യു എ ഇയിൽ ഇന്ത്യന്‍ നഴ്‍സുമാരുടെ നിയമനം:യോഗ്യതാപ്രശ്‌നത്തിന് പരിഹാരം 


SEPTEMBER 14, 2019, 11:44 PM IST

അബുദാബി:യു എ ഇയിൽ ഇന്ത്യൻ നഴ്‌സുമാരുടെ നിയമനത്തിന് തടസമായിരുന്ന യോഗ്യതാപ്രശ്‌നത്തിന് പരിഹാരമായി. 

ഇന്ത്യൻ നഴ്‌സിങ് കൗൺസിൽ അംഗീകരിച്ച മൂന്നുവര്‍ഷത്തേയും മൂന്നര വര്‍ഷത്തെയും ജി എൻ എം ഡിപ്ലോമ കോഴ്‌സുകൾ തുല്യമായിരിക്കുമെന്നും നിയമനങ്ങളിൽ രണ്ട് കോഴ്‌സുകൾക്കും തുല്യത ഉണ്ടെന്നും ഇന്ത്യൻ നഴ്‍സിങ് കൗൺസിൽ ഉത്തരവിട്ടതോടെയാണ് പ്രശ്‌നത്തിന് പരിഹാരമായത്. 

2004നു മുമ്പ് നഴ്‌സിങ് കൗൺസിലിന്റെ ഡിപ്ലോമ കോഴ്‌സ് മൂന്നുവർഷമായിരുന്നു.പിന്നീട് ഈ കോഴ്‌സിന്റെ ദൈർഘ്യം മൂന്നര വർഷമാക്കി.ഇതുകാരണം 2004നുമുമ്പ് പഠിച്ചിറങ്ങിയ ഒട്ടേറെപ്പേർക്ക് യു എ ഇ ആരോഗ്യമന്ത്രാലയത്തിന്റെ അംഗീകാരം ലഭിച്ചില്ല. 

നേരത്തേ നിയമനം ലഭിച്ച പലർക്കും ജോലി നഷ്‌ടപ്പെടുകയും ചെയ്‌തു.രണ്ടു കോഴ്‌സുകളും തുല്യമാണെന്ന് ഇന്ത്യൻ നഴ്‌സിങ് കൗൺസിൽ യു എ ഇയുടെ നഴ്‌സിങ് ആൻഡ് മിഡ്‌വൈഫറി കൗൺസിലിനെ അറിയിച്ചിട്ടുണ്ട്.

Other News