വിവാഹത്തിന് ലെഹങ്കയിൽ തിളങ്ങാം 


JULY 2, 2022, 5:02 PM IST

വെഡ്ഡിങ്  ഔട്ട്ഫിറ്റുകളിൽ ലെഹങ്കയുടെ മേൽക്കോയ്മ പ്രകടമാണ്. ഉത്തരേന്ത്യൻ വിവാഹങ്ങളിൽ പ്രമുഖ സ്ഥാനം അലങ്കരിച്ചിരുന്ന ലെഹങ്ക ഇപ്പോൾ ദക്ഷിണേന്ത്യൻ വിവാഹങ്ങളിലും താരമായിരിക്കുന്നു. ഫാഷൻ ലോകത്ത് തിളങ്ങി നിൽക്കുന്ന ചില ലെഹങ്ക സ്റ്റൈൽസ് നമുക്ക് നോക്കാം.

 അനാർക്കലി ലെഹങ്ക

പരമ്പരാഗത പാറ്റേൺ ആണ് എ-ലൈൻ അഥവാ അനാർക്കലി ലെഹങ്ക. ഒരിക്കലും ട്രെൻഡ് ഔട്ട് ആകാത്ത സ്റ്റൈൽ എന്ന് ഇതിനെ വിശേഷിപ്പിക്കാം. പ്രിൻസസ് ലുക്ക് ആഗ്രഹിക്കുന്നുവെങ്കിൽ ഇതിൽ കാൻ-കാൻ ഉപയോഗിച്ച് സ്കർട്ടിന്റെ വോളിയം കൂട്ടിയാൽ മതി. കലിദാർ ലെഹങ്ക സ്റ്റൈലിലും ഇത് തയ്ക്കാം. 8, 16 , 32 എന്നിങ്ങനെ കലികളുടെ എണ്ണം കൂട്ടി ആവശ്യത്തിന് ഫ്ലെയർ കൊണ്ടു വരാം.

 പെപ്ലം സ്റ്റൈൽ

പെട്ടെന്നു ശ്രദ്ധ ആകർഷിക്കുന്ന വ്യത്യസ്തമായ സ്റ്റൈൽ ആണ് പെപ്ലം. സമകാലിക ഫാഷനെയും ട്രെഡീഷനെയും ബ്ലെൻഡ് ചെയ്തുള്ള ലുക്ക് നൽകാൻ ഈ പാറ്റേണിന് കഴിയും. ബ്ലൗസിന്റെ യോക്കിൽ നിന്നു താഴെ ഹിപ്സ് വരെയോ, കുർത്തി ലെംഗ്തിലോ ഫ്ലെയർ വരുന്നതിനെയാണ് പെപ്ലം എന്ന് പറയുന്നത്. ഒരേസമയം ഫാഷനബിൾ ആൻഡ് കംഫർട്ടബിൾ ആയ ഈ ലുക്ക് വിവിധ നെക്ക് ഡിസൈനുകൾ ആയി ചേർന്നു പോകും. സ്കൂപ് നെക്ക്, കോളർ നെക്ക്, വി-നെക്ക് എന്നിവയോടൊപ്പം അനായാസം പെയർ ചെയ്യാം. ഒരേ ഫാബ്രിക് ഉപയോഗിച്ച് ടോപ്പും സ്കർട്ടും തയാറാക്കി യോക്ക് പോർഷണിൽ എംബ്രോയ്ഡറി ഡീറ്റെയിൽസ് കൊടുത്താൽ കൂടുതൽ മനോഹരമാകും . 

 ടെക്നോ കളർ ലെഹങ്ക

തൊണ്ണൂറുകളിൽ ഫാഷനിൽ വലിയ സ്ഥാനം നേടിയ മെറ്റാലിക് ഷെയ്ഡ് ഇപ്പോൾ തിരികെ വന്നിരിക്കുന്നു. ലൈറ്റിൽ വളരെയധികം തിളങ്ങുന്നതും സ്റ്റാൻഡ് ഔട്ട് ചെയ്യുന്നതുമായ ഫാബ്രിക് ഉപയോഗിച്ചുള്ള ലെഹങ്ക ആണിത്. സിംഗിൾ കളറിലും മൾട്ടികളറിലുമുള്ള ഫാബ്രിക്സ് മാർക്കറ്റിൽ ലഭിക്കും. ഓർഗൻസ ഫാബ്രിക് ആണ് ഏറ്റവും അനുയോജ്യം.

