പ്രധാനമന്ത്രി മോഡിയുടെ  യുഎഇ,ബഹ്‌റൈന്‍ സന്ദര്‍ശനം ഈ മാസം


AUGUST 19, 2019, 1:07 PM IST

ന്യൂഡല്‍ഹി: പ്രധാനമന്ത്രി നരേന്ദ്രമോഡി ഈ മാസം 23-25 തീയതികളില്‍ യു.എ.ഇ,ബഹ്‌റൈന്‍ എന്നീ രാഷ്ട്രങ്ങള്‍ സന്ദര്‍ശിക്കും. ജമ്മു കാശ്മീരിന്റെ പ്രത്യേക പദവി എടുത്തുകളഞ്ഞതിനെ തുടര്‍ന്ന് നിലനില്‍ക്കുന്ന ഇന്ത്യ-പാക്കിസ്ഥാന്‍ കലഹത്തിനിടയില്‍ നടക്കുന്ന സന്ദര്‍ശനത്തിന് അതുകൊണ്ടുതന്നെ രാഷ്ട്രീയപ്രധാന്യമുണ്ട്. നേരത്തെ കാശ്മീര്‍ വിഷയത്തില്‍ യുഎഇ സ്വീകരിച്ച ഇന്ത്യ അനുകൂല നിലപാട് പാക്കിസ്ഥാനെ ചൊടിപ്പിച്ചിരുന്നു. മുസ്ലിം രാഷ്ട്രങ്ങളുടെ സമ്മേളനത്തിലാണ് യു.എ.ഇയും മാലിദ്വീപും കശ്മിര്‍ ഇന്ത്യയുടെ ആഭ്യന്തരകാര്യമാണെന്ന നിലപാടെടുത്തത്. അതുകൊണ്ടുതന്നെ മോഡിയുടെ ആദ്യ സന്ദര്‍ശനവും ഇത്തവണ യു.എഇലേയ്ക്കാണ്.മാത്രമല്ല, യു.എ.ഇയുടെ പരമോന്നത ബഹുമതിയായ ഓര്‍ഡര്‍ ഓഫ് സയീദ് പ്രധാനമന്ത്രി യു.എ.ഇ കിരീടാവകാശിയില്‍ നിന്നും മോഡി  സ്വീകരിക്കും. ഇരു രാജ്യങ്ങളും തമ്മിലുള്ള ബന്ധം ഊഷ്മളമാക്കുന്നതില്‍ നിര്‍ണ്ണായക പങ്കുവഹിച്ചതിനാണ് രാഷ്ട്രപിതാവായ ഷെയ്ക്ക് സയീദ് ബിന്‍ സുല്‍ത്താന്‍ അല്‍നയഹാന്റെ പേരിലുള്ള അവാര്‍ഡ് മോഡിയ്ക്ക് സമ്മാനിക്കുന്നത്. കഴിഞ്ഞ ഏപ്രിലിലായിരുന്നു പുരസ്‌ക്കാരപ്രഖ്യാപനം.2015,2018 എന്നീ വര്‍ഷങ്ങളില്‍ മോഡി യു.എ.ഇയിലേയ്്ക്കും 2016,2017 വര്‍ഷങ്ങളില്‍ യു.എ.ഇ കിരീടവകാശി ഷെയ്ക്ക് മുഹമ്മദ് ബിന്‍ സയീദ് അല്‍ നഹ്യാന്‍ തിരിച്ച് ഇന്ത്യയിലേയ്ക്കും സന്ദര്‍ശനം നടത്തിയിരുന്നു. 2017 ലെ റിപ്പബ്ലിക്ക് ദിന പരേഡിലെ മുഖ്യാതിഥിയും അദ്ദേഹമായിരുന്നു. ഈ വര്‍ഷങ്ങളില്‍ ഇരുരാജ്യങ്ങളും തമ്മിലുള്ള വ്യാപാരം 60 ബില്ല്യണ്‍ ഡോളറായി ഉയരുകയും യു.എ.ഇ ഇന്ത്യയുടെ മൂന്നാമത്തെ വലിയ വ്യാപാരപങ്കാളിയായി മാറുകയും ചെയ്തു. യു.എ.ഇയില്‍ നിന്നും എണ്ണ ഇറക്കുമതി ചെയ്യുന്ന രാജ്യങ്ങളില്‍ നാലാം സ്ഥാനമാണ് ഇന്ത്യയ്ക്കുള്ളത്.24ാം തീയതി ബഹ്‌റൈനിലെത്തുന്ന പ്രധാനമന്ത്രി അവിടെ രണ്ട് ദിവസം ചെലവഴിക്കും ബഹ്‌റൈന്‍ സന്ദര്‍ശിക്കുന്ന ആദ്യ ഇന്ത്യന്‍ പ്രധാനമന്ത്രുയും നരേന്ദ്രമോഡിയാണ്. ബഹ്‌റൈന്‍ രാജകുമാരന്‍ ഷെയ്ക്ക് ഖലീഫ ബിന്‍ സല്‍മാന്‍ ഖലീഫയുമായി മോഡിയുടെ നേതൃത്വത്തില്‍ ഉഭയകക്ഷി ചര്‍ച്ചകള്‍ നടക്കും.

Other News