സ്വദേശിവല്‍ക്കരണം:കുവൈത്ത് ആഭ്യന്തര മന്ത്രാലയത്തിലെ വിദേശിജീവനക്കാരെ  പിരിച്ചുവിടും


OCTOBER 3, 2019, 9:03 PM IST

കുവൈത്ത് സിറ്റി :രാജ്യത്ത് നടപ്പിലാക്കിക്കൊണ്ടിരിക്കുന്ന സ്വദേശിവല്‍ക്കരണ നടപടികളുടെ ഭാഗമായി കുവൈത്തിന്റെ  ആഭ്യന്തര മന്ത്രാലയത്തില്‍ ജോലി ചെയ്യുന്ന വിദേശികളെ പിരിച്ചു വിടും. മന്ത്രാലയത്തിനു കീഴിലെ മുഴുവന്‍ ഡിപ്പാർട്ട്മെന്റുകളിൽ നിന്നും വിദേശികളുടെ ലിസ്റ്റ് ശേഖരിക്കാനും ഇവരുടെ കോൺട്രാക്റ്റ് പുതുക്കേണ്ടതില്ലെന്നും മേധാവികള്‍  നിര്‍ദ്ദേശം നല്‍കിക്കഴിഞ്ഞു. 

അഡ്‌മിനിസ്‌ട്രേറ്റീവ്‌ തസ്‌തികകളില്‍ ഉള്‍പ്പെടെ നിരവധി വകുപ്പുകളില്‍ ജോലി ചെയ്യുന്ന വിദേശികള്‍ക്ക് പുതിയ തീരുമാനത്തിന്റെ ഭാഗമായി ജോലി നഷ്‌ടമാകും.

സ്വകാര്യമേഖലയിലും സ്വദേശിവല്‍ക്കരണ നടപടികള്‍ ശക്തിപ്പെടുത്താനാണ് സര്‍ക്കാര്‍ തീരുമാനം. ഇതിന്‍റെ ഭാഗമായി ഒന്നരലക്ഷം വിദേശ ജീവനക്കാരെ വിവിധ തസ്‌തികകളില്‍ നിന്നും ഒഴിവാക്കുവാനും പകരം സ്വദേശികളെ നിയമിക്കാനുമുള്ള നടപടികള്‍ നടന്നു വരികയാണെന്നും സര്‍ക്കാര്‍ വൃത്തങ്ങള്‍ സൂചിപ്പിച്ചു.

സ്വകാര്യ മേഖലയിലെ സെക്രട്ടറി,നിയമകാര്യ തസ്‌തികകളിലും മറ്റ് ചില ജോലികളിലും വിദേശ ജീവനക്കാരുടെ പുതിയ നിയമനങ്ങള്‍ക്ക് അനുമതി നല്‍കില്ലെന്നും ഔദ്യോഗിക വൃത്തങ്ങള്‍ പറയുന്നു.ഇതുവഴി സ്വകാര്യ മേഖലയിലെ മൊത്തം പ്രവാസി ജീവനക്കാരുടെ എണ്ണം പത്ത് ശതമാനം വരെ കുറക്കാന്‍ കഴിയുമെന്നു സര്‍ക്കാര്‍ കണക്കുകൂട്ടുന്നു. നിലവില്‍ പതിനാറുലക്ഷം വിദേശികളാണ് സ്വകാര്യമേഖലയില്‍ ജോലി ചെയ്യുന്നത്.

Other News