‘പുല്ലിന്റെ കറ’യുള്ള ജീൻസ് ; വില 88,000 രൂപ 


SEPTEMBER 25, 2020, 7:04 PM IST

കിറുക്കൻ ആശയങ്ങൾ കൊണ്ട് ഇടയ്ക്കിടെ ഫാഷന്‍ ലോകത്തെ അദ്ഭുതപ്പെടുത്തുന്ന ഇറ്റാലിയൻ ആഡംബര ബ്രാൻഡായ ഗൂച്ചിയുടെ   ഏറ്റവും പുതിയതാണ് ‘പുല്ലിന്റെ കറ’ പിടിച്ച ഗൂച്ചി ജീൻസ്. 

 

ഈ വർഷത്തെ വിന്റർ കളക്‌ഷന്റെ ഭാഗമായാണ് പുല്ലിന്റെ കറ പോലെ ഡിസൈനുളള ജീൻസ് ഗൂച്ചി അവതരിപ്പിച്ചത്. കാൽമുട്ടിന്റെ ഭാഗത്താണ് ഈ കറ സ്ഥാനം പിടിച്ചിട്ടുള്ളത്. ഓർഗാനിക് കോട്ടൻ കൊണ്ടുള്ള ഈ ജീൻസ് വൈഡ് ലെഗ് സ്റ്റൈലിലാണ് ഡിസൈൻ ചെയ്തിരിക്കുന്നത്. 1,200 ഡോളർ (ഏകദേശം 88,290 ഇന്ത്യന്‍ രൂപ) ആണ് വില.

1,400 വിലയുള്ള ഇതിന്റെ മറ്റൊരു മോഡലും കമ്പനി അവതരിപ്പിച്ചിട്ടുണ്ട്. കൂടുതൽ പോക്കറ്റുകളും കറയും വിലകൂടിയ ഈ മോഡലിൽ ഉണ്ടാകും.

2019 ൽ ‘ചെളി പിടിച്ച’ ഡിസൈനിലുള്ള ഷൂസ് ആയിരുന്നു ഗൂച്ചി അവതരിപ്പിച്ചത്. 60,000 രൂപയായിരുന്നു അതിന്റെ വില. ആ ഷൂസും ഫാഷൻ ലോകത്ത് ചർച്ചയായിരുന്നു.