കിമോണോ ഇപ്പോള്‍ ഒരു വസ്ത്രമല്ല, വിവാദമാണ്


JULY 10, 2019, 7:50 PM IST

അമേരിക്കന്‍ നടിയും പോപ്പ് താരവുമായ കിം കര്‍ദാഷിയാന്‍ പുതുതായി രൂപകല്‍പന ചെയ്ത 'ഷേയ്പ് വെയര്‍' വസ്ത്രനിര വന്‍ വിവാദത്തിന് തിരികൊളുത്തിയിരിക്കുന്നു. 

സ്ത്രീകള്‍ക്കുള്ള 'ലിംഗറി' (ശരീരത്തോട് ഒട്ടിക്കിടക്കുന്ന വസ്ത്ര) നിരയ്ക്ക് ഇട്ട പേരാണ് കര്‍ദാഷിയാനെ കുഴപ്പത്തില്‍ ചാടിച്ചിരിക്കുന്നത്. പേരിതാണ്: 'കിമോണോ', ലോകത്തെല്ലാവര്‍ക്കും സുപരിചിതമായ ജാപ്പനീസ് സ്ത്രീകളുടെ വസ്ത്രം. ശരീരമാകെ മൂടുന്ന ഒരു പരമ്പരാഗത വസ്ത്രത്തിന്റെ പേര് സ്ത്രീകളുടെ അടിവസ്ത്രത്തിനിട്ടത് സംസ്‌കാരബോധമില്ലാത്ത പ്രവൃത്തിയായിപ്പോയി എന്നാണ് വിമര്‍ശനം. 

കര്‍ദാഷിയാന്‍ സത്യത്തില്‍ ചെയ്തത് തന്റെ പേര് ചെറുതായൊന്ന് മാറ്റി താന്‍ രൂപകല്‍പന ചെയ്ത വസ്ത്രനിരയ്ക്ക് നല്‍കുകയായിരുന്നു. കിം സൃഷ്ടിച്ച 'കിമോണോ' എന്ന അര്‍ത്ഥത്തില്‍. പക്ഷെ അമേരിക്കന്‍ സാംസ്‌കാരിക തന്‍പ്രമാണിത്തമാണെന്നും ജാപ്പനീസ് പാരമ്പര്യത്തോടുള്ള അവഹേളനമാനെന്നുമൊക്കെയുള്ള വിമര്‍ശനം അമേരിക്കയിലും പുറത്തും ഉയരുകയാണ്. 

'കിമോണോ കിമ്മിന്റെ ഷേപ്പ് വെയര്‍ അനുഭവങ്ങളില്‍ നിന്ന് ഉടലെടുത്തതാണ്. ഏത് ശരീരത്തിനും ചേരുന്ന വസ്ത്രനിര സൃഷ്ടിക്കാനുള്ള തീവ്രമായ അഭിലാഷമായിരുന്നു അതിന് പിന്നില്‍. (സ്ത്രീ) ശരീരത്തെ പുല്‍കിയുയര്‍ത്തി ശില്പഭംഗി നല്‍കുക എന്ന ലക്ഷ്യത്തോടെ...' ഇങ്ങിനെയാണ് കര്‍ദാഷിയാന്റെ വെബ്‌സൈറ്റ് പുതിയ വസ്ത്രനിരയെ വിശേഷിപ്പിക്കുന്നത്. 

പക്ഷെ മറ്റുള്ളവര്‍ അങ്ങിനെ കാണാന്‍ തയ്യാറല്ല. 'കിമോണോ' എന്ന് അടിവസ്ത്രനിരയ്ക്ക് പേരിടാനുള്ള തീരുമാനം പുനഃപരിശോധിക്കണമെന്ന് അഭ്യര്‍ത്ഥിച്ച് ജപ്പാനിലെ ക്യോട്ടോ നഗരപിതാവ് ഡൈസക്കു കഡാക്കോവ  കര്‍ദാഷിയാന് കത്തെഴുതിയിരിക്കുകയാണ്. 

ജപ്പാന്റെ സാംസ്‌കാരിക ഈടുവയ്പ്പായ 'കിമോണോ' ലോകത്തെമ്പാടുമുള്ളവര്‍ സ്വീകരിക്കുകയാണെന്നും യുനെസ്‌കോയുടെ ഇന്‍ടാഞ്ജിബിള്‍ കള്‍ച്ചറല്‍ ഹെറിറ്റേജ് ലിസ്റ്റില്‍ പെടുത്തി 'കിമോണോ സംസ്‌കാര'ത്തെ സംരക്ഷിക്കുകയാണെന്നും ചൂണ്ടിക്കാട്ടുന്ന കത്ത് കര്‍ദാഷിയാനെ ക്യോട്ടോ നഗരം സന്ദര്‍ശിക്കാന്‍ ക്ഷണിച്ചുകൊണ്ടാണ് അവസാനിക്കുന്നത്.

സാമൂഹികമാധ്യമങ്ങളില്‍ കര്‍ദാഷിയാനെതിരെയുള്ള വിമര്‍ശനം കുറേക്കൂടെ രൂക്ഷമാണ്. 

താന്‍ വിവാഹത്തിനണിഞ്ഞ കിമോണോ ധരിച്ചെടുത്ത ചിത്രത്തിനൊപ്പം ട്വിറ്ററില്‍ മിസാക്കോ ഓയ് എന്ന വനിതാ എഴുതുന്നു: 'ഇത് ഞാന്‍ എന്റെ വിവാഹത്തിന് അണിഞ്ഞ കിമോണോ ആണ്. കര്‍ദാഷിയാനോട് എനിക്കൊന്ന് ചോദിക്കാനുണ്ട്: അവര്‍ തന്റെ വിവാഹത്തിനോ മാമോദിസായ്‌ക്കോ അണിഞ്ഞ വസ്ത്രം അടിവസ്ത്രമാണെന്ന് ആരെങ്കിലും പറഞ്ഞാല്‍ അവര്‍ക്കെന്ത് തോന്നും?'