മുസ്‌ലിം ബ്രദര്‍ഹുഡുമായുള്ള ബന്ധം വിച്ഛേദിക്കാനൊരുങ്ങി ഖത്തര്‍


DECEMBER 6, 2019, 11:42 PM IST

ദോഹ:മുസ്‌ലിം ബ്രദര്‍ഹുഡുമായുള്ള ബന്ധം വിച്ഛേദിക്കാന്‍ ഖത്തര്‍ ഒരുങ്ങുന്നതായി റിപ്പോര്‍ട്ട്. ഈയിടെ സൗദിയില്‍  സന്ദര്‍ശനം നടത്തിയ ഖത്തര്‍ വിദേശ മന്ത്രി മുഹമ്മദ് ബിന്‍ അബ്ദുല്‍ റഹ്മാന്‍ അല്‍ താനി മുസ്‌ലിം ബ്രദര്‍ഹുഡുമായി ബന്ധം വിച്ഛേദിക്കാമെന്ന് വാഗ്ദാനം ചെയ്തതായി വോള്‍ സ്ട്രീറ്റ് ജേണല്‍ റിപ്പോര്‍ട്ട് ചെയ്തു.

ത്രികക്ഷി അയല്‍ രാജ്യങ്ങളും ഖത്തറുമായുള്ള ബന്ധം പൂര്‍വസ്ഥിതിയിലാക്കാനുള്ള നടപടിയുടെ ഭാഗമായാണ് തീരുമാനം.ഖത്തര്‍ മുന്നോട്ടുവച്ച വാഗ്ധാനത്തെകുറിച്ച് ഔദ്യോഗിക സ്ഥിരീകരണം ലഭ്യമല്ല.

എന്നാല്‍, മേഖലയിലെ ചില പ്രത്യേക രാഷ്ട്രീയ പാര്‍ട്ടികളുമായുള്ള ഖത്തറിന്റെ ബന്ധത്തെക്കുറിച്ച് കാര്യമായ തെറ്റിദ്ധാരണയുണ്ടായതായി മുതിര്‍ന്ന ഖത്തർ ഉദ്യോഗസ്ഥനെ ഉദ്ധരിച്ച് അല്‍ ജസീറ ടിവി റിപ്പോര്‍ട്ട് ചെയ്തു. ഖത്തറിന്റെ പ്രതിച്ഛായ ലക്ഷ്യമാക്കി ആസൂത്രണം ചെയ്ത പെയ്‌ഡ്‌ കാമ്പയിനുകളാണ് ഈ തെറ്റിദ്ധാരണയ്ക്ക് കാരണമായതെന്നും ഉദ്യോഗസ്ഥന്‍ ആരോപിച്ചു.

ദോഹയില്‍ ആരംഭിച്ച 24-ാമത് ള്‍ഫ് അറബ് കപ്പ് ഫുട്ബോള്‍ ടൂര്‍ണമെന്റില്‍ സൗദിയും യു എ ഇയും ബഹ്റൈനും പങ്കെടുക്കുന്നുണ്ട്. ബഹിഷ്‌കരിക്കാനുള്ള തീരുമാനം റദ്ദാക്കിയാണ് ഇവര്‍ എത്തിയത്.യതന്ത്രത്തിനും ഇടപെടലുകള്‍ക്കും അവസരം നല്‍കുന്നതായാണ് ഇത് വിലയിരുത്തുന്നത്.

ഇത്തവണ ഗള്‍ഫ് കപ്പില്‍ അയല്‍ രാജ്യങ്ങളുടെ സാന്നിധ്യം തര്‍ക്കത്തിന്റെ മഞ്ഞുരുകുന്നതായാണ് കാണിക്കുന്നത്. ഫുട്ബോള്‍ ടൂര്‍ണമെന്റില്‍ പങ്കെടുക്കാനുള്ള തീരുമാനം പുരോഗതിയിലേക്കുള്ള വ്യക്തമായ സൂചനയാണെന്ന് കുവൈറ്റ് ഉപ വിദേശകാര്യ മന്ത്രി ഖാലിദ് അല്‍ ജറല്ല പറഞ്ഞു. റിയാദില്‍ പത്തിന് നടക്കുന്ന ജിസിസി ഉച്ചകോടിയിലേക്ക് ഖത്തര്‍ അമിര്‍ തമീം ബിന്‍ ഹമദ് അല്‍ താനിയെ സൗദി ഭരണാധികാരി സല്‍മാന്‍ രാജാവ് ക്ഷണിച്ചിട്ടുണ്ട്.

ഭീകര സംഘടനകള്‍ക്കു പിന്‍തുണ നല്‍കുന്നതാരോപിച്ച് 2017 ജൂണ്‍ അഞ്ചിനാണ് സൗദി, യു എ ഇ, ബഹ്റൈന്‍ എന്നീ രാജ്യങ്ങള്‍ ഖത്തറുമായുള്ള നയതന്ത്ര, സാമ്പത്തിക, ഗാതഗത ബന്ധം വിഛേദിച്ചത്.  പ്രതിസന്ധി പരിഹരിക്കാന്‍ ഖത്തറിനു മുന്നില്‍ 13 ഇന ഉപാധികള്‍ വെച്ചിരുന്നു. ഈ പട്ടികയിലെ ആവശ്യങ്ങളിലൊന്നായിരുന്നു മുസ്‌ലിം ബ്രദർ ഹുഡുമായുള്ള ബന്ധം വിഛേദിക്കുക എന്നത്.

പതിമൂന്നിന ആവശ്യങ്ങള്‍ ഖത്തര്‍ അംഗീകരിക്കാത്തതിനെതുടര്‍ന്ന് ബന്ധം നേരയാക്കാനായില്ല. ഉപാധികള്‍ പിന്‍വലിക്കാതെ അനുരഞ്ജന ചര്‍ച്ചകള്‍ക്കില്ലെന്ന നിലപാടിലായിരുന്നു ഖത്തര്‍.

1928ല്‍ ഈജിപ്തില്‍ ഹസന്‍ അല്‍ ബന്ന രൂപീകരിച്ച സംഘടനയാണ് ബ്രദര്‍ഹുഡ്. അറബ് വസന്തത്തെ തുടര്‍ന്ന് ഈജിപ്തില്‍ അധികാരം പിടിച്ച മുസ്‌ലിം ബ്രദര്‍ഹുഡ് 2013ല്‍ അധികാരത്തില്‍ നിന്ന് പുറത്താകുകയും ഈജിപ്തില്‍ നിരോധിക്കപ്പെടുകയും ചെയ്തു. ഇതിനു പിന്നാലെ സൗദിയും യു എ ഇയും ബഹ്‌റൈനും സംഘടനയെ ഭീകര പട്ടികയില്‍ പെടുത്തി.

ഖത്തറും തുര്‍ക്കിയുമാണ് ബ്രദര്‍ഹുഡിനെ പിന്‍തുണക്കുന്ന പ്രധാന രാജ്യങ്ങള്‍. സംഘടനയുടെ ആത്മീയാചാര്യന്‍ യൂസഫ് അല്‍ ഖര്‍ദാവി ഖത്തര്‍ കേന്ദ്രീകരിച്ചാണ് പ്രവര്‍ത്തിക്കുന്നത്. ബ്രദര്‍ഹുഡിന്റെ പ്രധാന ഫണ്ടിങ്ങ് കേന്ദ്രവും ഖത്തറാണ്.

Other News