യു.എ.ഇയുടെ കൊവിഡ് പോരാട്ടത്തിന് കേരളത്തിന്റെ 105 അംഗസംഘം 


MAY 20, 2020, 3:36 PM IST

കൊച്ചി: സർക്കാരിന്റെ കൊവിഡ് വിരുദ്ധ പോരാട്ടത്തിന് കൂടുതൽ കരുത്തു പകരാൻ ഇന്ത്യയിൽ നിന്നുള്ള 105 അംഗ മെഡിക്കൽ സംഘം യു.എ.ഇയിൽ. അത്യാഹിത പരിചരണ നഴ്‌സുമാരും പാരാമെഡിക്കൽ വിദഗ്ദരും അടക്കമുള്ള സംഘമാണ് അബുദാബിയിൽ എത്തിയത്. ഇന്ന് പുലർച്ചെ കൊച്ചിയിൽ നിന്നും പുറപ്പെട്ട സംഘം രാവിലെ് അബുദാബി അന്താരാഷ്ട്ര വിമാനത്താവളത്തിൽ എത്തി. ഇത്തിഹാദ് എയർവേയ്‌സിന്റെ ചാർട്ടഡ് വിമാനത്തിലായിരുന്നു അടിയന്തര സേവനത്തിനായുള്ള സംഘത്തിന്റെ യാത്ര. ഇരു രാജ്യങ്ങളിലെയും സർക്കാരുകളുടെ പൂർണ്ണപിന്തുണയോടെയുള്ള യാത്ര ഇന്ത്യയും യു.എ.ഇയും തമ്മിലുള്ള മികച്ച ഉഭയകക്ഷി ബന്ധത്തിന്റെ കൂടി സൂചനയായി. 

ഇന്ത്യയും യു.എ.ഇയും തമ്മിലുള്ള നയതന്ത്ര പങ്കാളിത്തം ആരോഗ്യമേഖലയിൽ നടപ്പാക്കിയതിന്റെ മികച്ച ഉദാഹരണമാണിതെന്ന് യു.എ.ഇയിലെ ഇന്ത്യൻ സ്ഥാനപതി പവൻ കപ്പൂർ പറഞ്ഞു. 'ഈ മഹാമാരിക്കെതിരായ പോരാട്ടത്തിൽ കൂട്ടായ പ്രവർത്തനങ്ങൾ കരുത്തേകുമെന്ന് നമ്മൾ എല്ലായ്‌പ്പോഴും ഊന്നിപറഞ്ഞിട്ടുണ്ട്. ഇതെങ്ങനെ പ്രാവർത്തികമാക്കാമെന്നാണ് ഇന്ത്യയും യു.എ.ഇയും ഇപ്പോൾ കാണിച്ചുതരുന്നത്. നമ്മുടെ രാഷ്ട്രങ്ങൾ പങ്കുവയ്ക്കുന്ന കരുത്തുറ്റ ദീർഘകാല ബന്ധത്തെ തുടർന്നാണ് ഇത് സാദ്ധ്യമായത്,' അദ്ദേഹം കൂട്ടിച്ചേർത്തു.  

യു.എ.ഇയിലെത്തിയ 105 അംഗ സംഘത്തിൽ 75 പേരെ പുതുതായി റിക്രൂട്ട് ചെയ്തതാണ്. യു.എ.ഇയിലെ മുൻനിര ആരോഗ്യരക്ഷാ സേവനദാതാവും കൊച്ചിയിലെ വി.പി.എസ് ലേക്ക്ഷോർ ഹോസ്പിറ്റലിന്റെ മാതൃസ്ഥാപനവുമായ വി.പി.എസ് ഹെൽത്ത്കെയറാണ് മെഡിക്കൽ സംഘത്തെ റിക്രൂട്ട് ചെയ്തത്. അടിയന്തര പരിചരണത്തിൽ വൈദഗ്ധ്യമുള്ള നഴ്‌സുമാർ, ഡോക്ടർ, പാരാമെഡിക്കുകൾ എന്നിവർ ഇതിലുണ്ട്. ഇതിനു പുറമെ യു.എ.ഇയിലെ ആരോഗ്യ രംഗത്ത് പ്രവർത്തിച്ചു പരിചയ സമ്പന്നരായ 30 പേരും. അവധിക്ക് നാട്ടിൽ വന്നു ലോക്ക്ഡൗൺ കാരണം തിരിച്ചു പോവാനാകാതെ നാട്ടിൽ കുടുങ്ങിയതാണിവർ. 