 ലെഹങ്ക സാരി

സാരിയുടെ ചാരുതയും ലെഹങ്കയുടെ ആകർഷണീയതയും ഒന്നിക്കുന്ന സ്റ്റൈൽ ആണിത്. ലെഹങ്ക സ്കർട്ടിനോടും ബ്ലൗസിനോടും ഒപ്പം ദാവണി മോഡലിൽ ദുപ്പട്ട ഡ്രേപ്പ് ചെയ്യുന്നതാണ് ഈ പാറ്റേൺ. പല സ്റ്റൈലിൽ ലെഹങ്ക സാരിയുടെ സ്കർട്ട് ഡിസൈൻ ചെയ്യാം. സാരി പോലെ റെഡിമെയ്ഡ് പ്ലീറ്റ്സ് സ്റ്റിച്ച് ചെയ്യുകയോ അല്ലെങ്കിൽ നോർമൽ അംബ്രല്ല, കലിദാർ പാറ്റേണിലോ ചെയ്തെടുക്കാം. വളരെ സ്റ്റൈലിഷും ട്രെൻഡിയും ആയിട്ടുള്ള ഈ ലുക്ക് ക്യാരി ചെയ്യുവാൻ വളരെ എളുപ്പവുമാണ്. 

 ജാക്കറ്റ് ലെഹങ്ക

മോഡസ്റ്റ് ലുക്കാണ് ആഗ്രഹിക്കുന്നതെങ്കിൽ യാതൊരു സംശയവുമില്ലാതെ ജാക്കറ്റ് ലെഹങ്ക തിരഞ്ഞെടുക്കാം. ബ്ലൗസിനും സ്കർട്ടിനും പുറമേ ഒരു ലോങ് ജാക്കറ്റ് വരുന്നതാണ് ഈ സ്റ്റൈൽ. ബ്ലൗസിനെ ജാക്കറ്റ് മറയ്ക്കും എന്നതിനാൽ സ്ലീവ്‌ലസ് അല്ലെങ്കിൽ തിൻ സ്ട്രാപ്പ് ബ്ലൗസ് പെയർ ചെയ്യാം. ബസ്റ്റിയർ, വി-നെക്, സ്വീറ്റ് ഹാർട്ട് നെക് എന്നീ ഡിസൈനുകൾ ഇവയുടെ ഭംഗി കൂട്ടും. ട്രെഡീഷനല്‍, കണ്ടംപററി സ്റ്റൈലുകൾ സമന്വയിപ്പിക്കുവാൻ ഇങ്ങനെ സാധിക്കുന്നു. സോഫ്റ്റ് ജാക്കറ്റ്, ഫ്ലോവി സ്കർട്ട് കോമ്പിനേഷൻ ശ്രദ്ധ ആകർഷിക്കും. ജാക്കറ്റിനുപകരം കുർത്തി മാച്ച് ചെയ്തും നിങ്ങൾക്ക് സമാനമായ ലുക്ക് ഒരുക്കാം. ഈ പാറ്റേൺ ഡിസൈൻ ചെയ്യുമ്പോൾ ഏതെങ്കിലും ഒരു പാർട്ടിന് ഊന്നൽ കൊടുക്കുന്നത് നല്ലതാണ്. സ്കർട്ട് സിംപിൾ ആണെങ്കിൽ മുകൾ ഭാഗം കൂടുതൽ ഹെവി ആക്കാൻ നോക്കാം. ഏതു ബോഡി ടൈപ്പിനും ചേരുന്ന പാറ്റേൺ ആണിത്. സ്ലിം ആന്‍ഡ് ടോൾ ഫീൽ നൽകുമെന്ന പ്രത്യേകതയുമുണ്ട്. 

 ലെയേർഡ് ലെഹങ്ക

വളരെ അനായാസം മോഡേൺ ലുക്ക് കൊണ്ടുവരാൻ ലെയറുകൾക്കും റഫിളുകൾക്കും സാധിക്കും. സ്കർട്ടിലോ അല്ലെങ്കിൽ ബ്ലൗസിലോ അതിന്റെ സ്ലീവ്സിലോ റഫിൾസും ലെയർസും ഉൾപ്പെടുത്താം. പ്ലേഫുൾ ആൻഡ് എലഗന്റ് ലുക്ക് ഇതിലൂടെ ലഭിക്കും. സ്കർട്ടും ലെഹങ്കയും പ്ലെയിനായിരിക്കണം എന്നുള്ളവർക്ക് ദുപ്പട്ടയിൽ ലെയേഴ്സ് നൽകാവുന്നതാണ്. മോണോക്രോമാറ്റിക് കളർ കോമ്പിനേഷൻ അല്ലെങ്കിൽ ഒരേ കളർ ഗ്രേഡിങ് ചെയ്ത് ഓംബ്രെ എഫക്റ്റ് കൊണ്ടുവരാവുന്നതാണ്. റഫിൾട് കോളർ, ഓഫ് ഷോൾഡർ, ബട്ടർഫ്ലൈ സ്ലീവ് എന്നിവയെല്ലാം ഈ ലുക്കിനോട് ചേരും. സ്കർട്ടിൽ അസിമ്മട്രിക്ക് ലെയർ പാറ്റേൺ കൊടുത്താൽ ലെഹങ്കയുടെ ഭംഗി കൂടും. വളരെ ഫെമിനൈൻ ആൻഡ് സ്മാർട്ട് ആയിട്ടുള്ള ലുക്ക് ആണ് നിങ്ങൾ ആഗ്രഹിക്കുന്നതെങ്കിൽ ഇതാണ് ബെസ്റ്റ് ഓപ്ഷൻ .