്‍ന്ന നിറങ്ങള്‍ കൊണ്ട് ദാവണിയും വസ്ത്രലോകത്ത് ഒരു കഥയെഴുതി. പെണ്‍കുട്ടികള്‍ ദാവണികളിലേക്ക് ചുവടുമാറ്റുന്നത് പ്രായപൂര്‍ത്തിയാകുന്നതോടെയാണ്. കൗമാരത്തില്‍ നിന്ന് യൗവനത്തിലേക്ക് പിച്ചവച്ചുതുടങ്ങുമ്പോള്‍ അവര്‍ ആദ്യമായി ദാവണി അണിഞ്ഞു തുടങ്ങുന്നു.ദക്ഷിണേന്ത്യയില്‍ പ്രധാനമായും തമിഴ്‌നാട്, കര്‍ണ്ണാടക എന്നിവിടങ്ങളില്‍ തിരണ്ടു കല്യാണ വേളയില്‍ പെണ്‍കുട്ടിയുടെ അമ്മവീട്ടുകാരാവും അവള്‍ക്ക് ആദ്യമായി ദാവണി സമ്മാനിക്കുന്നത്. എഴുത്തിലും സിനിമയിലും പല കാലഘട്ടങ്ങളിലായി ദാവണികള്‍ ഇടംപിടിച്ചിട്ടുണ്ട്.മാറുന്ന ട്രെന്‍ഡ്കല്ലിന്റെയും മുത്തിന്റെയും ആഡംബരത്തില്‍ ഫാഷന്റെ അതിര്‍ത്തിയിലെങ്ങും അടുപ്പിക്കാതിരുന്ന ദാവണി പെട്ടെന്നാണ് ഏറ്റവും ഫാഷണബിളായ വസ്ത്രമായി അവതരിച്ചത്. സില്‍ക്ക്, ലിനന്‍ തുണികള്‍ വിട്ട് ഷിഫോണിലും ജോര്‍ജെറ്റിലും നൈലോണിലുമൊക്കെയാണ് പുത്തന്‍ ദാവണി പരീക്ഷണങ്ങള്‍. മിന്നുന്ന കസവുകളുടെ സ്ഥാനത്തിന്ന് മുത്തുകളും കല്ലുകളും സീക്വന്‍സുകളുമൊക്കെയാണ്.സാരി ഉണ്ടാക്കുന്ന ബാദ്ധ്യതകളൊന്നും തന്നെ ഇല്ല എന്നതും സാരിയോട് കിടപിടിക്കുന്ന ഭംഗി നല്‍കുന്നു എന്നുള്ളതുമാണ് ദാവണിയുടെ പ്രിയം കുറയാതിരിക്കാന്‍ പ്രധാന കാരണം.

മിറര്‍, ആപ്ലിക് വര്‍ക്കുകള്‍ ചെയ്ത ദാവണിയാണിപ്പോള്‍ ട്രെന്‍ഡ്.ദാവണി സെറ്റിന്റെ ബ്ലൗസ് സാധാരണ ബ്ലൗസ് പോലെയും ഫുള്‍ സ്‌കര്‍ട്ടിന്റെ ബ്ലൗസ് പോലെ ഇറക്കിയും ബാക്ക് ഓപ്പണ്‍ ആയും ഡിസൈന്‍ ചെയ്യാമെന്നതിനാല്‍ സൗകര്യാര്‍ഥം ഇത് സാരി ചോളി രീതിയിലോ, ലഹംഗ രീതിയിലോ ചട്ട പോേെയാ ധരിക്കാം.ദാവണിയുടെ ദുപ്പട്ടയിലുമുണ്ട് പല മാജിക്കുകളും. സാരി ധരിക്കുമ്പോലെ എളിയില്‍ കുത്തി പിന്നോട്ടുടുക്കുന്ന ഹക്കോബ, ലിനന്‍ എന്നിവ കവണി രീതിയില്‍ ധരിക്കാനും, ടിസര്‍ ടിഷ്യൂ, ഷിമ്മര്‍ എന്നിവ ലഹംഗ രീതിയില്‍ ധരിക്കാനുമാണ് ഉപയോഗിക്കുന്നത്.