ചെറുപ്പക്കാർക്ക് ‘കഫ്‌താൻ’ പ്രണയം 


NOVEMBER 27, 2020, 6:01 PM IST

ലോക്‌ഡൗണിൽ പുറത്തിറങ്ങാതെ വീട്ടിലിരുന്ന നാളുകളിലാണ് ഒരു പേർഷ്യൻ വസ്ത്രത്തിൽ  ഫാഷനിസ്റ്റകളുടെ മനസ്സുടക്കിയത്. വീട്ടിൽ ധരിക്കാൻ സൗകര്യം. പുറത്തിറങ്ങിയാൽ ട്രെൻഡി, ഇനി അതേപടി കിടന്നുറങ്ങിയേക്കാം എന്നു തോന്നിയാൽ അതും സുഖകരം. കഫ്‌താൻ ആദ്യമായല്ല നാട്ടിലെ ഫാഷൻ ഹിറ്റ് ലിസ്റ്റിൽ കയറുന്നത്. പക്ഷേ പരിമിതികളുടെ കോവിഡ് നാളുകളിൽ ഫാഷൻ ചിന്തകൾക്കൊരു മേക്ക് ഓവർ കൂടിയാണ് ഈ വസ്ത്രം നൽകിയത്.

ബോളിവുഡ് താരങ്ങളായ കരീന കപൂർ, സോനാക്ഷി സിൻഹ, മലൈക അറോറ, ശിൽപ ഷെട്ടി, ദിയ മിർസ തുടങ്ങിയവർ ഫ്രീസൈസ് കഫ്‌താനെ ഹോട് ട്രെൻഡ് ആക്കി. നീളൻ കൂടിയതും കുറഞ്ഞതുമായ പല പാറ്റേണുകളിൽ, പല രീതിയിൽ സ്റ്റൈൽ ചെയ്യാമെന്നതും ചെറുപ്പക്കാരുടെ ഇഷ്ടവസ്ത്രമാക്കി. ദോത്തി പാന്റിനൊപ്പവും സ്കർട്ടിനൊപ്പവും കഫ്‌താൻ കൂട്ടുകൂടി. ആഘോഷക്കാലമെത്തിയപ്പോഴും കഫ്‌താൻ തന്നെ കളം നിറഞ്ഞു. എംബ്രോയ്‌ഡറിയും ഡിജിറ്റൽ പ്രിന്റുകളും ചേർത്താണ് ദീപാവലിക്കായി കഫ്‌താൻ രൂപം മാറിയത്. കംഫർട്ട് വെയറിൽ നിന്ന് ട്രഡിഷനൽ ആയും ഫെസ്റ്റിവ് ആയുമുള്ള രൂപമാറ്റത്തോടെ കഫ്‌താനെ പെട്ടെന്നൊന്നും കൈവിടില്ലെന്നുറപ്പിക്കുന്നു ഫാഷൻ പ്രേമികൾ.