ഹജ്ജിന് ഒരുങ്ങി മക്കയും മദീനയും; ഹാജിമാര്‍ എത്തിത്തുടങ്ങി


JULY 4, 2019, 1:14 PM IST

ജിദ്ദ: ആഗോള ഇസ്ലാം മത വിശ്വാസികളുടെ മഹോന്നതമായ തീര്‍ത്ഥാടന കേന്ദ്രമായ മക്കയില്‍ ഈ വര്‍ഷത്തെ ഹജ് കര്‍മ്മങ്ങള്‍ക്കുള്ള ഒരുക്കങ്ങള്‍ പൂര്‍ണമായി.   ഇന്ത്യയില്‍ നിന്നുള്ള ഹാജിമാരടക്കം വിവിധ രാജ്യങ്ങളില്‍ നിന്നുള്ള ഹാജിമാര്‍ ഇന്നു മുതല്‍ മക്കയിലും മദീനയിലുമെത്തും. തീര്‍ഥാടകരെ വരവേല്‍ക്കാന്‍ പുണ്യ നഗരികളില്‍ എല്ലാ ഒരുക്കങ്ങളുമായി. ഹാജിമാരെ സ്വീകരിക്കാന്‍ ഹജ് മന്ത്രാലയ അധികൃതരും തദ്ദേശീയരും വിദേശികളുമായ സന്നദ്ധ പ്രവര്‍ത്തകരും തയാറായി.

മക്ക, മദീന ഹറമുകള്‍ക്കു പുറമെ ഹജ് കര്‍മങ്ങള്‍ നടക്കുന്ന മിന, അറഫ, മുസ്ദലിഫ തുടങ്ങിയ പുണ്യ സ്ഥലങ്ങളില്‍ ഒരുക്കങ്ങള്‍ തകൃതിയായി നടക്കുകയാണ്.സാങ്കേതിക വിദ്യകളുടെ സഹകരണത്തോടെ ഹജിനെ കൂടുതല്‍ ഹൈടെക് ആക്കി മാറ്റുന്നതിന് ഇക്കുറി ഒട്ടേറെ നടപടികള്‍ ഹജ് മന്ത്രാലയം സ്വീകരിച്ചിട്ടുണ്ട്. വിവിധ രാജ്യങ്ങളുടെ ഹജ് മിഷനും ഇതുമായി സഹകരിച്ച് അവരുടെ നടപടിക്രമങ്ങളിലും കാലാനുസൃതമായ മാറ്റങ്ങള്‍ വരുത്തിയത് തീര്‍ഥാടനം കൂടുതല്‍ സുഗമമാക്കും.


ഹറം വികസന പ്രവര്‍ത്തനങ്ങള്‍ ഏതാണ്ട് പൂര്‍ത്തിയായ സാഹചര്യത്തില്‍ ഓരോ രാജ്യങ്ങള്‍ക്കുമുള്ള ഹജ് ക്വാട്ടയില്‍ വര്‍ധന വരുത്തിയിട്ടുണ്ട്. അതുകൊണ്ടു തന്നെ ഈ വര്‍ഷം മുന്‍ വര്‍ഷത്തേക്കാളും കൂടുതല്‍ പേര്‍ ഹജ് നിര്‍വഹിക്കാനെത്തും. ഇന്ത്യക്ക് ഈ വര്‍ഷം അധിക ക്വാട്ടയായി 30,000 ലഭിച്ചിരുന്നു. ഇതോടെ ഈ വര്‍ഷം ഇന്ത്യയില്‍നിന്ന് ഇതാദ്യമായി രണ്ട് ലക്ഷം തീര്‍ഥാടകരെത്തും. ഇതില്‍ 1,40,000 പേര്‍ ഹജ് കമ്മിറ്റി വഴിയും അവശേഷിക്കുന്ന 60,000 ഹാജിമാര്‍ സ്വകാര്യ ഗ്രൂപ്പുകള്‍ വഴിയുമാണ് ഹജ് നിര്‍വഹിക്കാനെത്തുക. ഹജ് കമ്മിറ്റി വഴിയെത്തുന്ന ഇന്ത്യന്‍ തീര്‍ഥാടകരുടെ ആദ്യ സംഘം ഇന്ന് മദീനയിലെത്തും.

Other News