മാസ്‌കുകള്‍ സ്വര്‍ണത്തിലും വജ്രത്തിലും 


AUGUST 1, 2020, 11:36 AM IST

കോവിഡ് വ്യാപനത്തെ പ്രതിരോധിക്കുന്നതിന്റെ ഭാഗമായാണ് മാസ്‌ക് ധാരണം നിബന്ധമാക്കിയത്. മാസ്‌ക് ധരിക്കാതെ പുറത്തിറങ്ങുന്നവര്‍ക്കെതിരെ കര്‍ശന നടപടിയാണ് സ്വീകരിക്കുന്നത്. മാസ്‌കിന്റെ നിര്‍മ്മാണവും ഇപ്പോള്‍ ഫാഷന്‍ ട്രെന്‍ഡുകളെ മുന്‍നിര്‍ത്തിയാണ്. കോട്ടണ്‍ മാസ്‌ക്കുകളും, എന്‍ 95 മാസ്‌ക്കുകളും, ഡിസൈനര്‍ മാസ്‌ക്കുകളുമെല്ലാം വിപണിയില്‍ സജീവമാണ്. ഇതോടൊപ്പം സ്വര്‍ണത്തിലും, വജ്രക്കല്ലുകള്‍ പിടിപ്പിച്ചതുമായ മാസ്‌ക്കുകളും വിപണിയിലുണ്ട്.

സ്വര്‍ണത്തിലും വജ്രത്തിലുമുള്ള മാസ്‌കുകള്‍ വിവാഹ വേദികളിലാണ് തരംഗമാകുന്നത്. ആന്ധ്രാപ്രദേശിലെ സൂറത്തിലാണ് സ്വര്‍ണം കൊണ്ടുള്ള മാസ്‌ക് ഉണ്ടാക്കിയത്. വിവാഹത്തിന് വധൂവരന്‍മാര്‍ക്ക് ധരിക്കുന്നതിനായി ഒരു ഉപഭോക്താവിന്റെ ഓര്‍ഡര്‍ അനുസരിച്ചാണ് ആദ്യമായി സ്വര്‍ണ മാസ്‌ക് നിര്‍മ്മിച്ചതെന്ന് ജ്വല്ലറി ഉടമ പറഞ്ഞു. പിന്നീട് നിരവധി ആളുകള്‍ ഇതേ മാസ്‌ക്കിന് ഓര്‍ഡര്‍ ചെയ്യുകയും ചെയ്തിരുന്നു. തുടര്‍ന്നാണ് വിവിധ ഡിസൈനുകളിലെ സ്വര്‍ണ്ണ മാസ്‌ക്കുകളും ഡയമണ്ട് മാസ്‌ക്കുകളും വിപണിയിലെത്തിച്ചത്.

ഒന്നര ലക്ഷം മുതല്‍ നാല് ലക്ഷം വരെയാണ് മാസ്‌ക്കിന്റെ വില. സ്വര്‍ണ്ണ മാസ്‌ക്കുകളില്‍ ഡയമണ്ട് കല്ല് പതിപ്പിച്ച മാസ്‌ക്കുകള്‍ക്ക് ഒന്നര ലക്ഷം രൂപ വില വരും. എന്നാല്‍ വൈറ്റ് ഗോള്‍ഡില്‍ ഡയമണ്ട് കല്ലുവച്ച മാസ്‌ക്കിന് നാലു ലക്ഷം രൂപയാണ് വില. ഗവണ്‍മന്റിന്റെ മാര്‍ഗനിര്‍ദേശങ്ങളനുസരിച്ച് സുരക്ഷയ്ക്കും തുല്ല്യ പ്രാധാന്യം നല്‍കിയാണ് മാസ്‌ക് നിര്‍മ്മിച്ചിട്ടുള്ളതെന്ന് സ്വര്‍ണ്ണവ്യാപാരിയായ ദീപക് ചോക്‌സി പറഞ്ഞു. മാത്രമല്ല കസ്റ്റമര്‍ക്ക് വേണമെങ്കില്‍ ഈ മാസ്‌ക്കിലെ സ്വര്‍ണവും വജ്രക്കല്ലുകളും പിന്നീട് മറ്റ് ആഭരണങ്ങള്‍ നിര്‍മ്മിക്കാനും സാധിക്കും.