സൗദി അറേബ്യയില്‍ സ്ത്രീകള്‍ക്കും പുരുഷന്മാര്‍ക്കും ഒരേ കവാടത്തിലൂടെ ഹോട്ടലുകളില്‍ കയറുന്നതിനുള്ള വിലക്ക് നീക്കി


DECEMBER 9, 2019, 4:57 PM IST

റിയാദ്: സൗദി അറേബ്യയില്‍ സാമൂഹിക ജീവിതത്തിന് മതനിയമ പ്രകാരം ഏര്‍പ്പെടുത്തിയിരുന്ന ഒരു വിലക്ക് കൂടി എടുത്തു കളയാന്‍ തീരുമാനമായി. ഭക്ഷണശാലകളില്‍ സ്ത്രീകള്‍ക്കും പുരുഷന്മാര്‍ക്കും വ്യത്യസ്ത പ്രവേശന കവാടം വേണമെന്ന നിബന്ധനയാണ് സര്‍ക്കാര്‍ നീക്കിയത്. സൗദി നഗര-ഗ്രാമ കാര്യ വകുപ്പ് മന്ത്രാലയ വക്താവാണ് ഇക്കാര്യം അറിയിച്ചത്. റസ്റ്റോറന്റുകളില്‍ നിലവില്‍ പുരുഷന്മാര്‍ക്ക് ഒരു കവാടവും സ്ത്രീകള്‍ക്കും കുടുംബങ്ങള്‍ക്കും പ്രത്യേക കവാടവുമാണ്.

കട ഉടമകള്‍ക്ക് പഴയ രീതി തുടരുന്നതിന് തടസ്സമുണ്ടാകില്ല. പക്ഷെ അത് നിയമപരമായി ഇനി നിര്‍ബ്ബന്ധമില്ല.

സൗദി അറേബ്യയില്‍ സ്ത്രീകള്‍ക്ക് വാഹനം ഓടിക്കാന്‍ 2017 ല്‍ അനുമതി നല്‍കിയിരുന്നു. 2018 ജൂണിലാണ്  നിയമം പ്രാബല്യത്തില്‍ വന്നത്. ദേശീയ ടെലിവിഷന്‍ ചാനലാണ് ഇക്കാര്യം റിപ്പോര്‍ട്ട് ചെയ്തത്. ലോകത്തില്‍ സ്ത്രീകള്‍ക്ക് വാഹനമോടിക്കാന്‍ അനുവാദമില്ലാതിരുന്ന സൗദിയില്‍ കഴിഞ്ഞ വര്‍ഷമാണ് അതിന് അനുവാദം നല്‍കിയത്.

ഇപ്പോളത്തെ ഭരണാധികാരിയായ സല്‍മാന്‍ രാജാവിന്റെ മകനും കിരീടാവകാശിയുമായ മുഹമ്മദ് രാജകുമാരന്റെ ഇടപെടലുകളെ തുടര്‍ന്നാണ് സൗദി നയം മാറ്റത്തിന്‍രെ പാതയിലേക്ക് എത്തിയത്. സ്ത്രീകള്‍ക്ക് ഏര്‍പ്പെടുത്തിയിരുന്ന നിയന്ത്രണങ്ങള്‍ പലതും സൗദി നീക്കിവരികയാണ്. വിദേശ വനിതകള്‍ക്ക് ഹോട്ടലില്‍ മുറി ബുക്ക് ചെയ്യുന്നതിന് ഏര്‍പ്പെടുത്തിയിരുന്ന വിലക്കും ബന്ധുക്കളല്ലാത്ത പുരുഷന്മാര്‍ക്കൊപ്പം ടാക്‌സികളില്‍ സഞ്ചരിക്കുന്നതിനുള്ള വിലക്കും എടുത്ത് കളഞ്ഞതും ഈയിടെയാണ്.

Other News