ലേബര്‍ പാര്‍ട്ടിയെ നയിക്കുന്ന അടുത്ത നേതാവ് ആരാവണമെന്ന കാര്യത്തില്‍ മത്സരിക്കാന്‍ ഇന്ത്യക്കാരിയടക്കം ആറ് പേര്‍


JANUARY 6, 2020, 10:23 PM IST

ലണ്ടന്‍ : യുകെയിലെ പൊതു തെരഞ്ഞെടുപ്പില്‍ തിരിച്ചടി നേരിട്ട ലേബര്‍ പാര്‍ട്ടിയെ നയിക്കുന്ന അടുത്ത നേതാവ് ആരാവണമെന്ന കാര്യത്തില്‍ മത്സരിക്കാന്‍ ആറ് പേര്‍  ഇന്ത്യക്കാരി ലിസാ നന്ദിയടക്കം നാല് വനിതകളും രണ്ടു പുരുഷ എംപിമാരുമാണ് നേതാവാകാനുള്ള മത്സരത്തിനിറങ്ങുന്നത്. 70 കാരനായ ജെറമി കോര്‍ബിന്‍ മാര്‍ച്ചോടെ ലേബര്‍ നേതൃപദവിയില്‍ നിന്നിറങ്ങുമ്പോള്‍ പകരം ആരാവും എന്നറിയാനായുള്ള ആകാംക്ഷയിലാണ് രാജ്യം.

ജെസ് ഫിലിപ്‌സ്, എമിലി തോണ്‍ബെറി, ക്ലൈവ് ലൂയിസ്. ലിസാ, സര്‍ കെയര്‍ സ്റ്റാര്‍മര്‍ , സെക്രട്ടറി റെബേക്ക ലോംഗ്-ബെയ്ലി എന്നിവരാണ് സ്ഥാനാര്‍ഥി പട്ടികയില്‍ ഉള്ളവര്‍. നേതൃത്വ തെരഞ്ഞെടുപ്പിനുള്ള ടൈംടേബിളും ചട്ടങ്ങളും - പാര്‍ട്ടിയുടെ ദേശീയ എക്‌സിക്യൂട്ടീവ് കമ്മിറ്റി (എന്‍ഇസി) ഇന്ന് തീരുമാനിക്കും. 2016 ല്‍ കോര്‍ബിന്‍ വീണ്ടും തിരഞ്ഞെടുക്കപ്പെട്ടപ്പോള്‍ 500,000 ലധികം ആളുകള്‍ അവസാന വോട്ടെടുപ്പില്‍ പങ്കെടുത്തു.

പാര്‍ട്ടിയെ ഉപേക്ഷിച്ച വോട്ടര്‍മാരെ തിരിച്ചു കൊണ്ടുവരാന്‍ ലക്ഷ്യമിട്ടാണ് താനിറങ്ങുന്നതെന്നു ഇംഗ്ലണ്ട് നോര്‍ത്ത്-വെസ്റ്റ് വിഗാനിലെ സീറ്റില്‍ നിന്ന് വിജയിച്ച 40-കാരി ലിസ നന്ദി പറയുന്നു. 2010 മുല്‍ സുരക്ഷിത ലേബര്‍ മണ്ഡലമായ വിഗാനെ പ്രതിനിധീകരിക്കുകയാണ് ലിസാ. ലിസാ മുമ്പ് ഷാഡോ സ്ഥാനങ്ങള്‍ വഹിച്ചിട്ടുണ്ട്. തന്റെ പിന്‍ഗാമിയെ പ്രഖ്യാപിക്കുന്ന മുറയ്ക്ക് ഔദ്യോഗികമായി പദവിയൊഴിയും എന്നാണ് കോര്‍ബിന്‍ പറഞ്ഞിരിക്കുന്നത്.

2015 സെപ്റ്റംബറില്‍ ലേബര്‍ നേതൃസ്ഥാനത്ത് എത്തിയ കോര്‍ബിനോട് പാര്‍ട്ടി രണ്ടാം നിര നേതാക്കള്‍ക്ക് താല്പര്യമില്ലായിരുന്നു. ഇത്തവണ ലേബറിന്റെ സുരക്ഷിതമായ പല സീറ്റുകളും ടോറികള്‍ പിടിച്ചെടുത്തിരുന്നു. അതുകൊണ്ടുതന്നെ പുതിയ നേതാവിന് വെല്ലുവിളി ഏറെയാണ്.

Other News