ഇന്ത്യൻ എംബസി, ഡിപ്പാർട്ട്‌മെന്റ് ഓഫ് ഹെൽത്ത്, മിനിസ്ട്രി ഓഫ് ഫോറിൻ അഫെയർസ് ആൻഡ് ഇന്റർനാഷണൽ കോപ്പറേഷൻ, ഇന്ത്യൻ സർക്കാർ എന്നിവരുടെ പൂർണ്ണ പിന്തുണയാണ് തുടക്കം മുതൽ ദൗത്യത്തിന് ലഭിച്ചിരുന്നത്. 

വി.പി.എസ് ഹെൽത്ത്‌കെയർ ചെയർമാനും മാനേജിങ ഡയറക്ടറുമായ ഡോ. ഷംഷീർ വയലിലിന്റെ അഭ്യർത്ഥനയെ തുടർന്ന് കേന്ദ്ര വിദേശകാര്യ, ആഭ്യന്തര, ആരോഗ്യ മന്ത്രാലയങ്ങൾ യാത്രയ്ക്ക് ആവശ്യമായ അനുമതികൾ നൽകിയിരുന്നു. ലോക്ക്ഡൗൺ  നിയന്ത്രണങ്ങൾക്കിടെ മെഡിക്കൽ സംഘത്തിലെ അംഗങ്ങളെ യാത്രയ്ക്കായി കൊച്ചിയിൽ എത്തിക്കാൻ മുഖ്യമന്ത്രിയുടെ ഓഫീസും സഹായിച്ചു. വിവിധ ജില്ലകളിൽ താമസക്കാരായ ഇവരെ പ്രത്യേകം ഏർപ്പാടാക്കിയ കെ.എസ്.ആർ.ടി.സി ബസുകളിലാണ് ഞായറാഴ്ച കൊച്ചിയിൽ എത്തിച്ചത്. സംസ്ഥാന ആരോഗ്യ വകുപ്പിന്റെ സഹായത്തോടെ മെഡിക്കൽ സംഘത്തിലുള്ളവരെ കൊവിഡ് പരിശോധനയ്ക്ക് വിധേയരാക്കി. പി.സി.ആർ പരിശോധനയിൽ എല്ലാവരുടെയും സാമ്പിളുകൾ നെഗറ്റിവ് ആണെന്ന് ഉറപ്പാക്കിയ ശേഷമാണ് യാത്ര. 

കൊവിഡ് പരിശോധനയ്ക്കും ചികിത്സയ്ക്കുമായി യു.എ.ഇയിൽ വി.പി.എസ് ഹെൽത്ത്‌കെയർ വിപുലമായ സൗകര്യങ്ങളാണ് ഒരുക്കിയിരിക്കുന്നത്. ഗ്രൂപ്പിന് കീഴിലുള്ള ഭൂരിഭാഗം ആശുപത്രികളിലും കൊവിഡ് ചികിത്സയ്ക്ക് പ്രത്യേക സൗകര്യങ്ങൾ സജ്ജീകരിച്ചിട്ടുണ്ട്. യു.എ.ഇയിലെ ഏറ്റവും വലിയ കോവിഡ് പരിശോധന പദ്ധതിയായ നാഷണൽ കോവിഡ് സ്‌ക്രീനിങ് പ്രൊജക്ടിലെ സ്വകാര്യ പങ്കാളിയാണ് വി.പി.എസ്. അബുദാബിയിലെ പുതിയ ആശുപത്രിയായ ബുർജീൽ മെഡിക്കൽ സിറ്റി കൊവിഡ് ചികിത്സ കേന്ദ്രമാക്കി മാറ്റി. ഇതോടൊപ്പം പ്രവാസികൾക്ക് അവശ്യവസ്തുക്കൾ എത്തിച്ചു നൽകുന്ന പ്രവർത്തനങ്ങളിലും ഗ്രൂപ്പ് സജീവമായി പങ്കെടുക്കുന്നുണ്ട്.

Other News