ലാക്‌മേയില്‍ ചുവടുവച്ച് ചേന്ദമംഗലം കൈത്തറി 


FEBRUARY 20, 2020, 10:06 PM IST

രാഹുല്‍ മിശ്രയുടെ ഡിസൈനര്‍ ജീവിതത്തിന്റെ ബഹുദൂര യാത്രയുടെ ഒരു വട്ടമെത്തിയ വേദിയായി കഴിഞ്ഞയാഴ്ച നടന്ന ലാക്‌മേ 2020 സമ്മര്‍ റിസോര്‍ട്ട് എഡിഷന്‍. 20 വര്‍ഷങ്ങളുടെ ഗൃഹാതുരതയുമായി ലാക്‌മേ റാംപ് ഉണര്‍പ്പോള്‍ ജെന്‍നെക്സ്റ്റിന്റെ ഭാഗമായി ആദ്യ കലക്ഷന്റെ ഓര്‍മയുണര്‍ത്തി രാഹുല്‍ മിശ്രയുമെത്തി. ഈ യാത്രയ്‌ക്കൊപ്പം ആ വേദിയില്‍ രാഹുലിന്റെ കൈപിടിച്ചത് കേരള കൈത്തറിയും.

രാഹുലിന്റെ ഡിസൈനര്‍ ജീവിതത്തിന്റെ തുടക്കം തന്നെ കേരള കൈത്തറിയിലാണ്. എന്‍ഐഡിയിലെ പഠനത്തിന്റെ ഭാഗമായി രാഹുല്‍ ആര്‍&ഡി നടത്തിയത് ബാലരാമപുരം കൈത്തറിയിലാണ്. ലാക്‌മേയുടെ ജെന്‍ നെക്സ്റ്റ് വേദിയില്‍ തുടക്കക്കാരനായി എത്തുമ്പോള്‍ രാഹുല്‍ അവതരിപ്പിച്ചതാകട്ടെ പൂര്‍ണമായും കേരള കൈത്തറിയില്‍ ഒരുക്കിയ ഏഴു ഡിസൈനുകള്‍. അതും 7 റിവേഴ്‌സിബിള്‍ ഡിസൈനര്‍ വസ്ത്രങ്ങള്‍. വെറുതെ പുറംമറിച്ചിടാവുന്ന വസ്ത്രമല്ല, രണ്ടു ഭാഗങ്ങളിലും രണ്ടു രീതിയില്‍ ഡിസൈന്‍ വരുന്ന വസ്ത്രങ്ങളാണ് രാഹുല്‍ മിശ്ര അന്നൊരുക്കിയത്. ആ ഡിസൈനര്‍ സ്പര്‍ശത്തിനു മുന്നിലാണ് വെന്‍ഡെല്‍ റൊഡ്രിക്‌സും സബ്യസാചി മുഖര്‍ജിയും ഉള്‍പ്പെടെയുള്ള ഡിസൈനര്‍മാര്‍ ഹര്‍ഷാരവും മുഴക്കി എഴുന്നേറ്റു നിന്നതും. ഈ ഡിസൈനര്‍ മികവിന് വിദേശ സ്‌കോളര്‍ഷിപ്പും അന്ന് അദ്ദേഹം നേടിയിരുന്നു. മിലാനില്‍ നിന്ന് ലാക്‌മേ വേദിയിലെത്തിയ വേളയില്‍ ജീവിതത്തിലെ ഈ രണ്ടു ദൂരങ്ങളും സമന്വയിപ്പിച്ച കലക്ഷനാണ് രാഹുല്‍ റാംപിലെത്തിച്ചത്. മിലാനിലെ ഷോയുടെ ഭാഗമായി ഒരുക്കിയ ഹാന്‍ഡ് വര്‍ക്ക് നിറഞ്ഞ വസ്ത്രത്തിനൊപ്പം പലാസോയായി ചേന്ദമംഗലത്തെ കൈത്തറി അകമ്പടിയായി. സേവ് ദ് ലൂം കൂട്ടായ്മയിലൂടെ ചേന്ദമംഗലത്തെ തറികളുടെ പുനരുദ്ധാരണത്തിനു നേതൃത്വം നല്‍കിയ ഫാഷന്‍ കണ്‍സല്‍റ്റന്റ് രമേഷ് മേനോനാണ് ഒരിക്കല്‍കൂടി കേരള കൈത്തറി രാഹുലിന്റെ മുന്നിലെത്തിച്ചത്. ഇത്തവണ ചരിത്ര വേദിയില്‍ ചുവടുവയ്ക്കാനുള്ള നിയോഗം ചേന്ദമംഗലം കൈത്തറിയ്ക്കായിരുന്നു!