രാജകീയ പ്രൗഢിയോടെ നവവധുവായി കാജൽ അഗർവാൾ 


NOVEMBER 2, 2020, 10:44 AM IST

നടി കാജൽ അഗർവാൾ നവവധുവായി ഒരുങ്ങിയത് സെലിബ്രിറ്റി ഡിസൈനർ അനാമിക ഖന്ന ഒരുക്കിയ ലെഹങ്കയിൽ. ചുവപ്പും പിങ്കും നിറങ്ങളിൽ അതിമനോഹരമായി ഡിസൈൻ ചെയ്ത് ലെഹങ്കയിൽ രാജകീയ പ്രൗഢിയോടെയാണ് താരസുന്ദരി ഗൗതം കിച്ച്ലുവിന്റെ ജീവിതസഖിയായത്.  

ഫ്ലോറൽ പാറ്റേണിലുള്ള സർദോസി എംബ്രോയ്ഡറിയാണ് ലെഹങ്കയെ രാജകീയമാക്കിയത്. പിങ്ക് നിറത്തിലുള്ള ഷീർ ദുപ്പട്ടയും എംബ്രോയ്ഡറി വർക്കുകളാൽ സമ്പന്നമായിരുന്നു. 20 പേർ ഒരു മാസത്തോളം എടുത്താണ് ലെഹങ്ക ഒരുക്കിയത്.  

ജയ്പൂരി ജ്വല്ലറി ഡിസൈനർ സുനിത ഷെക്വത്തിന്റെ കലക്‌ഷനില്‍ നിന്നുള്ള രാജകീയ വിവാഹ ആഭരണങ്ങളാണ് ആക്സസറൈസ് ചെയ്തത്. പഞ്ചാബി വിവാഹങ്ങളിലെ അവിഭാജ്യ ഘടകമായ കലീറാസ് എന്ന ആഭരണവും കാജല്‍ ധരിച്ചിരുന്നു. പ്രശസ്ത കലീറാസ് ഡിസൈനർ മൃനാളിനി ചന്ദ്രയാണ് താരസുന്ദരിക്കായി ഇത് പ്രത്യേകം തയാറാക്കിയത്.

അനിത ഡോൻഗ്ര ഡിസൈൻ ചെയ്ത ഷെർവാണിയായിരുന്നു വരന്റെ വേഷം. മൻഡാരിന്‍ കോളർ ആയിരുന്നു ഷെർവാണിയുടെ പ്രത്യേകത. 1,15,000 രൂപയാണ് ഇതിന്റെ വില.  

ഒക്ടോബർ 30 വെള്ളിയാഴ്ച മുംബൈയിലെ താജ് ഹോട്ടലിലായിരുന്നു വിവാഹം. ഗൗതം കിച്ച്ലു ബിസിനസ്സുകാരനാണ്. തെലുങ്ക്, പഞ്ചാബി, കശ്മീരി ആചാരങ്ങള്‍ സംയോജിപ്പിച്ചായിരുന്നു ചടങ്ങുകൾ.