ഡെനിം ജാക്കറ്റും ക്രോപ് ടോപും ബെൽറ്റും; സാരി വ്യത്യസ്തകൾ


AUGUST 16, 2021, 1:00 PM IST

 108 വ്യത്യസ്ത രീതിയിൽ സാരിയുടുക്കാമെന്ന് പുസ്തകമെഴുതിയിട്ടുണ്ട് സാരി ചരിത്രകാരിയും ടെക്സ്റ്റൈൽ റിസർച്ചറുമായ റിത കപൂർ ചിസ്തി. പ്രാദേശിക വ്യത്യസ്തതകളും ആവശ്യങ്ങളും അനുസരിച്ചാണ് ആറു മീറ്റർ തുണിയെ ഓരോ നാട്ടിലും പല രീതിയിൽ ധരിക്കുന്നതെന്നു റിതയുടെ പുസ്തകം വിശദമാക്കുന്നു. ഏതു രീതിയിലായാലും ഉടുക്കുന്നയാളുടെ സൗകര്യത്തിനനുസരിച്ചു പരുവപ്പെടുമെന്നതാണു സാരി നൽകുന്ന സ്വാതന്ത്ര്യവും ഭംഗിയും. 

എഴുപതുകാരിക്കു പ്രൗഢിയും പതിനേഴുകാരിക്ക്  അഴകുമാണ് സാരി. പേസ്റ്റൽ നിറങ്ങളിലെ കോട്ടൺ സാരി പ്രായമുള്ളവർക്കു മാത്രമേ ചേരൂയെന്നു പറഞ്ഞ്  ഒതുക്കാനാകില്ലെന്നു വ്യക്തമാക്കുകയാണ് ‘സേവ് ദ് ലൂം’ ചേന്ദമംഗലം കൈത്തറിയിൽ ഒരുക്കിയ ‘ഓളം’ കലക്‌ഷൻ. ചെറുപ്പക്കാരുടെ സ്റ്റൈലും സൗകര്യവും പരീക്ഷിക്കാനായി ഏതാനും കൈത്തറി സാരികൾ പതിനേഴുകാരായ ദിയ മാധവനും സംയുക്ത കർത്തയ്ക്കും നൽകിയതാണ് സേവ് ദ് ലൂം ഫൗണ്ടർ രമേഷ് മേനോൻ. തിരികെക്കിട്ടിയതോ സാരിയെ ദൈനംദിന ജീവിതത്തിലേക്കു കൂടെക്കൂട്ടിയ ഒട്ടേറെ ചിത്രങ്ങൾ. സാരി വ്യത്യസ്തമായി സ്റ്റൈൽ ചെയ്യാൻ ഡെനിം ജാക്കറ്റും ക്രോപ് ടോപും ബെൽറ്റും പരീക്ഷിച്ചു ദിയയും സംയുക്തയും. ഓടിനടക്കാൻ സ്നീക്കറിനൊപ്പം സാരിയും സൗകര്യം തന്നെയെന്ന് ഇരുവരും പറയുന്നു. 

തറികളുടെ വീണ്ടെടുപ്പിനു ശ്രമിച്ചാണ് സേവ് ദ് ലൂം നെയ്ത്തുകാർക്കൊപ്പം പുതിയ ഡിസൈനുകളും നിറങ്ങളും കൈത്തറിയിൽ ഒരുക്കാൻ ശ്രമം ആരംഭിച്ചത്. ചേന്ദമംഗലത്തെ തറികളിൽ സാരിയൊരുക്കിയ നെയ്ത്തുകാരുടെ പേരെഴുതിയാണ് ഓരോ ‘ഓളം’ സാരിയും വിപണിയിലെത്തുന്നത്. നെയ്ത്തുകാരെ മാത്രമല്ല ഈ സാരികൾ ജീവിതത്തോടു ചേർക്കുന്നത്. ഫോർട്ട്കൊച്ചിയിലെ ദോബി ഖാനയിൽ കഴുകിയെടുത്ത സാരിയിൽ അവസാന മിനുക്കുപണികൾ നടത്തിയത് ആലുവ ശ്രീനാരായണ സേവികാ സമാജത്തിലെ പ്രത്യേക പരിഗണന അർഹിക്കുന്ന സ്ത്രീകളാണ്. വെറും ആറു മീറ്റർ തുണിയല്ല, കഥയും ജീവിതവുമാണ് ഈ സാരികൾ!