ജി സി സി ഉച്ചകോടി 10ന്‌ റിയാദില്‍


DECEMBER 8, 2019, 12:39 AM IST

റിയാദ് : നാല്‍പ്പതാമത് ഗള്‍ഫ് സഹകരണ കൗണ്‍സില്‍ (ജിസിസി) ഉച്ചകോടി ഈ മാസം പത്തിന് സൗദി അറേബ്യൻ തലസ്ഥാനമായ റിയാദില്‍ നടക്കും. ഉച്ചകോടിക്കു മുന്നോടിയായുള്ള വിദേശ മന്ത്രി തല യോഗം ഒന്‍പതിന് നടക്കും.

മേഖലയിലെയും ആഗോള തലത്തിലെയും പുതിയ സംഭവ വികാസങ്ങളും മേഖലയിലെ സുരക്ഷാ സ്ഥിതിഗതികളും മേഖലാ രാജ്യങ്ങളുടെ സുരക്ഷാ ഭദ്രതയില്‍ ഇവയുണ്ടാക്കുന്ന പ്രത്യാഘാതങ്ങളും ചര്‍ച്ച ചെയ്യുമെന്ന് ജിസിസി സെക്രട്ടറി ജനറല്‍ ഡോ. അബ്ദുല്‍ ലത്തീഫ് അല്‍ സയാനി പറഞ്ഞു. ഗള്‍ഫ് ഐക്യവും അംഗരാജ്യങ്ങള്‍ തമ്മിലുള്ള സഹകരണവും സംയോജനവും ശക്തമാക്കുന്ന സൃഷ്ടിപരമായ തീരുമാനങ്ങള്‍ ഉച്ചകോടി കൈക്കൊള്ളുമെന്ന് അദ്ദേഹം പറഞ്ഞു.

ഗള്‍ഫ് ഉച്ചകോടി അബുദാബിയില്‍ ചേരുന്നതിനാണ് നേരത്തെ തീരുമാനിച്ചിരുന്നത്. എന്നാല്‍ ജി സി സി ആസ്ഥാനത്തിന് ആതിഥ്യമരുളുന്ന സൗദി അറേബ്യയില്‍ ഉച്ചകോടി ചേരാന്‍ യു എ ഇ ആവശ്യപ്പെടുകയായിരുന്നു. മുപ്പത്തിയൊമ്പതാമത് ഉച്ചകോടി കഴിഞ്ഞ വര്‍ഷം ഡിസംബറില്‍ റിയാദിലായിരുന്നു നടന്നത്.

അതേസമയം, ഗള്‍ഫ് രാജ്യങ്ങള്‍ നയതന്ത്ര, ഗതാഗത ബന്ധം വിച്ഛേദിച്ച ഖത്തര്‍ ഉച്ചകോടിയില്‍ പങ്കെടുക്കുമോ എന്ന കാര്യം വ്യക്തമല്ല. ദോഹയില്‍ ആരംഭിച്ച ഗള്‍ഫ് അറബ് കപ്പ് ഫുട്‌ബോള്‍ ടൂര്‍ണമെന്റില്‍ സൗദിയും യു എ ഇയും ബഹ്‌റൈനും പങ്കെടുക്കുന്നുണ്ട്.

Other News