മുഖം തിളങ്ങാന്‍ വേണം മെഡി ഫേഷ്യല്‍


FEBRUARY 10, 2020, 10:24 AM IST

സൗന്ദര്യ സംരക്ഷണത്തിനുള്ള എളുപ്പമാര്‍ഗമായാണ് ഫേഷ്യലുകളെ കാണുന്നത്. കൃത്യമായ ഇടവേളകളിലും പ്രത്യേക ചടങ്ങുകള്‍ക്കു വേണ്ടിയും ഫേഷ്യല്‍ ചെയ്യുന്ന രീതിയുണ്ട്. പാശ്ചാത്യ രാജ്യങ്ങളില്‍ മെഡി ഫേഷ്യല്‍ ആണ് വ്യാപകമായി ഉപയോഗിക്കുന്നത്. ഫേഷ്യലിന്റെ ഏറ്റവും മെച്ചപ്പെട്ട രൂപമെന്ന് മെഡിഫേഷ്യലുകളെ വിശേഷിപ്പിക്കാം. മെഷീന്‍ സഹായത്തോടെയുള്ള ഈ ഫേഷ്യല്‍ രീതി ഇന്ത്യയിലും പ്രശസ്തി ആര്‍ജിക്കുകയാണ്.ചര്‍മത്തിന്റെ പ്രത്യേകതകള്‍ മനസ്സിലാക്കി, പോഷക സമൃദ്ധമായ ഘടകങ്ങള്‍ ഉപയോഗിച്ചുള്ള ഫേഷ്യല്‍ സമ്പ്രദായമാണിത്. ചര്‍മത്തിന്റെ ഗുണം മെച്ചപ്പെടുകയും മികച്ച ഫലം ദീര്‍ഘകാലം നിലനില്‍ക്കുകയും ചെയ്യും എന്നതാണ് മെഡി ഫേഷ്യലിന്റെ പ്രധാന ഗുണം.ഫേഷ്യല്‍ ചെയ്യുമ്പോള്‍ ഉപയോഗിക്കുന്ന വസ്തുക്കള്‍, രീതി, സമയം ഇതെല്ലാം എല്ലാവര്‍ക്കും ഒന്നായിരിക്കും. എന്നാല്‍ ഒരാളുടെ ചര്‍മത്തിന്റെ ഗുണം, പ്രത്യേകതകള്‍, പോരായ്മകള്‍, പ്രായം എന്നിവ പരിഗണിച്ചാണ് മെഡി ഫേഷ്യല്‍ ചെയ്യുന്നത്.ക്ലെന്‍സിങ്, സ്‌ക്രബിങ്, മസാജ്, മാസ്‌കിങ് എന്നീ ഘട്ടങ്ങളിലെല്ലാം മെഷീന്‍ പ്രവര്‍ത്തിപ്പിക്കുക ചര്‍മത്തിന്റെ സ്വഭാവം മനസ്സിലാക്കി ആയിരിക്കും. ഭാവിയില്‍ ചര്‍മത്തിന് ദോഷം ഉണ്ടാകില്ല എന്ന് ഇതിലൂടെ ഉറപ്പുവരുത്തുന്നു.ചര്‍മത്തിന്റെ അടിയിലുള്ള പാളികളില്‍ ഇറങ്ങി പ്രവര്‍ത്തിക്കുന്നതിനാലാണ് ദീര്‍ഘകാലം ഫലം ലഭിക്കുന്നത്. ഹൈഡ്രാ ഫേഷ്യല്‍, വാംപെയര്‍ ഫേഷ്യല്‍, ഓക്‌സിറിവൈവ്, പവര്‍ ഗ്ലോ എന്നിങ്ങനെ പലതരം മെഡി ഫേഷ്യലുകള്‍ ലഭ്യമാണ്.