യുഎഇയില്‍ മത വിവേചനം കാണിച്ചാല്‍ കനത്ത ശിക്ഷ; അഞ്ച് വര്‍ഷം വരെ തടവും 10 ലക്ഷം രൂപ പിഴയും


JANUARY 7, 2020, 1:07 PM IST

അബുദാബി: മതപരമായ വിവേചനത്തിനും അവഹേളനത്തിനും കനത്ത ശിക്ഷയുമായി യുഎഇ. നേരിട്ടോ സോഷ്യല്‍മീഡിയ വഴിയോ മതത്തെയോ ആരാധനാലയങ്ങളെയോ അവഹേളിക്കുന്നവര്‍ക്ക് അഞ്ച് വര്‍ഷം വരെ തടവും 10 ലക്ഷം രൂപ വരെ പിഴയും ഈടാക്കുമെന്ന് അബുദാബി ജുഡീഷ്യല്‍ വകുപ്പ് വക്താവിനെ ഉദ്ധരിച്ച് ഗള്‍ഫ് ന്യൂസ് റിപ്പോര്‍ട്ട് ചെയ്യുന്നു.

'ആളുകളെ ജാതി, മതം, വര്‍ണ്ണം എന്നിവയുടെ അടിസ്ഥാനത്തില്‍ വേര്‍തിരിക്കുന്നതിനെതിരെ കര്‍ശന നടപടിയുണ്ടാകുമെന്ന് അബുദാബി ജുഡീഷ്യല്‍ ഡിപ്പാര്‍ട്ട്മെന്റിന്റെ സോഷ്യല്‍ റെസ്‌പോണ്‍സിബിലിറ്റി സ്പെഷ്യലിസ്റ്റ് അമീന അല്‍ മസ്രൂയി പറഞ്ഞു. കുറ്റക്കാരെ അഞ്ച് വര്‍ഷത്തേക്ക് ജയിലിലടയ്ക്കുകയും ഒരു ദശലക്ഷം ദിര്‍ഹം വരെ പിഴ ഈടാക്കുകയും ചെയ്യുമെന്ന് അവര്‍ ഗള്‍ഫ് ന്യൂസിനോട് പറഞ്ഞു.

'എല്ലാ മനുഷ്യരെയും ബഹുമാനിക്കുകയും അവര്‍ക്ക് ന്യായമായ സേവനങ്ങളും നീതിയും ഉറപ്പാക്കുകയുമാണ് യുഎഇയുടെ ലക്ഷ്യം. മതം, ദേശീയത, സംസ്‌കാരം എന്നിവ പരിഗണിക്കാതെ തന്നെ യുഎഇയില്‍ അവരെ തുല്യമായി കാണുന്നു'. എല്ലാവര്‍ക്കും തുല്യ നീതി ലഭിക്കുന്നുവെന്ന് ഉറപ്പാക്കുമെന്നും അമീന അല്‍ മസ്രൂയി പറഞ്ഞു.

ഏതെങ്കിലും മതത്തെയോ അതിന്റെ വിശ്വാസപ്രാമണങ്ങളെയോ കുറ്റപ്പെടുത്തുക, മതപരമായ ആചാരങ്ങളോ ചടങ്ങുകളോ അക്രമത്തിലൂടെ തടസപ്പെടുത്തുകയോ തടയുകയോ ചെയ്യുക, ഏതെങ്കിലും വിധത്തില്‍ വളച്ചൊടിക്കുക, ഏതെങ്കിലും വിശുദ്ധ ഗ്രന്ഥങ്ങള്‍, ആരാധനാലയങ്ങള്‍, തുടങ്ങിയവ നശിപ്പിക്കുകയോ ചെയ്യുന്ന കുറ്റങ്ങള്‍ക്കാണ് ശിക്ഷ കര്‍ക്കശമാക്കിയിരിക്കുന്നത്. സോഷ്യല്‍ മീഡിയ വഴി അവഹേളിക്കുന്നതും ഇതേ ശിക്ഷ ലഭിക്കുന്നതിന് കാരണമാകും.

വിവേചനവും വിദ്വേഷവും സംബന്ധിച്ച 2015 ലെ ഫെഡറല്‍ ലോ നമ്പര്‍ (2) അനുസരിച്ച്, ആര്‍ട്ടിക്കിള്‍ (4) പ്രകാരമാണ് മതപരമായ വിവേചന കുറ്റം കണ്ടെത്തിയാല്‍ 250,000 ദിര്‍ഹം മുതല്‍ ഒരു ദശലക്ഷം ദിര്‍ഹം വരെ പിഴയും അഞ്ച് വര്‍ഷം തടവും വിധിക്കുന്നത്.

പള്ളി, ക്ഷേത്രം, സിനഗോഗ്, പള്ളി, ഗുരുദ്വാര എന്നിങ്ങനെയുള്ള ഏതെങ്കിലും ആരാധനാലയം നശിപ്പിക്കുന്ന ഏതൊരാള്‍ക്കെതിരെയും നിയമപ്രകാരം കര്‍ക്കശ നടപടിയുണ്ടാകുമെന്ന് അല്‍ മസ്രൂയി പറഞ്ഞു.

Other News