ഭാര്യയെ രക്ഷിക്കാന്‍ ശ്രമിച്ച മലയാളി യുവാവ് പൊള്ളലേറ്റ് യു എ ഇയില്‍ ഗുരുതരാവസ്ഥയില്‍


FEBRUARY 12, 2020, 6:18 PM IST

ഉമ്മുല്‍ഖുവൈന്‍: വീട്ടിലുണ്ടായ ഷോര്‍ട്ട് സര്‍ക്യൂട്ടിലെ തീപിടുത്തത്തില്‍ നിന്നും ഭാര്യയെ രക്ഷപ്പടുത്താനുള്ള ശ്രമത്തിനിടയില്‍ പ്രവാസി മലയാളിക്ക് പൊള്ളലേറ്റു. ഉമ്മുല്‍ ഖുവൈനിലാണ് സംഭവമെന്ന് ഖലീജ് ടൈംസ് റിപ്പോര്‍ട്ട് ചെയ്തു. 

അനില്‍ നൈനാന്‍ (32) ആണ് പൊള്ളലേറ്റ് ഗുരുതരാവസ്ഥയിലുള്ളത്. അനിലിന്റെ ശരീരത്തില്‍ തൊണ്ണൂറ് ശതമാനത്തോളം പൊള്ളലേറ്റതായാണ് റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നത്. അനിലിന്റെ ഭാര്യ നീനുവിന് കാര്യമായ അപകടങ്ങളില്ലെന്നാണ് അറിയുന്നത്. നീനുവിന് പത്ത് ശതമാനത്തോളമാണ് തീപൊള്ളലേറ്റത്. 

അനിലിന്റെ അവസ്ഥ ഗുരുതരമായി തുടരുകയാണെന്ന് ഡോക്ടര്‍മാര്‍ പറഞ്ഞതായി അദ്ദേഹത്തിന്റെ ബന്ധു ജൂലൈയെ ഉദ്ധരിച്ച് ഖലീജ് ടൈംസ് റിപ്പോര്‍ട്ട് ചെയ്തു. 

ദമ്പതികള്‍ക്ക് നാലു വയസ്സുള്ള ഒരു മകനുണ്ട്. താമസ സ്ഥലത്തെ വരാന്തയിലെ ഇലക്ട്രിക്ക് ബോക്‌സിലുണ്ടായ ഷോര്‍ട്ട് സര്‍ക്യൂട്ടാണ് തീ പിടുത്തത്തിന് കാരണമെന്നാണ് കരുതുന്നത്. തിങ്കളാഴ്ചയാണ് അപകടമുണ്ടായത്. സംഭവം നടക്കുമ്പോള്‍ കിടപ്പുമുറിയിലായിരുന്ന അനില്‍ ഭാര്യയ്ക്ക് തീ പൊള്ളലേറ്റതോടെ കുതിച്ചെത്തുകയായിരുന്നു. 

തീപൊള്ളലേറ്റ ദമ്പതികളെ ആദ്യം ഉമ്മുല്‍ ഖുവൈന്‍ ശൈഖ് ഖലീഫ ജനറല്‍ ആശുപത്രിയിലെത്തിച്ചെങ്കിലും ചൊവ്വാഴ്ച അബൂദാബി മഫ്‌റഖ് ആശുപത്രിയിലേക്ക് മാറ്റുകയായിരുന്നു. എന്താണ് സംഭവിച്ചതെന്ന കാര്യത്തില്‍ തങ്ങള്‍ക്ക് കൃത്യമായ വിവരങ്ങളില്ലെന്നും നീനുവിന് തീപിടിച്ചതിനെ തുടര്‍ന്ന് അനില്‍ രക്ഷപ്പെടുത്താന്‍ ശ്രമിക്കുകയായിരുന്നുവെന്നും റാസല്‍ഖൈമ സെന്റ് തോമസ് മാര്‍ തോമ ചര്‍ച്ച് വികാരി സോജന്‍ തോമസ് പറഞ്ഞു.

Other News