കുവൈത്തിൽ ആശുപത്രികളിലെ അനധികൃത ഫീസിനെതിരെ കർശന നടപടി 


AUGUST 6, 2019, 9:39 PM IST

കുവൈത്ത് സിറ്റി: കുവൈത്തില്‍ രോഗികളില്‍ നിന്ന്  അനധികൃത ഫീസ് ഈടാക്കുന്നതിനെതിരെ കർശന നപടികൾ എടുക്കുമെന്ന് ആരോഗ്യ മന്ത്രാലയം മുന്നറിയിപ്പ് നൽകി.ഫയല്‍ ഓപ്പണിംഗ് ഫീസ് എന്ന പേരില്‍ ഒരു കുവൈത്ത് ദിനാര്‍ മുതല്‍ അഞ്ചു ദിനാര്‍ വരെയാണ് ഭൂരിഭാഗം സ്വകാര്യ ആശുപത്രികളും ഈടാക്കുന്നത്. ഇതിനെതിരെയാണ് അധികൃതർ നടപടി എടുക്കുന്നത്.

നേരത്തെ സര്‍ക്കാര്‍ ക്ലിനിക്കുകളില്‍ അവശ്യ മരുന്ന് ഉള്‍പ്പെടെ ഓ പി ഫീസ് ഒരു ദിനാറില്‍ നിന്ന് രണ്ടു ദിനാറായി ഉയര്‍ത്തിയിരുന്നു. ഇതിന്റെ പിന്നാലെയാണ് സ്വകാര്യ ആശുപത്രികള്‍ അവരുടെ ഇഷ്‌ടാനുസരണം ഫീസ് ഉയര്‍ത്തിയത്. 

സ്വകാര്യ ആശുപത്രികളില്‍ ചികിത്സക്കെത്തുന്ന രോഗികളില്‍ നിന്ന് അനാവശ്യമായി ഫീസ് ഈടാക്കുന്നുവെന്ന പരാതി വ്യാപകമായ സാഹചര്യത്തിലാണ് ആരോഗ്യ മന്ത്രാലയത്തിന്റെ ഇടപെടൽ.

അനധികൃത ഫീസ് ഈടാക്കുന്ന സ്വകാര്യ ആശുപത്രികള്‍ക്കെതിരെ ശക്തമായ നിയമ നടപടികള്‍ സ്വീകരിക്കുമെന്ന് ആരോഗ്യ മന്ത്രാലയത്തിലെ അസിസ്റ്റന്റ് സെക്രട്ടറി  ഡോ ഫാത്തിമ അല്‍ നജ്ജാര്‍ വ്യക്തമാക്കി.പ്രവാസികളെ സംബന്ധിച്ചിടത്തോളംഏറെ ഗുണകരമായ നടപടിയായാണ് ഇതിനെ കണക്കാക്കുന്നത്.

Other News