ഖത്തറിന്റെ തൊഴില്‍ മേഖലയിലെ പരിഷ്‌ക്കാരങ്ങള്‍ക്ക് യൂറോപ്യന്‍ യൂണിയന്റെ പ്രശംസ


JANUARY 21, 2020, 8:02 PM IST

ദോഹ: തൊഴില്‍ മേഖലയില്‍ ഖത്തര്‍ പ്രഖ്യാപിച്ച പരിഷ്‌കാരങ്ങളെ യൂറോപ്യന്‍ യൂണിയന്‍ പ്രശംസിച്ചു. ഖത്തറിന്റെ തൊഴില്‍ പരിഷ്‌കരണ ശ്രമങ്ങളെ ശക്തമായി പിന്തുണയ്ക്കുന്നുവെന്ന് 28 രാജ്യങ്ങള്‍ ഉള്‍പ്പെട്ട ആഗോള സംഘടന വ്യക്തമാക്കി. ഖത്തര്‍ നടപ്പാക്കുന്ന തൊഴില്‍ പരിഷ്‌കരണ ശ്രമങ്ങള്‍ക്ക് യൂറോപ്യന്‍ യൂണിയന്റെ പിന്തുണയുണ്ടെന്നും അവര്‍ പറഞ്ഞു.

ഖത്തര്‍ സര്‍ക്കാരും അന്താരാഷ്ട്ര തൊഴിലാളി സംഘടനയും തമ്മിലുള്ള സഹകരണത്തെ പിന്തുണയ്ക്കുന്നതായും യൂറോപ്യന്‍ യൂണിയന്‍ വക്താവ് കഴിഞ്ഞ ദിവസം വെബ്‌സൈറ്റില്‍ പോസ്റ്റ് ചെയ്ത പ്രസ്താവനയില്‍ പറഞ്ഞു.

ഖത്തര്‍ തൊഴില്‍ നിയമ പരിധിയിലില്ലാത്ത പ്രവാസികള്‍ക്കും രാജ്യത്തിനു പുറത്തുപോകുന്നതിന് എക്‌സിറ്റ് പെര്‍മിറ്റ് നീക്കം ചെയ്യുന്നതായി ഖത്തര്‍ പ്രഖ്യാപിച്ചിരുന്നു. ഇതുപ്രകാരം തൊഴില്‍ നിയമത്തിന്റെ പരിധിയില്‍പ്പെടാത്ത സായുധ സേന ഒഴിച്ചുള്ള സര്‍ക്കാര്‍- പൊതു മേഖലയിലും എണ്ണ വാതക കമ്പനികളിലും മാരിടൈം കാര്‍ഷിക കമ്പനികളിലും ജോലി ചെയ്യുന്നവര്‍ക്കും താല്‍ക്കാലിക വിസയില്‍ ജോലി ചെയ്യുന്നവര്‍ക്കും തൊഴില്‍ കരാര്‍ കാലാവധിയില്‍ താല്‍ക്കാലികമായോ സ്ഥിരമായോ രാജ്യത്തിനു പുറത്തേക്കു പോകുന്നതിന് എക്‌സിറ്റ് പെര്‍മിറ്റ് ആവശ്യമില്ല.

അതേസമയം കമ്പനികളുടെ നടത്തിപ്പുമായി നേരിട്ടു ബന്ധമുള്ള അഞ്ചു ശതമാനം ജീവനക്കാര്‍ക്ക് രാജ്യത്തിനു പുറത്തേക്കു പോകുന്നതിന് നിലവിലുള്ളതുപോലെ എക്‌സിറ്റ് പെര്‍മിറ്റ് ആവശ്യമാണ്. പുതിയ തീരുമാനപ്രകാരം 2017ലെ നിയമം 15-ാം നമ്പര്‍ നിയമത്തിന് വിധേയരായ ഗാര്‍ഹിക തൊഴിലാളികള്‍ക്ക് അവരുടെ തൊഴില്‍ കരാര്‍ സമയത്ത് താല്‍ക്കാലികമായോ അല്ലെങ്കില്‍ സ്ഥിരമായോ രാജ്യത്തിനു പുറത്തേക്കുപോകാന്‍ സ്വാതന്ത്ര്യമുണ്ട്.

എന്നാല്‍ തൊഴിലുടമകളുടെയും ഗാര്‍ഹിക തൊഴിലാളികളുടെയും അവകാശങ്ങള്‍ ഉറപ്പാക്കുന്നതിനായി എല്ലാ ഗാര്‍ഹിക തൊഴിലാളികളും പുറപ്പെടുന്നതിന് 72 മണിക്കൂര്‍ മുമ്പെങ്കിലും തൊഴിലുടമയെ അറിയിക്കണം.

തൊഴിലാളികളുടെ അവകാശങ്ങള്‍ മുന്‍നിര്‍ത്തി നിയമ ചട്ടക്കൂടിന് കൂടുതല്‍ മെച്ചപ്പെടുത്തലുകളുണ്ടാകുമെന്നാണ് പ്രതീക്ഷിക്കുന്നതെന്നും യൂറോപ്യന്‍ യൂണിയന്‍ വ്യക്തമാക്കി. 

Other News