തലയിണക്കരികില്‍ ചാര്‍ജ്​ ചെയ്യാന്‍വച്ച മൊബൈല്‍ ഫോണ്‍ പൊട്ടിത്തെറിച്ച്‌​ ​14കാരിക്കു ദാരുണാന്ത്യം 


OCTOBER 2, 2019, 2:15 AM IST

അള്‍മാട്ടി:തലയിണക്കരികില്‍ ചാര്‍ജ്​ ചെയ്യാന്‍ വെച്ച മൊബൈല്‍ ഫോണ്‍ പൊട്ടിത്തെറിച്ച്‌​ ​പതിനാലുകാരി മരിച്ചു. കസാഖി​സ്​താനിലെ ബാസ്​റ്റോബിലാണ്​ സംഭവം​. അല്‍വ അസെറ്റ്​സി അബ്​സാല്‍ബെക്​ എന്ന സ്​കൂള്‍ വിദ്യാര്‍ഥിയാണ്​ മരിച്ചത്​.

ചാര്‍ജ്​ ചെയ്യാന്‍ മൊബൈല്‍ ഫോണ്‍ സോക്കറ്റില്‍ കണക്​റ്റ്​ ചെയ്​ത്​ അത്​ തലയിണക്കരികില്‍ വച്ച്‌​ കിടന്നുറങ്ങുകയായിരുന്നു. ഫോണില്‍ പാട്ട്​ വെച്ചിരുന്നതുകൊണ്ടാണ്​ അല്‍വ അത്​ ​കിടക്കയില്‍ തന്നെ വച്ചത്​. എന്നാല്‍ പുലര്‍​ച്ചയോടെ അമിതമായി ചൂടായ ഫോണ്‍ പൊട്ടിത്തെറിക്കുകയും തലക്ക്​ മാരകമായി പരിക്കേറ്റ്​ പെണ്‍കുട്ടി മരിക്കുകയുമായിരുന്നു.

മൊബൈല്‍ പൊട്ടിത്തെറിച്ചാണ്​ മരണം സംഭവിച്ചതെന്ന്​ ഫോറന്‍സിക്​ അധികൃതര്‍ ഔദ്യോഗികമായി അറിയിച്ചു. ഏത്​  കമ്പനിയുടെ ഫോണാണെന്ന്​ അധികൃതര്‍ വ്യക്തമാക്കിയിട്ടില്ല.