ലണ്ടന് പുറത്തേയ്ക്ക് സര്‍ക്കാര്‍ ജോലികളും നിക്ഷേപവും കൂടുതല്‍ വ്യാപിപ്പിക്കാന്‍ ബോറിസ്


DECEMBER 28, 2019, 1:49 PM IST

ബ്രിട്ടന്‍: ലേബറില്‍ നിന്ന് സീറ്റുകള്‍ പിടിച്ചെടുത്തതോടെ വടക്കന്‍ ഇംഗ്ലണ്ടിലും മിഡ്ലാന്റ്‌സിലും കൂടുതല്‍ സര്‍ക്കാര്‍ ജോലികളും നിക്ഷേപവും സൃഷ്ടിക്കാന്‍ പ്രധാനമന്ത്രി ബോറിസ് ജോണ്‍സണ്‍. തിരഞ്ഞെടുപ്പ് വിജയങ്ങള്‍ക്ക് ശക്തിപകരാന്‍ ഈ നടപടി ഉപകരിക്കുമെന്നാണ് ബോറിസിന്റെ കണക്കുകൂട്ടല്‍ . 800 മില്യണ്‍ പൗണ്ടിന്റെ പ്രതിരോധ ഗവേഷണ ഏജന്‍സിയും തലസ്ഥാനത്തിന് പുറത്ത് തുടങ്ങുന്ന പദ്ധതികളില്‍പെടുന്നു. അമേരിക്കന്‍ ഡിഫന്‍സ് അഡ്വാന്‍സ്ഡ് റിസര്‍ച്ച് പ്രോജക്ട് ഏജന്‍സി (ഡാര്‍പ) അടിസ്ഥാനമാക്കിയുള്ള പുതിയ ഏജന്‍സി പ്രധാന മുന്‍ഗണനയാണെന്ന് പ്രധാനമന്ത്രിയുടെ മുഖ്യ സഹായി ഡൊമിനിക് കമ്മിങ് പറയുന്നു.

സ്‌കോട്ട്‌ലന്‍ഡ്, വെയില്‍സ്, നോര്‍ത്തേണ്‍ അയര്‍ലന്‍ഡ് എന്നിവിടങ്ങളിലെ സൈറ്റുകളും അവഗണിക്കപ്പെട്ട പ്രദേശങ്ങളെ ഉയര്‍ത്തിക്കൊണ്ടുവരാനും വണ്‍ നേഷന്‍ ടോറി സ്‌കീമുകളുടെ റാഫ്റ്റ് ഉപയോഗിച്ച് വിശാലമായ പദ്ധതിയാണ് വിഭാവനം ചെയ്യുന്നത്. ലണ്ടന് പുറത്തുള്ള പ്രദേശങ്ങളുടെ വികസനവും ആളുകളെ അവിടേയ്ക്കു ആകര്‍ഷിക്കാനും ശ്രമിക്കുമെന്ന് ടോറി പാര്‍ട്ടി വ്യക്തമാക്കിയിരുന്നു. പുതിയ സ്ഥാപനങ്ങള്‍ വരുന്നതോടെ പ്രദേശങ്ങളുടെ പ്രാധാന്യം കൂടും. ലേബറിന്റെ കോട്ടകളായിരുന്ന നോര്‍ത്ത്, മിഡ്ലാന്റ്‌സ് എന്നിവിടങ്ങളില്‍ തങ്ങള്‍ക്കു ലഭിച്ച സീറ്റുകള്‍ നിലനിര്‍ത്താനാണു പ്രധാനമന്ത്രിയുടെ ശ്രമം.

യുകെയിലുടനീളം നിക്ഷേപം ആവശ്യമുള്ളിടത്ത് ശ്രദ്ധ കേന്ദ്രീകരിക്കുകയും നികുതിദായകന് പണത്തിന് മൂല്യം നല്‍കുകയും ചെയ്യുന്നുവെന്ന് ഉറപ്പാക്കാനാണു ശ്രമമെന്ന് ട്രഷറി വക്താവ് പറഞ്ഞു. വികസനവും ആളുകളും ലണ്ടനില്‍ മാത്രം കേന്ദ്രീകരിക്കുന്നത് ഇത് വഴി ഒഴിവാകും.

യൂറോപ്പിലെ ഏറ്റവും സമ്പന്നമായ സമ്പദ് വ്യവസ്ഥയായി ബ്രിട്ടനെ മാറ്റുകയാണ് ലക്ഷ്യമെന്നും ഹോം സെക്രട്ടറി പ്രീതി പട്ടേല്‍ നേരത്തെ പറഞ്ഞിരുന്നു. ബ്രക്സിറ്റിന് ശേഷം ലോകത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്ന് എത്തുന്ന റിസര്‍ച്ചര്‍മാര്‍ക്ക് ഒരു പരിധിയും നിശ്ചയിക്കില്ലെന്ന് പ്രധാനമന്ത്രി ബോറിസ് ജോണ്‍സണും നേരത്തെ പ്രഖ്യാപിച്ചിരുന്നു.

ബ്രക്സിറ്റ് വിഷയത്തില്‍ യുകെ കടുംപിടുത്തം നടത്തുമോ എന്നതാണ് ഇപ്പോഴത്തെ വിഷയം. രാഷ്ട്രീയ സ്ഥിരതാ പ്രതീക്ഷ സമ്പദ്വ്യവസ്ഥയ്ക്കു ഉണര്‍വേകുമെങ്കിലും ധൃതിപിടിച്ചുള്ള ബ്രക്സിറ്റ് യൂണിയന്‍ ഏത് വിധത്തില്‍ കാണുമെന്നാണ് അറിയേണ്ടത്.യൂറോപ്പുമായുള്ള 45 വര്‍ഷത്തെ സര്‍വ മേഖലയിലുമുള്ള സങ്കീര്‍ണ ബന്ധം മുറിച്ചു മാറ്റാന്‍ സമയമേറെ വേണ്ടിവരും. വ്യാപാരം, സാമ്പത്തികം, കുടിയേറ്റം, സുരക്ഷ, ഇന്റലിജന്‍സ്, നിര്‍മാണം, വ്യോമ ഗതാഗതം, മത്സ്യബന്ധനം, മരുന്നുകള്‍, പേറ്റന്റ്, വിവരം പങ്കുവെക്കല്‍ തുടങ്ങി ഒട്ടേറെ മേഖലകളിലാണ് ബ്രിട്ടന്‍ യൂണിയനുമായി സഹകരിക്കുന്നത്.

Other News