ദാവണിയിലെ പുത്തന്‍ പരീക്ഷണങ്ങള്‍ ബ്ലൗസിലും ദുപ്പട്ടയിലും പാവാടയിലും ഒരുപോലെയുണ്ട്. ബ്ലൗസുകള്‍ വ്യത്യസ്തമാകുന്നത് അതിനുപയോഗിക്കുന്ന തുണിയുടെ വൈവിദ്ധ്യത്തിലും പുതുരൂപങ്ങളിലുമാണ്. എന്നാല്‍ ദുപ്പട്ടയില്‍ വ്യത്യസ്തത കൊണ്ടുവരുന്നതില്‍ ഉപയോഗിക്കുന്ന തുണിക്കു പുറമെ ഡിസൈനുകള്‍ക്കും വലിയ പങ്കുണ്ട്.മുഴുവന്‍ ആകര്‍ഷണവും പാവാടയില്‍ വേണമെങ്കില്‍ അതിനുമുണ്ട് പല വഴികള്‍. പരമ്പരാഗത പാവാട സങ്കല്‍പങ്ങളില്‍ നിന്നു മാറി കടും വര്‍ണങ്ങള്‍ മാത്രമല്ല വെല്‍വറ്റും മുത്തും കല്ലും തുന്നിപ്പിടിപ്പിച്ച വ്യത്യസ്ത തരം തുണികളിലുള്ള മത്സകന്യകയെ പോലെ വിടര്‍ന്ന പാവാടയോടു കൂടിയ ദാവണികളാണ് ഇന്നത്തെ ട്രെന്‍ഡ്.കണ്ണഞ്ചിപ്പിക്കുന്ന ഫ്‌ളൂറസെന്റ് നിറങ്ങളില്‍ വിരിയുന്ന ദാവണികള്‍ക്കാണ് ആവശ്യക്കാരേറെ.

ചെറിയ കുട്ടികള്‍ക്കുള്ള കുട്ടി ദാവണിയുമുണ്ട്.പട്ടു കസവ് ബോര്‍ഡറുകളായി ഇറങ്ങിയിരുന്ന പാവാടയും ദാവണിയുമൊക്കെ ചേര്‍ന്ന ഹാഫ് സാരികള്‍ എന്നേ വാര്‍ഡ്രോബിന്റെ അകങ്ങളിലേക്ക് പോയി. പകരം മോഡേണ്‍ ലുക്കില്‍ പുത്തന്‍ ദാവണി സാരിയെത്തിയിരിക്കുകയാണ്.ഷിഫോണിലും ക്രേപ്പിലും നെറ്റിലും ജോര്‍ജ്ജറ്റിലുമെല്ലാം ദാവണി സാരികള്‍ തിളങ്ങുകയാണ് ഫാഷന്‍ ലോകത്തില്‍. ദാവണിയിലും പാവാടയുടെ അരികുകളിലും കല്ലുകളും മുത്തും മാത്രമല്ല ബ്ലൗസിനു മാച്ച് ചെയ്യുന്ന വെല്‍വറ്റ് തുണിയും തുന്നിപ്പിടിപ്പിച്ചിട്ടുണ്ടാകും. എംബ്രോയ്ഡറിയും ആര്‍ഭാടം നിറഞ്ഞ തുന്നിച്ചേര്‍ക്കലുകളും ദാവണിയെ ഫാഷന്‍ ലോകത്തെ താരറാണിയാക്കി.കണ്ണഞ്ചിപ്പിക്കുന്ന നിറങ്ങളായ ലാവന്‍ഡര്‍, അക്വാഗ്രീന്‍, കോഫി, പിങ്ക്, മാമ്പഴമഞ്ഞ, ഓറഞ്ച്, മജന്ത, കറുപ്പ് തുടങ്ങിയ നിറങ്ങളിലാണിന്ന് ദാവണിലാച്ചകളെത്തുന്നത്. ഒട്ടുമിക്കവയും ദാവണി നെറ്റ് തുണിയിലാണ് ഒരുക്കുന്നത്. ഫിഷ് കട്ടും അംബ്രല്ല കട്ടും ദാവണികളാണ് ഏറെയുള്ളതെങ്കിലും ഫിഷ് കട്ടിനാണ് ഡിമാന്റ്.

