ഖത്തറില്‍ ഇന്നുമുതല്‍ പുറത്തിറങ്ങുമ്പോള്‍ മാസ്‌ക് നിര്‍ബന്ധമാക്കി


MAY 17, 2020, 3:45 PM IST

ദോഹ: ഖത്തറില്‍ പുറത്തിറങ്ങുമ്പോള്‍ എല്ലാവര്‍ക്കും ഫേസ് മാസ്‌ക് നിര്‍ബന്ധം. രാജ്യത്തൊട്ടാകെ ഇന്നു മുതല്‍ തീരുമാനം പ്രാബല്യത്തിലായി. സ്വദേശികളും വിദേശികളും എന്താവശ്യത്തിന് വീട്ടില്‍നിന്നും പുറത്തിറങ്ങുമ്പോഴും മാസ്‌ക്ക് ധരിച്ചിരിക്കണം. അതേസമയം വാഹനം ഓടിക്കുമ്പോള്‍ മറ്റാരും കൂടെ ഇല്ലെങ്കില്‍ മാത്രം മാസ്‌ക് ധരിക്കേണ്ടതില്ല. ഉത്തരവ് നടപ്പാക്കുന്നതിനുള്ള നടപടികള്‍ ആഭ്യന്തര മന്ത്രാലയം സ്വീകരിച്ചു. 

കോവിഡ് വ്യാപനം തടയുന്നതിനുള്ള മുന്‍കരുതല്‍ നടപടികളുടെ ഭാഗമായാണിത്. കഴിഞ്ഞ ബുധനാഴ്ച ചേര്‍ന്ന മന്ത്രിസഭായോഗമാണ് ഇതുസംബന്ധിച്ച തീരുമാനമെടുത്തത്. ഉത്തരവ് പാലിച്ചില്ലെങ്കില്‍ പരമാവധി രണ്ടു ലക്ഷം റിയാല്‍ വരെ പിഴയോ മൂന്നു വര്‍ഷത്തില്‍ കുറയാത്ത ജയില്‍ ശിക്ഷയോ അല്ലെങ്കില്‍ രണ്ട് ശിക്ഷകളില്‍ ഏതെങ്കിലും ഒന്ന് അനുഭവിക്കേണ്ടി വരും. 

1990ലെ പകര്‍ച്ചവ്യാധി പ്രതിരോധ നിയമത്തിലെ 17-ാം വകുപ്പുപ്രകാരമായിരിക്കും ശിക്ഷാ നടപടികള്‍ സ്വീകരിക്കുക. കോവിഡ് വ്യാപനം പരിമിതപ്പെടുത്തുന്നതിനായി ബന്ധപ്പെട്ട അതോറിറ്റികള്‍ പുറപ്പെടുവിച്ച സുരക്ഷാ നടപടികള്‍ കര്‍ശനമായി പാലിക്കണമെന്ന് ആഭ്യന്തരമന്ത്രാലയം ജനങ്ങളോട് ആവശ്യപ്പെട്ടു. 

മാസ്‌ക്ക് നിര്‍ബന്ധമാക്കിക്കൊണ്ടുള്ള തീരുമാനത്തെക്കുറിച്ച് ആഭ്യന്തരമന്ത്രാലയം ഇംഗ്ലീഷ്, ഉറുദു, മലയാളം തുടങ്ങി നിരവധി ഭാഷകളില്‍ തീവ്രമായ ബോധവത്കരണ കാമ്പയിനും തുടങ്ങിയിട്ടുണ്ട്. എല്ലാവരിലേക്കും സര്‍ക്കാര്‍ നിര്‍ദേശങ്ങള്‍ എത്തിക്കുകയാണ് ലക്ഷ്യം. 

നിയമലംഘകര്‍ നിയമപരമായ ഉത്തരവാദിത്വത്തിന് വിധേയരാകുമെന്നും മന്ത്രാലയം അറിയിച്ചു. രാജ്യം പുറപ്പെടുവിക്കുന്ന തീരുമാനങ്ങളോടും മുന്‍കരുതല്‍ നടപടികളോടും പ്രതിബദ്ധത പുലര്‍ത്തുകയും സംയുക്ത ഉത്തരവാദിത്തമെന്ന ആശയം ഉള്‍ക്കൊള്ളുകയും വേണം. 

ക്വാറന്റൈന്‍ മാര്‍ഗനിര്‍ദേശങ്ങള്‍ കര്‍ശനമായി പാലിക്കമെന്നും മന്ത്രാലയം ആവശ്യപ്പെട്ടിട്ടുണ്ട്. ക്വാറന്റൈന്‍ ആവശ്യകതകള്‍ പാലിക്കുന്നതിലൂടെ പൊതുസുരക്ഷ വര്‍ധിപ്പിക്കുകയും നിയമപരമായ ഉത്തരവാദിത്വം ഒഴിവാക്കപ്പെടുകയും ചെയ്യുമെന്ന് മന്ത്രാലയം ചൂണ്ടിക്കാട്ടി. മറ്റുള്ളവരുമായി ഇടപഴകരുത്. രാജ്യത്തെ നിയമങ്ങളും തീരുമാനങ്ങളും പാലിക്കണം- മന്ത്രാലയം ആവശ്യപ്പെട്ടു. 

കോവിഡ് കേസുകള്‍ വര്‍ധിക്കുന്ന സാഹചര്യത്തില്‍ക്കൂടിയാണ് മന്ത്രാലയത്തിന്റെ മുന്നറിയിപ്പ്. പൊതുസ്ഥലങ്ങളിലെ ഒത്തുചേരല്‍ വിലക്ക് സംബന്ധിച്ച തീരുമാനങ്ങളും കര്‍ശനമായി പാലിക്കണമെന്ന് നിര്‍ദേശിച്ചിട്ടുണ്ട്.

Other News