പര്‍ദ നിര്‍ബന്ധമാക്കുന്ന നിയമം മാറ്റിയ സൗദിയില്‍ പാശ്ചാത്യവേഷം ധരിച്ച് യുവതി


SEPTEMBER 13, 2019, 4:04 PM IST

റിയാദ്:  സ്ത്രീകളെ പര്‍ദ ധരിക്കാന്‍ നിര്‍ബന്ധിക്കുന്ന നിയമം ഒഴിവാക്കിയതിനുശേഷം ആദ്യമായി സൗദി തെരുവുകളിലൂടെ പാശ്ചാത്യ വേഷത്തില്‍ സഞ്ചരിച്ച് സൗദി യുവതി സാമൂഹിക മാധ്യമങ്ങളില്‍ ചര്‍ച്ചാ താരമായി.റിയാദിലെ ഷോപ്പിംഗ് മാളിലാണ് മുപ്പത്തിമൂന്നുകാരിയായ മഷേല്‍ -അല്‍-ജലൗദ് പാശ്ചാത്യ വേഷമണിഞ്ഞ് എത്തിയത്. മഷേലിന്റെ ചിത്രങ്ങള്‍ ഇന്ന് സോഷ്യല്‍ മീഡിയയില്‍ വൈറലാണ്.സൗദിയില്‍ സ്ത്രീകള്‍ പര്‍ദ ധരിക്കണമെന്ന് നിര്‍ബന്ധമായിരുന്നു. എന്നാല്‍ സിബിഎസിന് നല്‍കിയ ഒരു അഭിമുഖത്തില്‍ ഇസ്ലാമില്‍ പര്‍ദ നിര്‍ബന്ധമല്ലെന്ന് സൗദി രാജകുമാരന്‍ മുഹമ്മദ് ബിന്‍ സല്‍മാന്‍ പറഞ്ഞതോടെയാണ് സൗദിയിലെ പര്‍ദ നിയമത്തില്‍ മാറ്റം വരുന്നത്. എന്നാല്‍ ഇതിന് ശേഷവും പര്‍ദയില്‍ നിന്നും പുറത്തുവരാന്‍ സ്ത്രീകള്‍ മടിച്ചിരുന്നു. നൂറ്റാണ്ടുകളായി സൗദിയില്‍ പിന്തുടര്‍ന്നുവന്ന പര്‍ദ നിയമത്തില്‍ നിന്നും മാറാന്‍ വിമുഖത കാണിക്കുന്നിടത്താണ് മഷേല്‍ സധൈര്യം പാശ്ചാത്യ വേഷത്തില്‍ നഗരത്തിലിറങ്ങിയത്.പര്‍ദ നിര്‍ബന്ധമല്ലെന്ന പ്രസ്താവന വന്നതിന് പിന്നാലെ ഫ്രണ്ട് ഓപ്പണ്‍ പര്‍ദയുടെ മുന്‍വശത്തെ കുടുക്കുകളെല്ലാം അഴിച്ച് അകത്ത് വര്‍ണശബളമായ വസ്ത്രങ്ങളണിഞ്ഞ് സ്ത്രീകള്‍ പര്‍ദ കോട്ട് രീതിയില്‍ ധരിച്ചു തുടങ്ങിയിരുന്നു. എന്നാലും പര്‍ദ ശരീരത്തുനിന്നും എടുത്തുമാറ്റാന്‍ ആരും ധൈര്യപ്പെട്ടിരുന്നില്ല.

ഹ്യൂമന്‍ റിസോഴ്സ് സ്പെഷ്യലിസ്റ്റായ മഷേല്‍ ഓറഞ്ച് നിറത്തിലുള്ള ടോപ്പും ബാഗി പാന്റ്സും അണിഞ്ഞാണ് റിയാദ് മാളില്‍ എത്തിയത്. മഷേലിനെ ഇത്തരത്തില്‍ കണ്ടപ്പോള്‍ പലരും ഞെട്ടി. ചിലര്‍ വായപൊത്തിയും പുരികം ചുളിച്ചും അവശ്വസനീയമായി ഇവരെ നോക്കി. പലരും മഷേല്‍ ഒരു മോഡലാണെന്ന് വരെ തെറ്റിധരിച്ചു.പര്‍ദ ധരിക്കാത്തതിന്റെ പേരില്‍ മഷേലിനെതിരെ പ്രതിഷേധങ്ങളും നടക്കുന്നുണ്ട്. ജൂലൈയില്‍ ഒരിക്കല്‍ ഇത്തരത്തില്‍ പര്‍ദയില്ലാതെ റിയാദ് മാളിലെത്തിയ മഷേലിന് മാള്‍ അധികൃതര്‍ പ്രവേശനം നിഷേധിച്ചിരുന്നു. സൗദി രാജാവിന്റെ ഇന്റര്‍വ്യൂ ദൃശ്യങ്ങള്‍ കാണിച്ചിട്ടും പ്രവേശനം നിഷേധിച്ചിരുന്നു. മറ്റൊരു ദിവസം സൂപ്പര്‍മാര്‍ക്കറ്റില്‍ പര്‍ധ ധരിക്കാതെ എത്തിയ മഷേലിനെ പൊലീസിനെ വിളിക്കുമെന്ന് പറഞ്ഞ് പര്‍ദ ധരിച്ച ഒരു യുവതി ഭീഷണിപ്പെടുത്തിയിരുന്നു. ജോലി പോകുമെന്നുള്ളതുകൊണ്ട് മാത്രം ജോലി സ്ഥലത്ത് പര്‍ദ ധരിച്ചാണ് മഷേല്‍ പോകുന്നത്.മനഹേല്‍-അല്‍-ഒതൈബി എന്ന 25 കാരിയായ ആക്ടിവിസ്റ്റും പര്‍ദ മാറ്റി ഇഷ്ടവേഷം ധരിച്ച് സൗദി നഗരത്തില്‍ എത്തിയിരുന്നു.നൂറ്റാണ്ടുകള്‍ പഴക്കമുള്ള നിരവധി കാലഹരണപ്പെട്ട നിയമങ്ങളാണ് സൗദിയിലെ സല്‍മാന്‍ രാജാവ് പൊളിച്ചെഴുതിയത്. പര്‍ദ നിയമം, സ്ത്രീകള്‍ക്ക് വാഹനം ഓടിക്കാനുള്ള അവകാശം എന്നിങ്ങനെയുള്ള സൗദി സ്ത്രീകളുടെ ഉന്നമനം ലക്ഷ്യംവച്ചുകൊണ്ടുള്ള പ്രവര്‍ത്തനങ്ങള്‍ക്ക് പുറമെ സൗദിയില്‍ സിനിമാ തിയറ്ററുകള്‍ക്കും രാജാവ് അനുമതി നല്‍കിയിരുന്നു.

Other News