ദാവണിയിലും പാവാടയിലും മാത്രമല്ല ഇവയുടെ ബ്ലൗസിലും പുതുമയുണ്ട്. പ്രിന്‍സസ് കട്ടിങ്ങ് പോലുള്ള ബ്ലൗസുകള്‍ക്ക് ആവശ്യക്കാരേറെയാണ്. ലാച്ച ബ്ലൗസുകളില്‍ മിക്കവയ്ക്കും സ്ലീവ് നെറ്റിലായിരിക്കും. ഹൈ നെക്കും ഫുള്‍ സ്ലീവും ട്രെന്‍ഡാണ്. കഴുത്ത് നന്നായി ഇറക്കി വെട്ടിയിരിക്കും. കൂട്ടത്തില്‍ അരികില്‍ സ്വര്‍ണ മുത്തുകള്‍ തുന്നിപ്പിടിപ്പിച്ചും കുഞ്ചലം പിടിപ്പിച്ചും ആകര്‍ഷകമാക്കുന്നുണ്ട്.എംബ്രോയ്ഡറിയും കുന്തന്‍ വര്‍ക്കും സീക്വന്‍സുകളും കല്ലുകളും മുത്തുകളും കണ്ണാടിച്ചില്ലുകളും കൊണ്ട് അലങ്കരിച്ച ദാവണികള്‍ വിവാഹ സത്കാരങ്ങള്‍ക്കും പാര്‍ട്ടികള്‍ക്കും എല്ലാം അങ്ങേയറ്റം ചേരും.

വിവാഹ നിശ്ചയവേളയില്‍ ദാവണി അണിഞ്ഞിരുന്നുവെങ്കില്‍ ഇന്ന് പലരും വിവാഹവേഷമായി തന്നെ ദാവണി ഉപയോഗിക്കുന്നുണ്ട്.ദാവണി ഇപ്പോള്‍ ബ്രൈഡല്‍ വെയര്‍ മാത്രമല്ല വെഡിങ് ഈവ് ഡ്രസുമാണ്. ലിനന്‍ മെറ്റീരിയലിലെ ദാവണിയാണ് ക്രിസ്ത്യന്‍ വധുക്കള്‍ കൂടുതലും അണിയുന്നത്. വിവാഹത്തിനും വിവാഹത്തലേന്നുമൊക്കെ ചട്ടയും മുണ്ടും അണിഞ്ഞ് പാരമ്പര്യത്തിലേക്ക് തിരിച്ചു പോകുന്നത് പതിവാക്കിയ കാലത്ത് ഓഫ് വൈറ്റ് ലിനന്‍ ദാവണി ചട്ടയ്ക്കും മുണ്ടിനും പകരം ധരിക്കാം. പരമ്പരാഗത ചട്ടയും മുണ്ടും ധരിച്ച് ശീലമില്ലാത്തവര്‍ക്ക് പിറകില്‍ ഡിറ്റാച്ചബിള്‍ ഞൊറി വച്ചു പിടിപ്പിച്ച, കവണിക്ക് പകരം പല പ്ലീറ്റുകളായി മടക്കി വയ്ക്കാവുന്ന ദുപ്പട്ടയുളള ദാവണി സെറ്റ് അനുഗ്രഹമാണ്.ഞൊറി മാറ്റി വച്ചാല്‍ പാര്‍ട്ടികള്‍ക്ക് ദാവണിയായിത്തന്നെ ധരിക്കാം. ദുപ്പട്ടയില്‍ നിറയെ വര്‍ക്ക് ചെയ്തവയും ദാവണി പാവാടയുടെ അരികുകളില്‍ നിറയെ വര്‍ക്ക് ചെയ്തവയുമാണ് വിവാഹവേഷമായി ഉപയോഗിക്കുന്നത്. റെഡി റ്റു സ്റ്റിച്ച് ദാവണികള്‍ക്കൊപ്പം ഫ്യൂഷന്‍ ദാവണികളും ഇന്നത്തെ ട്രെന്‍ഡാണ്.