മനം പോലെ കുര്‍ത്തകള്‍


JUNE 3, 2019, 3:31 PM IST


ജെന്റ്‌സ് വസ്ത്രരംഗത്ത് തരംഗമായി കുര്‍ത്ത ഷര്‍ട്ടുകള്‍. ഷര്‍ട്ടിന്റെ ബട്ടണ്‍സുകള്‍ പുറത്ത് കാണാത്ത രീതിയിലുള്ള പുതിയ ഡിസൈനിംഗിലാണ് കുര്‍ത്ത ഷര്‍ട്ടുകള്‍ പുറത്തിറക്കിയിട്ടുള്ളത്.

ബട്ടണ്‍സിന്റെ പുറത്ത് ഒരു കവറിംഗ് കൂടി നല്‍കിയാണ് കുര്‍ത്ത ഷര്‍ട്ടുകള്‍ അണിയിച്ചൊരുക്കിയിട്ടുള്ളത്. ഒന്നോ രണ്ടോ ബട്ടണ്‍സുകള്‍ മാത്രം പുറത്ത് കാണിക്കുന്ന തരത്തിലുള്ള മോഡലും പുറത്തിറങ്ങിയിട്ടുണ്ട്. ബക്രീദ് ഓണം വിപണിയില്‍ ജെന്റ്‌സ് ഷര്‍ട്ട് വില്‍പ്പനയില്‍ കുര്‍ത്ത മോഡലിന് വന്‍ ഡിമാന്റായിരുന്നു.

കൂടാതെ കാര്‍ഗോ മോഡല്‍ ഷര്‍ട്ടും വീണ്ടും വിപണിയിലെത്തിയിട്ടുണ്ട്. കടും നിറത്തിലുള്ള കളറുകളില്‍ പുറത്തിറങ്ങുന്ന കാര്‍ഗോ ഷര്‍ട്ടുകള്‍ അന്വേഷിച്ച്എത്തുന്ന യുവാക്കള്‍ നിരവധിയാണ്. ഇരുവശങ്ങളിലും പോക്കറ്റുള്ള ഷര്‍ട്ടുകളില്‍ എക്‌സ്ട്രാ ഫിറ്റിംഗിനാണ് പ്രാധാന്യം കൂടുതല്‍. നേരത്തെ ഇത്തരം പാന്റ്‌സും വിപണി കീഴടക്കിയിരുന്നു. പാന്റ്‌സില്‍ കാര്‍ഗോ മോഡല്‍ വലിയ പ്രചാരത്തിലില്ലെങ്കിലും ഷര്‍ട്ട് വിപണിയില്‍ വീണ്ടും വന്‍ തിരിച്ചുവരവാണ് കാണിക്കുന്നത്. ചൈനീസ് കോളര്‍ ഷര്‍ട്ടുകള്‍ക്കും പ്രിയമേറിയിട്ടുണ്ട്. കോളറിന് പകരം ജുബ്ബ മോഡല്‍ കോളറാണ് ചൈനീസ് കോളറിന്റെ പ്രത്യേകത. പ്രിന്റ് ടൈപ്പ് ഷര്‍ട്ടുകള്‍ക്കും ആവശ്യക്കാരേറെയുണ്ട്. 120 ഓളം തരത്തിലാണ് പ്രിന്റ് ഷര്‍ട്ടുകള്‍ വിപണിയിലിറങ്ങിയിരിക്കുന്നത്. കോട്ടണ്‍, ലിനന്‍, കോട്ടണ്‍ സാറ്റണ്‍മിക്‌സ് തുടങ്ങിയ തരംതുണികളിലുള്ള ഷര്‍ട്ടുകള്‍ക്കാണ് പ്രിയമേറെ. സാറ്റണ്‍ ഫാബ്രിക്‌സില്‍ തന്നെ മൂന്ന് തരം ഷര്‍ട്ടുകള്‍ ഇറക്കിയിട്ടുണ്ട്.

തിളക്കമേറെ കാണുന്നതാണ് സാറ്റണ്‍ ഫാബ്രിക്‌സ്. ഗുണമേന്മയുള്ള ഷര്‍ട്ടുകള്‍ക്ക് 400 രൂപ മുതല്‍ ഉള്ളതിനാണ് ആവശ്യക്കാര്‍ കൂടുതല്‍. 1200 രൂപവരെയുള്ള കോട്ടണ്‍ ഷര്‍ട്ടുകള്‍ക്കാണ് ഡിമാന്റ്. വിവിധ ബ്രാന്റഡ് എക്‌സിക്യൂട്ടീവ് ഷോറൂമുകളില്‍ ആയിരത്തിന് മുകളിലുള്ള തുണികള്‍ക്കാണ് ആവശ്യക്കാരുള്ളത്. അതേസമയം വില കുറഞ്ഞ ഷര്‍ട്ടുകളുമായും വ്യാപാരികള്‍ രംഗത്തുണ്ട്. എന്നാല്‍ 400 രൂപ മുതലുള്ള ഷര്‍ട്ടുകള്‍ക്ക് തന്നെയാണ് ഡിമാന്റ്. പാന്റ്‌സ് വിപണിയില്‍ ജീന്‍സും പാന്റുകളും തമ്മില്‍ നല്ല മത്സരമാണ്. ജീന്‍സിന് തന്നെയാണ് യുവാക്കള്‍ മുന്‍ഗണന നല്‍കുന്നത്. 'ലോ വെയ്സ്റ്റ്' പാന്റുകള്‍ക്കാണ് വിദ്യാര്‍ത്ഥികള്‍ക്കിടയില്‍ പ്രിയം കൂടുതല്‍. 350 രൂപ മുതല്‍ 2000 രൂപവരെയുള്ള പാന്റുകള്‍ക്കാണ് കൂടുതല്‍ വിപണന സാധ്യത. ടി ഷര്‍ട്ടുകള്‍ക്കും വിപണിയില്‍ നല്ല വില്‍പ്പന നടക്കുന്നുണ്ട്. പ്രിന്റഡ് ടി ഷര്‍ട്ട്, സ്‌ട്രൈപ്പ് ടി ഷര്‍ട്ട് എന്നിവക്കാണ് ഡിമാന്റ് കൂടുതല്‍. എന്നാലും ടി ഷര്‍ട്ടുകള്‍ക്ക് മുന്‍കാലങ്ങളെ അപേക്ഷിച്ച് വില്‍പ്പന കുറവാണെന്നും വ്യാപാരികള്‍ പറയുന്നു.