ഗള്‍ഫ് മലയാളികളുടെ മൃതദേഹം സൗജന്യമായി നാട്ടിലെത്തിക്കാന്‍ എയര്‍ ഇന്ത്യയുമായി ധാരണ


NOVEMBER 26, 2019, 7:17 PM IST

തിരുവനന്തപുരം:ഗള്‍ഫ് രാജ്യങ്ങളില്‍വച്ച് മരണമടയുന്ന പ്രവാസി മലയാളികളുടെ മൃതദേഹങ്ങള്‍ സൗജന്യമായി നാട്ടിലെത്തിക്കുന്നതിന് എയര്‍ ഇന്ത്യയുമായി ധാരണയായി. നോര്‍ക്ക റൂട്ട്‌സ് ചീഫ് എക്‌സിക്യൂട്ടീവ് ഓഫീസറും എയര്‍ ഇന്ത്യ എക്‌സിക്യൂട്ടീവ് ഡയറക്ടര്‍ കാര്‍ഗോയുമാണ് ധാരണാപത്രത്തില്‍ ഒപ്പവച്ചത്.തൊഴില്‍ ഉടമയുടേയോ, സ്‌പോണ്‍സറുടെയോ, എംബസിയുടേയോ സഹായം ലഭിക്കാതെ വരുന്ന സാഹചര്യത്തിലാണ് മൃതദേഹം സൗജന്യമായി നാട്ടിലെത്തിക്കുക.

വിമാനത്താവളങ്ങളില്‍ എത്തിക്കുന്ന മൃതദേഹം പിന്നീട് നോര്‍ക്ക റൂട്ട്‌സിന്റെ നിലവിലുള്ള എമര്‍ജന്‍സി ആംബുലന്‍സ് സര്‍വീസ് മുഖേന വീടുകളില്‍ എത്തിക്കും.

ഗള്‍ഫ് രാജ്യങ്ങളില്‍ മരണമടയുന്ന പ്രവാസി മലയാളികളുടെ ബന്ധുക്കള്‍/സുഹൃത്തുക്കള്‍ എന്നിവര്‍ക്ക് പദ്ധതിയില്‍ അപേക്ഷ സമര്‍പ്പിക്കാമെന്ന് നോര്‍ക്ക പുറത്തിറക്കിയ പത്രക്കുറിപ്പില്‍ പറയുന്നു.അപേക്ഷ ഫാറവും  വിശദവിവരങ്ങളും നോര്‍ക്ക റൂട്ട്‌സ് വെബ് സൈറ്റായ www.norkaroots.org ല്‍ ലഭിക്കും. കൂടുതല്‍ വിവരങ്ങള്‍ നോര്‍ക്ക റൂട്ട്‌സ് ടോള്‍ ഫ്രീ നമ്പരുകളായ 1800-425-3939, (ഇന്ത്യയില്‍ നിന്നും) 0091-88020-12345 (വിദേശത്ത് നിന്നും മിസ്ഡ് കാള്‍ സേവനം), നമ്പരുകളില്‍ നിന്നും ലഭിക്കും.

 

Other News