ട്രംപിന്റെ പശ്ചിമേഷ്യന്‍ സമാധാന പദ്ധതിയെ തള്ളി അറബ് ലീഗ്


FEBRUARY 3, 2020, 1:40 AM IST

കെയ്‌റോ: അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിന്റെ പശ്ചിമേഷ്യന്‍ സമാധാന പദ്ധതിയെ പൂര്‍ണമായി തള്ളി അറബ് ലീഗ്. അതൊരു സമാധാന കരാറാണെന്നു തോന്നുന്നില്ല. പലസ്തീന്‍ ജനതയുടെ അവകാശങ്ങള്‍ക്കു വില നല്‍കാത്ത കരാറുമായി സഹകരിക്കില്ലെന്നും അറബ് ലീഗ് അറിയിച്ചു. ഈജിപ്ത് തലസ്ഥാന നഗരിയില്‍ ചേര്‍ന്ന അടിയന്തിര യോഗത്തിലാണ് അറബ് ലീഗ് നിലപാട് വ്യക്തമാക്കിയത്. 

പലസ്തീന്‍ ജനതയുടെ അവകാശങ്ങളോ ആഗ്രഹങ്ങളോ പരിഗണിക്കാത്ത അമേരിക്കയുടെ 'നൂറ്റാണ്ടിലെ കരാറിനെ' അറബ് ലീഗ് പൂര്‍ണമായും നിരാകരിക്കുകയാണ്. കരാര്‍ നടത്തിപ്പിനായി അമേരിക്കന്‍ ഭരണകൂടവുമായി സഹകരിക്കില്ല. നിര്‍ബന്ധത്തിനു വഴങ്ങി യിസ്രായേല്‍ കരാര്‍ നടപ്പാക്കരുത്. വെസ്റ്റ് ബാങ്ക്, ഗാസ, കിഴക്കന്‍ യെറുശലേം എന്നിവ ഉള്‍പ്പെടുത്തി 1967ലെ അതിര്‍ത്തി പ്രകാരമായിരിക്കണം പലസ്തീന്‍ രാജ്യമുണ്ടാക്കേണ്ടത്. ഭാവി പലസ്തീന്റെ തലസ്ഥാനം കിഴക്കന്‍ യെറുശലേം ആയിരിക്കണമെന്നും അറബ് ലീഗ് പ്രസ്താവനയില്‍ വ്യക്തമാക്കി. 

ട്രംപിന്റെ പശ്ചിമേഷ്യന്‍ സമാധാന പദ്ധതിയെക്കുറിച്ചുള്ള അറബ് ലീഗ് നിലപാട് വ്യക്തമാക്കണമെന്നു പലസ്തീന്‍ അതോറിറ്റി പ്രസിഡന്റ് മെഹമൂദ് അബ്ബാസ് ആവശ്യപ്പെട്ടതിനെത്തുടര്‍ന്നായിരുന്നു ലീഗ് പ്രതിനിധികള്‍ കെയ്‌റോയില്‍ അടിയന്തിര യോഗം ചേര്‍ന്നത്. 22 അംഗരാജ്യങ്ങളുടെയും പ്രതിനിധികള്‍ യോഗത്തില്‍ പങ്കെടുത്തു.

കഴിഞ്ഞ ചൊവാഴ്ചയാണ് ട്രംപ് സമാധാന പദ്ധതി പ്രഖ്യാപിച്ചത്. ഇസ്രായേല്‍ പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹുവിനൊപ്പം വൈറ്റ് ഹൗസിലായിരുന്നു പ്രഖ്യാപനം. പലസ്തീന്‍ രാഷ്ട രൂപീകരണമായിരുന്നു പദ്ധതിയിലെ പ്രധാന നിര്‍ദ്ദേശങ്ങളിലൊന്ന്. വെസ്റ്റ് ബാങ്കിലെ നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ നിര്‍ത്തിവെക്കണമെന്ന് ഇസ്രായേലിനോടും ആവശ്യപ്പെടുന്നു. ഇസ്രായേലിന്റെ തലസ്ഥാനമായി യെറുശലേം തുടരും. കിഴക്കന്‍ യെറുശലേമില്‍ പലസ്തീനു തലസ്ഥാനമൊരുക്കും. വെസ്റ്റ് ബാങ്കില്‍ നാലു വര്‍ഷത്തേക്കു നിര്‍മാണപ്രവര്‍ത്തനങ്ങള്‍ ഇസ്രായേല്‍ നിര്‍ത്തിവെക്കണം. പലസ്തീനില്‍നിന്ന് സൈന്യത്തെയും പിന്‍വലിക്കണമെന്നു പറയുന്ന പദ്ധതി ഇവയുടെ പ്രായോഗിക വശങ്ങള്‍ വെളിപ്പെടുത്തിയിരുന്നില്ല. പദ്ധതിയെ നെതന്യാഹു സ്വാഗതം ചെയ്തു. എന്നാല്‍ ട്രംപിന്റെ പദ്ധതി ഗുഢാലോചന മാത്രമാണെന്നും അതു വിജയിക്കില്ലെന്നും പലസ്തീന്‍ പ്രസിഡന്റ് മഹ്മൂദ് അബ്ബാസ് അഭിപ്രായപ്പെട്ടിരുന്നു.

Other News