ഹാരി രാജകുമാരനും മേഗന്‍ മാര്‍ക്കിളും സ്വതന്ത്രര്‍; രാജകീയ പദവികള്‍ ത്യജിക്കാന്‍ അനുമതി


JANUARY 14, 2020, 4:22 PM IST

ലണ്ടന്‍ :  സസെക്‌സ് രാജകുമാരനും രാജകുമാരിയുമായ ഹാരി രാജകുമാരനും മേഗന്‍ മാര്‍ക്കിളും 'സ്വാതന്ത്ര്യം' അനുവദിച്ചു.

രാജ്യം ആകാംക്ഷയോടെ കാത്തിരുന്ന കൂടിക്കാഴ്ചയ്ക്കൊടുവില്‍  രാജകീയ പദവികള്‍ ത്യജിക്കാനുള്ള ഇരുവരുടെയും തീരുമാനത്തിനു എലിസബത്ത് രാജ്ഞി അനുമതി നല്‍കി. ഇരുവര്‍ക്കും സ്വന്തം ഇഷ്ടപ്രകാരം തീരുമാനമെടുക്കാനും ബ്രിട്ടനിലും പുറത്തുമായി ജീവിക്കാനും അനുമതി നല്‍കുന്നതായി രാജ്ഞി അറിയിച്ചു. ഈ വിഷയത്തില്‍ തിങ്കളാഴ്ച സാന്‍ഡ്രിംഗ്ഹാമില്‍ ചേര്‍ന്ന രാജ കുടുംബയോഗത്തിനു ശേഷമാണ് പ്രഖ്യാപനമുണ്ടായത്.

'ഞാനും എന്റെ കുടുംബവും പുതിയൊരു ജീവിതം തുടങ്ങാനുള്ള ഇരുവരുടെയും തീരുമാനത്തെ പൂര്‍ണ്ണമായും പിന്തുണയ്ക്കുന്നു. രാജകുടുംബ ചുമതലകളിലെ മുഴുവന്‍ സമയ അംഗങ്ങളായി ഇരുവരും ഉണ്ടാവണമെന്നാണ് ഞങ്ങളുടെ ആഗ്രഹമെങ്കിലും കുറേ കൂടി സ്വതന്ത്രമായ ഒരു കുടുംബ ജീവിതം തുടങ്ങാനുള്ള അവരുടെ ആഗ്രഹത്തെ ഞങ്ങള്‍ മനസ്സിലാക്കുകയും ബഹുമാനിക്കുകയും ചെയ്യുന്നു' എലിസബത്ത് രാജ്ഞി പറഞ്ഞു.

ബ്രിട്ടനില്‍ നിന്ന് പോയാലും ഇരുവരും കുടുംബത്തിലെ പ്രധാന അംഗങ്ങള്‍ ആയിരിക്കുമെന്നും രാജ്ഞി കൂട്ടിച്ചേര്‍ത്തു.

രാജ്ഞി, മകനും അടുത്ത കിരീടാവകാശിയുമായ ചാള്‍സ് രാജകുമാരന്‍ , ചാള്‍സിന്റെ മക്കളായ വില്യം, ഹാരി എന്നിവര്‍ പ?ങ്കെടുത്തു. ചര്‍ച്ച ഏറെ ക്രിയാത്മകമായിരുന്നെന്ന് രാജ്ഞി വ്യക്തമാക്കി.

ഹാരിക്കും മേഗനും എല്ലാ പിന്തുണയും നല്‍കും. രാജകുടുംബത്തിലെ ചുമതലകളുമായി ഇരുവരും ഇവിടെത്തന്നെ തുടരണമെന്നായിരുന്നു ആഗ്രഹമെങ്കിലും അവര്‍ക്ക് സ്വതന്ത്രമായി ജീവിക്കണമെന്ന ആഗ്രഹത്തെ അംഗീകരിക്കുന്നെന്നും രാജ്ഞി പറഞ്ഞു. കൂടിക്കാഴ്ച്ചയ്ക്കിടെ കാനഡയിലുള്ള മേഗനുമായി ഫോണിലും ചര്‍ച്ച നടത്തിയെന്നാണ് വിവരം.

ഹാരിയ്ക്കും മേഗനും എതിരെ നടപടി ഉണ്ടാകുമോ എന്നറിയാനായുള്ള ആകാംക്ഷയിലായിരുന്നു രാജ്യം. രാജകുടുംബത്തിലെ വിശേഷങ്ങള്‍ കവര്‍ ചെയ്യാന്‍ പാപ്പരാസികള്‍ ഒന്നടങ്കം സാന്‍ഡ്രിംഗ്ഹാമിനു പുറത്തു തമ്പടിച്ചിരുന്നു.

രാജകുടുംബത്തില്‍ ഉണ്ടായ പൊട്ടിത്തെറിയ്ക്കിടെ മേഗന്‍ വീണ്ടും കാനഡയ്ക്ക് പറന്നിരുന്നു. ഹാരിയെ കൂടാതെയാണ് യാത്ര. ഹാരി രാജകുമാരനെ രാജകുടുംബവുമായി അകറ്റിയെന്ന ആരോപണം ഉയരവെയാണ് മേഗന്റെ യാത്ര. എട്ട് മാസം പ്രായമായ മകന്‍ ആര്‍ച്ചി കാനഡയില്‍ ആയയ്ക്കൊപ്പമാണ്.

കഴിഞ്ഞ ആഴ്ച യുകെയിലെത്തിയ മേഗാന്‍ ഉടനെ തിരിച്ചുപോകാനുള്ള തയാറെടുപ്പോടെയാണ് വന്നത്. വാന്‍കോവറില്‍ ഏഴാഴ്ച നീണ്ട താമസത്തിനൊടുവിലാണ് രാജകീയ ദമ്പതികള്‍ ബ്രിട്ടനില്‍ തിരിച്ചെത്തിയത്. എന്നാല്‍ ഇതിന് പിന്നാലെ രാജകീയ ചമതലകളില്‍ നിന്നും പിന്‍വാങ്ങുകയാണെന്ന ഞെട്ടിക്കുന്ന പ്രഖ്യാപനമാണ് ഇരുവരും സോഷ്യല്‍ മീഡിയ വഴി നടത്തിയത്.

കരീടാവകാശിയായ ഹാരി രാജകുമാരനും മേഗനും രാജകീയ പദവികള്‍ ഉപേക്ഷിക്കുന്നതായി നടത്തിയ നാടകീയ പ്രഖ്യാപനം ടെലിവിഷന്‍ ചാനലുകള്‍ പുറത്തുവിട്ടതോടെയാണ് കൊട്ടാരം പോലും വിവരമറിയുന്നതെന്ന് മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തിരുന്നു. സാമ്പത്തിക സ്വാതന്ത്ര്യം നേടുന്ന ഹാരിയ്ക്കും മേഗാനും ഇനി സ്വന്തമായി വരുമാനം നേടാം.

അതിനിടെ, ഹാരിയുടെയും മേഗാന്റെയും താമസം, സുരക്ഷാ ചെലവ് സംബന്ധിച്ച വിഷയങ്ങളെക്കുറിച്ചൊന്നും ആലോചിച്ചിട്ടില്ലെന്നാണ് കനേഡിയന്‍ പ്രധാനമന്ത്രി ജസ്റ്റിന്‍ ട്രൂഡോ പ്രതികരിച്ചത്.

Other News