വനിതകള്‍ക്ക് തൊഴില്‍ മേഖലയില്‍ അവസര സമത്വം ഉറപ്പ് വരുത്താന്‍ സൗദി


DECEMBER 8, 2019, 12:18 AM IST

ജിദ്ദ:സൗദി അറേബ്യയിൽ തൊഴില്‍ മേഖലയില്‍ വനിതകള്‍ക്ക് അവസര സമത്വം ഉറപ്പ് വരുത്താന്‍ മന്ത്രാലയം പദ്ധതികളാവിഷ്‌കരിക്കുന്നു. അവസര സമത്വം ഉറപ്പ് വരുത്തുന്ന ഏറ്റവും നല്ല പദ്ധതികള്‍ ആവിഷ്‌കരിക്കുന്നതിനും പ്രയോജനപ്പെടുത്തുന്നതിനും ലക്ഷ്യമിട്ട് മന്ത്രാലയം അഭിപ്രായ സര്‍വേക്കും രൂപം നല്‍കിയിട്ടുണ്ട്.

തൊഴില്‍ വിപണിയില്‍ വനിതകള്‍ക്ക് നേരിടേണ്ടി വരുന്ന വെല്ലുവിളികള്‍ ഇല്ലാതാക്കുന്നതിനും അവസര സമത്വം ഉറപ്പ് വരുത്തുന്നതിനും ലക്ഷ്യമിട്ടാണ് പദ്ധതി. തൊഴില്‍ സാമൂഹ്യ വികസന മന്ത്രാലയമാണ് പദ്ധതികളാവിഷ്‌കരിക്കുന്നത്. സാമൂഹിക പങ്കാളിത്തത്തോടെ ഇത്തരം വിഷയങ്ങളില്‍ പരിഹാരം കണ്ടെത്തുന്നതിനാണ് മന്ത്രാലയം ആഗ്രഹിക്കുന്നത്.

അവസര സമത്വം ഉറപ്പ് വരുത്തുന്ന ഏറ്റവും മികച്ച നയങ്ങള്‍ക്ക് രുപം നല്‍കുന്നതിന് മന്ത്രാലയത്തിന്റെ നേതൃത്വത്തില്‍ അഭിപ്രായ സര്‍വേയും സംഘടിപ്പിച്ചു വരുന്നുണ്ട്.തൊഴിലുമായി ബന്ധപ്പെട്ട് വനിതകള്‍ അഭിമുഖീകരിക്കുന്ന വിവിധ വിഷയങ്ങളിലുള്ള അഭിപ്രായങ്ങളുടെ ക്രോഡികരണമാണ് ഇത് വഴി ലക്ഷ്യമിടുന്നത്.

അനുയോജ്യമായ തൊഴില്‍ സാഹചര്യങ്ങളുടെ അഭാവം, കുടുംബത്തില്‍ നിന്നുള്ള പരിഗണന. സുദീര്‍ഘമായ തൊഴില്‍ സമയം, യോഗ്യതകള്‍ക്ക് നിരക്കുന്ന തൊഴിലവസരങ്ങളുടെ കുറവ്, യോഗ്യതക്ക് നിരക്കാത്ത വേതനം, തൊഴിലിടങ്ങളിലെ പ്രാഥമിക ആവശ്യങ്ങളുടെ പൂര്‍ത്തീകരണം, വിവേചനങ്ങള്‍ തുടങ്ങി വനിതകള്‍ നേരിടുന്ന നിരവധി പ്രശ്‌നങ്ങളെ അഭിമുഖീകരിക്കുന്നതാണ് മന്ത്രാലയ സര്‍വേ.

രാജ്യത്ത് വനിതകളുടെ ഉന്നമനം ലക്ഷ്യമാക്കി നിരവധി പദ്ധതികളാണ് ഇതിനകം നടപ്പിലാക്കി വരുന്നത്. തൊഴിലിടവുമായി ബന്ധപ്പെട്ട് നിരവധി ഇളവുകളും വനിതകള്‍ക്ക് പ്രത്യേകം ഏര്‍പ്പെടുത്തിയിട്ടുണ്ട്.

Other News